Sorry, you need to enable JavaScript to visit this website.

ലോക്ഡൗണിനിടെ കാമുകനെ കാണാന്‍ 44 കിലോമീറ്റര്‍ നടന്ന് കാമുകിയെത്തി

മഞ്ചേരി- കോവിഡ് കാലത്ത് കാമുകനെ കാണാതെ ആധിയിലായ പെണ്‍കുട്ടി 44 കിലോമീറ്റര്‍ നടന്ന് കാമുകന്റെ വീട്ടിലെത്തി. പെണ്‍കുട്ടിയെ കണ്ട യുവാവിന്റെ വീട്ടുകാര്‍ ഞെട്ടി. പ്രശ്്‌നം പോലീസ് സ്‌റ്റേഷനിലെത്തി. ഒന്നിച്ചു ജീവിക്കാനാണ് ആഗ്രഹമെന്ന് ഇരുവരും അറിയിച്ചതോടെ അടുത്ത വര്‍ഷം വിവാഹം നടത്താമെന്ന ഉറപ്പോടെ ഇരുവരും സ്വന്തം വീടുകളിലേക്ക് മടങ്ങി.
മഞ്ചേരി സ്വദേശിനിയായ 18 കാരി നിലമ്പൂര്‍ വഴിക്കടവ് സ്വദേശിയായ 20 കാരനെ ഫേസ്ബുക്കിലൂടെയാണ് നേരത്തെ പരിചയപ്പെട്ടത്. ഇരുവരും ഇടക്കിടെ കാണാറുണ്ടായിരുന്നു. കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ കാമുകനെ കാണാന്‍ പറ്റാതിരുന്നതോടെയാണ് പെണ്‍കുട്ടി നേരെ വഴിക്കടവിലെത്തിയത്. മഞ്ചേരിയില്‍ നിന്ന് നടന്നായിരുന്നു യാത്ര. വഴിയില്‍ പോലീസ് പലയിടത്തും തടഞ്ഞെങ്കിലും കടയില്‍ പോകുകയാണെന്നും മരുന്നു വാങ്ങാനുണ്ടെന്നും മറ്റും പറഞ്ഞ് അവിടെ നിന്നെല്ലാം രക്ഷപ്പെട്ടു.
44 കിലോമീറ്റര്‍ നടന്ന് വഴിക്കടവിനെത്തിയ പെണ്‍കുട്ടി നേരെ യുവാവിന്റെ വീട്ടിലെത്തി. യുവതിയെ കണ്ടപ്പോള്‍ കാമുകനും വീട്ടുകാരും ഞെട്ടി. വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് പ്രണയ വിവരം പുറത്തറിഞ്ഞത്. വിവാഹത്തെക്കുറിച്ച് തന്റെ വീട്ടില്‍ പറഞ്ഞാല്‍ സമ്മതിക്കാത്തതു കൊണ്ടാണ് ഒളിച്ചു വന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. കാമുകന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ ശകാരിച്ചും അനുനയിപ്പിച്ചും തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി പോകാന്‍ തയാറായില്ല. ഇതിനിടെ പെണ്‍കുട്ടിയെ കാണാതായതോടെ മഞ്ചേരിയിലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുമായി കാമുകന്റെ വീട്ടുകാരുമായും ഫോണില്‍ ബന്ധപ്പെട്ട് മഞ്ചേരി സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി കാമുകീ കാമുകന്‍മാര്‍ പോലീസില്‍ പറഞ്ഞു. വീട്ടുകാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം, യുവാവിന് അടുത്ത വര്‍ഷം 21 വയസ് തികഞ്ഞാല്‍ വിവാഹം നടത്തി കൊടുക്കാമെന്ന ഉറപ്പോടെയാണ് ഇരുവരെയും തിരിച്ചയച്ചത്.

 

 

Latest News