തൊടുപുഴ- തബ്‌ലീഗ് സമ്മേളനത്തിന് ശേഷം നാട്ടിലെത്തി ഏകാന്തവാസത്തിലിരിക്കെ കുമ്പങ്കല്ല് സ്വദേശി പുറത്തിറങ്ങിയത് അധികൃതർക്ക് തലവേദനയായി. 23 ന് പുലർച്ചെ തീവണ്ടിയിൽ ആലുവയിലെത്തിയ ഈ 58 കാരൻ കെ.എസ്.ആർ.ടി.സിയിൽ മുവാറ്റുപുഴ വരെയും അവിടെ നിന്ന് സ്വകാര്യ ബസിൽ തൊടുപുഴയിലുമെത്തി. വിവരമറിഞ്ഞ മുനിസിപ്പൽ കൗൺസിലർ സബീന ബിഞ്ജു അറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പും പോലീസും ഇദ്ദേഹത്തോട് വീട്ടിൽ കഴിയാനും പരസമ്പർക്കം ഉണ്ടാകരുതെന്നും നിർദേശിച്ചു. 28 വരെ വീട്ടിൽ കഴിഞ്ഞ ഇദ്ദേഹത്തെ ചിലർ സന്ദർശിച്ചതായി പറയുന്നു. 29 ന് സുഹൃത്തിനൊപ്പം ജില്ലാ ആശുപത്രയിൽ സ്വകാര്യ വാഹനത്തിലെത്തി പരിശോധന നടത്തി. ഉച്ചക്ക് 12.30 ന് കുമ്പങ്കല്ല് മലേപ്പറമ്പിലെ മസ്ജിദിൽ എത്തി. 31 ന് സ്രവം പരിശോധനക്ക് എടുത്തു. അന്നു തന്നെ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു.
40 ഓളം പേർക്ക് ഇദ്ദേഹവുമായി സമ്പർക്കമുണ്ടായതായി പറയുന്നു. ഇവരിൽ കണ്ടെത്തിയവരോട് പരിശോധനക്ക് വിധേയമാകാൻ അധികൃതർ നിർദേശിച്ചെങ്കിലും പലരും വിസമ്മതിച്ചു. ജില്ലാ കലക്ടറുടെ അഭ്യർഥന പ്രകാരം മത-സാമൂഹ്യ നേതാക്കൾ ഇടപെട്ടതോടെയാണ് ഇവർ വഴങ്ങിയത്. കുമ്പങ്കല്ല് മേഖല അടങ്ങുന്ന നാല് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ അധികൃതർ ആലോചിച്ചെങ്കിലും പിന്നീട് വേണ്ടെന്നു വെച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചതായി വാട്‌സ്ആപ്പ് സന്ദേശം പ്രചരിച്ചെങ്കിലും ജില്ലാ ഭരണകൂടം ഇത് നിഷേധിച്ച് പത്രക്കുറിപ്പ് ഇറക്കി. കുമ്പങ്കല്ലിൽ പോലീസ് നിരീക്ഷണം ശക്തമാക്കി.