Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിരോധം: സംസ്ഥാന സർക്കാരിന്  ലോക്‌സഭാ സ്പീക്കറുടെ അഭിനന്ദനം 

മലപ്പുറം- കോവിഡ് 19 വൈറസ് വ്യാപനം ചെറുക്കുന്നതിനു സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾക്ക് ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ അഭിനന്ദനം. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഫോണിൽ ബന്ധപ്പെട്ടാണ് ഓം ബിർള അഭിനന്ദനം അറിയിച്ചത്. കേരളം സ്വീകരിച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. തന്റെ അഭിനന്ദനങ്ങൾ സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രത്യേകം അറിയിക്കണമെന്നും ലോക്സഭാ സ്പീക്കർ പറഞ്ഞതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. 
ലോകത്താകെ 206 രാജ്യങ്ങളിൽ പടർന്നുപിടിച്ച കോവിഡ് ബാധ ആഗോളതലത്തിൽ വെല്ലുവിളിയാവുമ്പോൾ കേരളത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ലോകവ്യാപകമായി ചർച്ചയാകുന്നതിനിടയിലാണ് ലോക്സഭാ സ്പീക്കറും സംസ്ഥാന സർക്കാരിനെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. വികസിത രാജ്യങ്ങളിൽ പോലും വൈറസ് വ്യാപനം ചെറുക്കാൻ കഴിയാത്ത സാഹചര്യത്തിൽ രോഗം ബാധിച്ചു മരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. സംസ്ഥാനത്ത് ആദ്യ കോവിഡ് ബാധ ജനുവരി 30നാണ് റിപ്പോർട്ട് ചെയ്തത്. 
ഇതിനുശേഷം ജനകീയാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. രോഗ വ്യാപനം തടയുക, വൈറസ് ബാധിച്ചവരെ ചികിത്സിച്ചു ഭേദമാക്കുക, പുതിയ വ്യാപന സാധ്യതകൾ ഇല്ലാതാക്കുക എന്ന നയമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് ഇപ്പോൾ ലോക്സഭാ സ്പീക്കറും സംസ്ഥാനത്തെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെയും അഭിനന്ദിച്ചിരിക്കുന്നത്.

Latest News