മക്ക - മക്കയിലെ പാവപ്പെട്ട കുടുംബങ്ങൾക്കിടയിൽ ഹറംകാര്യ വകുപ്പ് സൗജന്യമായി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നു. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഫലമായ പ്രത്യാഘാതങ്ങളിൽ നിന്നും ഭാരങ്ങളിൽ നിന്നും ആശ്വാസം നൽകുന്നതിന് കർഫ്യൂ നിലവിലുള്ള കാലത്താണ് ഹറംകാര്യ വകുപ്പ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത്. മക്കയിൽ 24 മണിക്കൂർ കർഫ്യൂ നടപ്പാക്കിയിട്ടുണ്ട്.
മക്കയിലെ പാവങ്ങൾക്കും ദരിദ്രർക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഇതിന് അനുസൃതമായി കൂടിയാണ് ഹറംകാര്യ വകുപ്പ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത്. ഹജ് സ്ട്രീറ്റ്, വാദി ജലീൽ, രീഅ് ദാഖിർ, ജബൽ അൽസയ്യിദ എന്നീ ഡിസ്ട്രിക്ടുകളിലാണ് ആദ്യ ഗഡു ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തതെന്ന് ഹറംകാര്യ വകുപ്പിനു കീഴിലെ സന്നദ്ധസേവന ഏകോപന വിഭാഗം മേധാവി ഖാലിദ് അൽശലവി പറഞ്ഞു. കർഫ്യൂ നിലവിലുള്ള കാലത്ത് ദിവസേനയെന്നോണം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുമെന്നും മറ്റു സന്നദ്ധസേവന പദ്ധതികൾ നടപ്പാക്കുമെന്നും ഖാലിദ് അൽശലവി പറഞ്ഞു.