താനൂർ-ആരാധനാലയങ്ങൾക്കു നേരെ അക്രമവും മോഷണവും നടത്തിയ സംഭവത്തിൽ താനൂർ പോലീസ് ഒരാളെ അറസ്റ്റു ചെയ്തു. തലക്കടത്തൂർ ചെറിയമുണ്ടം സ്വദേശി കരുമരക്കാട്ടിൽ അഹമ്മദ് കുട്ടി (49) യാണ് അറസ്റ്റിലായത്. താനൂർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് പി. പ്രമോദും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യം മുതലെടുത്ത് മന:പൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് അർധരാത്രിയിൽ അരീക്കാട് തലക്കടത്തൂർ, ഭാഗങ്ങളിൽ മസ്ജിദുകൾക്കും ക്ഷേത്രത്തിനും നേരേയുണ്ടായ അക്രമവും ഇതേത്തുടർന്നുണ്ടായ മോഷണവുമെന്നു പോലീസ് പറഞ്ഞു. കൂടാതെ തലപ്പറമ്പ് റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ഓമനൂർ ശുഹദാക്കളുടെ നേർച്ചപ്പെട്ടി
കവരുകയും ചെയ്തു. ഏപ്രിൽ ഒന്നിനു അരീക്കാട് മസ്ജിദുൽ തഖ്വവ പള്ളിയിലെ മൈക്ക്, തലക്കടത്തൂർ വിഷ്ണു അയ്യപ്പക്ഷേത്രത്തിലെ ദീപസ്തംഭം തകർത്ത സംഭവങ്ങളിൽ തിരൂർ, താനൂർ പോലീസ് സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നു ഏപ്രിൽ രണ്ടിനു പുലർച്ചെ അരീക്കാട് ജുമാ മസ്ജിദിനകത്തുള്ള മിഹറാബും മിമ്പറും തീവച്ച് നശിപ്പിച്ചു. സംഭവത്തിൽ എട്ടു ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. ചെമ്പ്ര ധർമശാസ്താ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നു 1980 രൂപ മോഷ്ടിച്ചതായും ഓമനൂർ ശുഹദാക്കളുടെ നേർച്ച പെട്ടിയിൽ നിന്നു 1180 രൂപ മോഷ്ടിച്ചതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു. മോഷണം പോയ മൈക്കുകൾ, ഭണ്ഡാരം പൊളിച്ചതിലെ 3160 രൂപയും, ചുറ്റിക തുടങ്ങിയവ പ്രതിയിൽ നിന്നു കണ്ടെടുത്തു. മസ്ജിദ് കത്തിച്ചതിനു ശേഷം വീട്ടിൽ പോയ അഹമ്മദ്കുട്ടി പോലീസ് എത്തിയപ്പോൾ തിരകെയെത്തി ഉടൻ ഈ കേസ് തെളിയിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. താനൂരിൽ നാലും തിരൂരിൽ രണ്ടും കേസുകളാണ് ഇയാളുടെ പേരിൽ നിലവിലുള്ളത്. ഇൻസ്‌പെക്ടർ പി. പ്രമോദിനെ കൂടാതെ എസ്‌ഐമാരായ നവീൻ ഷാജ്, രാജേഷ്, വിജയൻ, വാരിജാക്ഷൻ, എഎസ്‌ഐ.നവീൻ, സിപിഒമാരായ സലേഷ്, വിമോഷ്, ഷിബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു, പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.