റിയാദ് - ഒപെക് പ്ലസ് കരാറിൽ നിന്ന് സൗദി അറേബ്യ പിൻവാങ്ങിയത് എണ്ണ വില കുറയാൻ ഇടയാക്കിയ കാരണങ്ങളിൽ ഒന്നാണെന്നും ഷെയിൽ ഓയിൽ ഉൽപാദകരെ നിഷ്‌കാസനം ചെയ്യാനാണ് സൗദി അറേബ്യയുടെ പദ്ധതിയെന്നുമുള്ള റഷ്യൻ പ്രസിഡന്റ് വഌഡ്മിർ പുട്ടിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. കരാറിൽ നിന്ന് സൗദി അറേബ്യയാണ് പിൻവാങ്ങിയത് എന്ന വാദം ശരിയല്ല. റഷ്യയാണ് കരാറിൽ നിന്ന് പുറത്തുപോയത്. ഉൽപാദനം കൂടുതൽ വെട്ടിക്കുറക്കുന്നതിനും ഉൽപാദനം കുറക്കുന്നതിന് നേരത്തെയുണ്ടാക്കിയ കരാർ ദീർഘിപ്പിക്കുന്നതിനും റഷ്യയെ സമ്മതിപ്പിക്കുന്നതിന് സൗദി അറേബ്യയും മറ്റു 22 രാജ്യങ്ങളും ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ റഷ്യ ഇതിന് സമ്മതിച്ചില്ല.
ഷെയിൽ ഓയിൽ ഉൽപാദനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുടെ നയം സുവ്യക്തവും എല്ലാവർക്കും അറിയാവുന്നതുമാണ്. ഊർജ സ്രോതസ്സുകളുടെ പ്രധാന ഭാഗമാണ് ഷെയിൽ ഓയിൽ എന്നതാണ് സൗദി അറേബ്യയുടെ നിലപാട്. അമേരിക്കയിൽ ഊർജ മേഖലയിലെ പ്രധാന നിക്ഷേപകരാണ് സൗദി അറേബ്യ. റഷ്യ വാദിക്കുന്നതു പോലെ ഷെയിൽ ഓയിൽ ഉൽപാദകരെ നിഷ്‌കാസനം ചെയ്യാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല.
ഉൽപാദനം കൂടുതൽ വെട്ടിക്കുറക്കുന്നതിനും വിപണിയിൽ സ്ഥിരതയുണ്ടാക്കുന്നതിനും സൗദി അറേബ്യ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത് ഷെയിൽ ഓയിൽ ഉൽപാദകർക്കും ഗുണകരമാണ്. എന്നാൽ ഇതിന് വിരുദ്ധമാണ് റഷ്യയുടെ നിലപാട്. ഷെയിൽ ഓയിൽ മേഖലയെ പ്രതികൂലമായി ബാധിക്കുന്നതിന് എണ്ണ വില കുറഞ്ഞുനിൽക്കണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നത്. ഇക്കാര്യം റഷ്യ വ്യക്തമാക്കിയിട്ടുമുണ്ട്.
ഈ പശ്ചാത്തലത്തിൽ റഷ്യ യാഥാർഥ്യങ്ങൾ വളച്ചൊടിക്കുന്നത് ആശ്ചര്യകരമാണ്. പ്രതിസന്ധി വിശകലനം ചെയ്യുന്നതിനും ആഗോള എണ്ണ വിപണിയിൽ സന്തുലനമുണ്ടാക്കുന്ന നീതിയുക്തമായ കരാറുണ്ടാക്കുന്നതിനും ഒപെക് പ്ലസ് ഗ്രൂപ്പ് രാജ്യങ്ങളും മറ്റു ഉൽപാദക രാജ്യങ്ങളും അടിയന്തര യോഗം ചേരണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ യോഗത്തിൽ റഷ്യ ശരിയായ തീരുമാനങ്ങൾ സ്വീകരിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും വിദേശ മന്ത്രി പറഞ്ഞു.