അബുദാബി- യു.എ.ഇയില്‍ 241 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1,505 ആയി. യു.എ.ഇയില്‍ ഒരു കൊറോണ മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊറോണ മരണം പത്തായി ഉയര്‍ന്നു. 53 വയസ് പ്രായമുള്ള അറബ് വംശജനാണ് മരണപ്പെട്ടത്. വെള്ളിയാഴ്ചയും യു.എ.ഇയില്‍ ഒരു കൊറോണ രോഗി മരണപ്പെട്ടിരുന്നു. 51 വയസ് പ്രായമുള്ള ഏഷ്യന്‍ വംശജനാണ് വെള്ളിയാഴ്ച മരിച്ചത്. വെള്ളിയാഴ്ച യു.എ.ഇയില്‍ 240 പുതിയ കൊറോണ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് പുതുതായി 17 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 125 ആയി.
ഖത്തറിലും വെള്ളിയാഴ്ച 126 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഖത്തറില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 21 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഖത്തറില്‍ വെള്ളിയാഴ്ച രാത്രി വരെ മൂന്നു കൊറോണ മരണങ്ങളാണ് സ്ഥിരീകരിച്ചത്.
ഒമാനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 25 പേര്‍ക്കു കൂടി കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ ഒമാനില്‍ കൊറോണ ബാധിതരുടെ എണ്ണം 277 ആയി. രാജ്യത്ത് ഇതുവരെ 61 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഒമാനില്‍ ഒരു കൊറോണ മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
കുവൈത്തില്‍ പുതുതായി 62 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈത്തില്‍ ഇന്നലെ ഇന്ത്യക്കാരന്‍ കൊറോണ ബാധിച്ച് മരണപ്പെട്ടു. കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊറോണ മരണമാണിത്. കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 479 ആയി ഉയര്‍ന്നിട്ടുണ്ട്. കുവൈത്തില്‍ 11 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് മുക്തരായവരുടെ എണ്ണം 93 ആയി ഉയര്‍ന്നു.
ബഹ്‌റൈനില്‍ പുതുതായി 16 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 688 ആയി. രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ 11 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. ഇതോടെ ബഹ്‌റൈന്‍ കൊറോണ വൈറസ് മുക്തരായവരുടെ എണ്ണം 399 ആയി ഉയര്‍ന്നതായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനില്‍ ഇതുവരെ നാലു കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.