മോണ്ടിവിഡിയൊ - അർജന്റീനയുടെയും ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ ചിലെയുടെയും ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ റൗണ്ട് ബെർത്ത് ഇപ്പോഴും ത്രിശങ്കുവിൽ. ഉറുഗ്വായ്‌യുമായി നടന്ന നിർണായക മത്സരത്തിൽ അർജന്റീന ഗോൾരഹിത സമനില പാലിച്ചപ്പോൾ പാരഗ്വായ്‌യോട് ചിലെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തകർന്നു. കൊളംബിയയും വെനിസ്വേലയും ഗോൾരഹിത സമനില പാലിച്ചു. പെറു 2-1 ന് ബൊളീവിയയെ തോൽപിച്ചു.
ട്രാൻസ്ഫർ തർക്കങ്ങളുടെ പുകിലുകളൊന്നും ബാധിക്കാതെ ഫിലിപ്പെ കൗടിഞ്ഞൊ ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ബ്രസീലിനെ വിജയത്തിലേക്കു നയിച്ചു. ഇക്വഡോറിനെ 2-0 ന് തകർത്ത ബ്രസീൽ മൂന്നു കളി ശേഷിക്കെ ലാറ്റിനമേരിക്കയിൽ ഒന്നാം സ്ഥാനമുറപ്പാക്കി. ലിവർപൂളിൽനിന്ന് ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്ഫർ ഞാണിന്മേലാണെങ്കിലും അതൊന്നും കൗടിഞ്ഞോയെ ബാധിച്ചില്ല. ഈ സീസണിൽ ലിവർപൂളിനു വേണ്ടി ഇതുവരെ കളിക്കാൻ സന്നദ്ധമാവാതിരുന്ന ഇരുപത്തഞ്ചുകാരൻ രണ്ടാം പകുതിയിൽ മനോഹരമായ പ്രകടനമാണ് കാഴ്ചവെച്ചത്. കൗടിഞ്ഞോക്ക് പരിക്കാണെന്നായിരുന്നു ലിവർപൂൾ വാദിച്ചത്. രണ്ടാം പകുതിയിൽ റെനാറ്റൊ അഗസ്റ്റോക്ക് പകരക്കാരനായാണ് കൗടിഞ്ഞൊ ഇറങ്ങിയത്. ആദ്യ പകുതി ഗോൾരഹിതമായതോടെ കാണികൾ ബഹളം വെക്കുകയായിരുന്നു. ഈ സീസണിൽ ബാഴ്‌സലോണയിൽ ചേർന്ന പൗളിഞ്ഞോയാണ് വില്യന്റെ കോർണറിൽനിന്ന് അറുപത്തൊമ്പതാം മിനിറ്റിൽ ആദ്യ ഗോളടിച്ചത്. ഗബ്രിയേൽ ജീസസുമായുള്ള നീക്കത്തിൽ നിന്നായിരുന്നു കൗടിഞ്ഞോയുടെ ഗോൾ. ഇക്വഡോർ പ്രതിരോധ നിരക്കു മുകളിലൂടെ ജീസസിന് പന്തെത്തിച്ച് കൗടിഞ്ഞോയാണ് നീക്കം തുടങ്ങിവെച്ചത്. മനോഹരമായ ഫ്‌ളിക്കോടെ പ്രതിരോധത്തെ കബളിപ്പിച്ച് ജീസസ് പന്ത് കൗടിഞ്ഞോയുടെ വഴിയിലേക്ക് ഹെഡ് ചെയ്തു. ശക്തമായ ഷോട്ടോടെ കൗടിഞ്ഞൊ പന്ത് വലയിലേക്ക് പറത്തി. യോഗ്യതാ റൗണ്ടിൽ ബ്രസീലിന്റെ തുടർച്ചയായ ഒമ്പതാം വിജയമാണ് ഇത്. രണ്ടാം സ്ഥാനക്കാരെക്കാൾ 11 പോയന്റ് മുന്നിലാണ് ബ്രസീൽ.
ബ്രസീലിനു പിന്നിൽ മൂന്നു സ്ഥാനങ്ങളിലെത്തി നേരിട്ട് യോഗ്യത നേടാനുള്ള പോരാട്ടം കനക്കുകയാണ്. കൊളംബിയ (25 പോയന്റ്), ഉറുഗ്വായ് (24), ചിലെ (23), അർജന്റീന (23) ടീമുകൾ ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. ഈ രാത്രിയിലെ ഏറ്റവും മികച്ച പ്രകടനത്തോടെ പാരഗ്വായ്‌യും (21) പെറുവും (21) സാധ്യത നിലനിർത്തി. അഞ്ചാം സ്ഥാനക്കാർക്ക് പ്ലേഓഫ് അവസരമുണ്ട്.
മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കാറാനുള്ള മോഹം തകർന്ന ചിലെയുടെ അലക്‌സിസ് സാഞ്ചസിന് നിരാശയുടെ മറ്റൊരു രാവായി പാരഗ്വായ്‌ക്കെതിരായ കളി. സ്വന്തം വലയിലേക്കുള്ള ആർതുറൊ വിദാലിന്റെ ഉജ്വലമായ ഹെഡറിലൂടെ ചിലെ ആദ്യ പകുതിയിൽ പിന്നിലായി. രണ്ടാം പകുതിയിൽ വിക്ടർ കസേരെസിന്റെയും റിച്ചാഡ് ഓർടിസിന്റെയും ഗോളുകളിൽ പാരഗ്വായ് വിജയം അരക്കിട്ടുറപ്പിച്ചു.
അർജന്റീനക്കും നിരാശയുടെ രാവായിരുന്നു. ആദ്യ പകുതിയിൽ മേധാവിത്തം പുലർത്തിയ അർജന്റീന രണ്ടാം പകുതിയിൽ കാറ്റൊഴിഞ്ഞ ബലൂണായി. ബാഴ്‌സലോണ താരങ്ങളായ ലിയണൽ മെസ്സിയും ലൂയിസ് സോറസും മുഖാമുഖം വന്നെങ്കിലും പരുക്കനടവുകൾ കളിയെ നിറംകെട്ടതാക്കി. ആദ്യ പകുതിയിൽ സോറസാണ് ഉറുഗ്വായ്‌യുടെ മികച്ച അവസരങ്ങളിലൊന്ന് സൃഷ്ടിച്ചെടുത്തത്. എഡിൻസൻ കവാനിയുടെ പാസ് പിടിച്ച് 40 വാര അകലെനിന്ന് സോറസ് ഉജ്വല ശ്രമം നടത്തി. സ്ഥാനം തെറ്റി നിന്ന ഗോളി സെർജിയൊ റോമിറോ പിന്നോട്ടേക്ക് കുതിക്കുന്നതിനിടെ തലനാരിഴക്ക് പന്ത് ക്രോസ്ബാറിൽനിന്ന് ഉയർന്നു.
പുതിയ കോച്ച് ജോർജെ സാംപോളിക്ക് കീഴിൽ അർജന്റീനയുടെ ആദ്യ കളിയായിരുന്നു ഇത്. രണ്ടാം പകുതിയിൽ ലിയണൽ മെസ്സിയുടെ ഫ്രീകിക്ക് ഉറുഗ്വായ്‌യുടെ അർജന്റീന വംശജനായ ഗോളി ഫെർണാണ്ടൊ മുസ്‌ലേര രക്ഷിച്ചു.