നാദാപുരം- ലോക്ഡൗൺ നിയമ ലംഘകരെയും വ്യാജവാറ്റുകാരെയും കണ്ടെത്താൻ പോലീസ് നടത്തിയ ഡ്രോൺ നിരീക്ഷണത്തിൽ കണ്ടത് ഒരു മല ഇല്ലാതായ ദൃശ്യം. അരൂരിൽ നാദാപുരം സി.ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് രണ്ടിടത്ത് ഡ്രോൺ പരിശോധന നടത്തിയത്. അതിൽ മലയാടപ്പൊയിൽ മലയോരം ഇല്ലാതായതാണ് വെളിപ്പെട്ടത്. ഇവിടെനിന്ന് കാലാകാലമായി വൻതോതിൽ അനധികൃത ചെങ്കൽ ഖനനം നടക്കുന്നുണ്ടെന്ന് നേരത്തേ വ്യക്തമായതാണ്. പക്ഷേ അതിന്റെ കാഠിന്യം ഇത്ര വലുതാണെന്ന് ഡ്രോൺ നിരീക്ഷണത്തിലാണ് വെളിപ്പെട്ടത്. ചന്ദന മരങ്ങളും ഔഷധ സസ്യങ്ങളും ഏറെ നിറഞ്ഞ മല ഇന്ന് പൂർണമായും കല്ലുവെട്ടു കുഴി മാത്രമായി. ഒരിക്കലും വറ്റാത്ത് അരുവി ഇന്ന് ഓർമ മാത്രം. ദൂരങ്ങളിൽനിന്ന് പോലും കിട്ടാക്കനികളായ ഔഷധ സസ്യങ്ങൾ ഇവിടെ സുലഭമായിരുന്നു. എന്നാലിന്നു പച്ചപ്പ് അന്യമായി.
ഇതിനോടു ചേർന്നു തന്നെയുള്ള മധുകുന്നിലും ചെങ്കൽ ഖനനം നടക്കുന്നു. ആരും ശ്രദ്ധിക്കാത്തതിനാൽ അനധികൃത വെട്ടിന് തടസ്സമൊന്നുമുണ്ടാകാറില്ല. മലയാടെപ്പൊയിലിനോട് ചേർന്നാണ് കരിങ്കൽ ഖനനം നടക്കുന്ന ക്വാറികളും. ഉത്തരവാദപ്പെട്ടവരുടെ മൗനസമ്മതത്തോടെയാണ് ഖനനം നടക്കുന്നത്. പരിസ്ഥിതി പ്രവർത്തകരൊക്കെ ഉണ്ടെങ്കിലും അവരുടെ പ്രവർത്തനത്തിനും രാഷ്ട്രീയ നിറമുണ്ടെന്നു നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
പടിഞ്ഞാറു ഭാഗത്തും വലിയ തോതിൽ ചെങ്കൽ ഖനനം നടക്കുന്നുണ്ട്. പൊതു ശ്മശാനത്തോടു ചേർന്ന് ഏറെക്കാലമായി ചെങ്കൽ ഖനനമുണ്ട്. അരൂരിൽ കിഴക്കും പടിഞ്ഞാറുമുള്ള മലകൾ അധികൃതരുടെ അറിവോടെ നിരന്നു കഴിഞ്ഞെന്നു ചുരുക്കം. 10 പൈസ സർക്കാർ ഖജനാവിലെത്താതെയാണ് എല്ലാ ഖനനവും.