-ആഴ്‌സനലിന് കനത്ത നഷ്ടം,
സാഞ്ചസ്, ഓക്‌സാൽഡ് വിട്ടു
ലണ്ടൻ - ഫുട്‌ബോൾ ട്രാൻസ്ഫർ സീസണിന്റെ അവസാന ദിനത്തിൽ ആഴ്‌സനലിന് കനത്ത നഷ്ടം. അലക്‌സിസ് സാഞ്ചസ് മാഞ്ചസ്റ്റർ സിറ്റിയിലേക്കും ഓക്‌സാൽഡ് ചെയ്മ്പർലെയ്ൻ ലിവർപൂളിലേക്കും ചേക്കേറി. ലിവർപൂളിന്റെ ബ്രസീലിയൻ താരം ഫിലിപ്പെ കൗടിഞ്ഞോയുമായി ബാഴ്‌സലോണ 13.8 കോടി പൗണ്ടിന്റെ കരാർ സമ്മതിച്ചു. ഇംഗ്ലിഷ്, സ്പാനിഷ് ലീഗ് ട്രാൻസ്ഫർ റെക്കോർഡാണ് ഇത്. ബാഴ്‌സലോണയിൽനിന്ന് പി.എസ്.ജിയിലെത്തിയ നെയ്മാറിന് മാത്രമേ കൂടുതൽ തുക കിട്ടിയിട്ടുള്ളൂ.
അവസാന നിമിഷത്തെ കടമ്പകൾ കടന്ന് കീലിയൻ എംബാപ്പെ പി.എസ്.ജിയിൽ ചേർന്നു. ഈ വർഷം നെയ്മാറിനായി വൻ തുക മുടക്കിയതിനാൽ എംബാപ്പെയെ കടമായി മോണകോയിൽനിന്ന് സ്വന്തമാക്കാനും അടുത്ത വർഷം പൂർണ കൈമാറ്റം നടത്താനുമായിരുന്നു പദ്ധതി.
എന്നാൽ അടുത്ത വർഷം പൂർണമായി കൈമാറുമെന്ന് കരാറിലുണ്ടായാൽ തന്നെ ഈ വർഷത്തെ കൈമാറ്റമായി യുവേഫ കണക്കാക്കുകയും പി.എസ്.ജിക്കെതിരെ നടപടി വരികയും ചെയ്യും. അടുത്ത വർഷം വാങ്ങുമെന്ന നിബന്ധന കരാറിൽനിന്ന് നീക്കം ചെയ്ത ശേഷമാണ് പി.എസ്.ജി കൈമാറ്റത്തിന് സമ്മതിച്ചത്. പി.എസ്.ജിയിലേക്കുള്ള ട്രാൻസ്ഫറിന്റെ മുന്നോടിയായുള്ള വൈദ്യ പരിശോധന വരെ പൂർത്തിയാക്കിയ ശേഷമായിരുന്നു പ്രതിസന്ധി ഉടലെടുത്തത്.
ഇംഗ്ലണ്ടിന്റെ ഇന്റർനാഷനൽ മിഡ്ഫീൽഡർ ഓക്‌സാൽഡ് 3.5 കോടി പൗണ്ടിനാണ് ലിവർപൂളിലേക്ക് മാറുന്നത്. ലെയ്പ്‌സിഷിൽനിന്ന് ക്ലബ് റെക്കോർഡ് തുകക്ക് നബി കീത്തയെ ലിവർപൂൾ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.