Sorry, you need to enable JavaScript to visit this website.

അരി ലഭിച്ചില്ല; കൊട്ടിയാഘോഷിച്ചു നടത്തിയ സൗജന്യ റേഷൻ നിലച്ചു

ചാവക്കാട്- ചാവക്കാട് താലൂക്കിൽ പല സ്ഥലത്തും റേഷൻ വിതരണം നിലച്ചു. കൊട്ടിയാഘോഷിച്ചു നടത്തിയ സൗജന്യ റേഷൻ നിലച്ചതോടെ നിരവധിയാളുകൾ റേഷൻ ലഭിക്കാതെ ഇന്നലെ മടങ്ങിപ്പോകേണ്ടി വന്നു. സൗജന്യമായി നൽകാൻ ആവശ്യമായ റേഷനരി കടകളിൽ എത്തിക്കാൻ കഴിയാത്തതിനാലാണ് റേഷൻ തടസ്സപ്പെട്ടത്. ആവശ്യമായ അരി ഗോഡൗണുകളിൽ സ്‌റ്റോക്കുള്ളതായി മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും നിരന്തരം പ്രസ്താവനകൾ ഇറക്കിയിട്ടും സാധാരണക്കാരായ ആളുകളെ പുറത്തിറങ്ങാൻ അനുവാദമില്ലാത്ത സമയങ്ങളിൽ റേഷൻ കടകളിൽ എത്തി മടങ്ങേണ്ട അവസ്ഥയാണുള്ളത്. 
ഏപ്രിൽ രണ്ടിന് ആരംഭിച്ച സൗജന്യ റേഷൻ വിതരണമാണ് ഒരു ദിവസം പിന്നിട്ടപ്പോൾ തന്നെ നിലച്ചു പോയത്. റേഷൻ അരി നിലച്ച വിവരം അറിഞ്ഞു കൊണ്ടാവാം ഏപ്രിൽ 20 വരെ പ്രഖ്യാപിച്ചിരുന്ന സൗജന്യ റേഷൻ ഏപ്രിൽ 30 വരെ നീട്ടാൻ സർക്കാർ തയാറായത്. സ്ഥിരമായി കാർഡ് ഉടമകൾക്ക് നൽകിയിരുന്ന അരി വിഹിതം ഈ മാസം സൗജന്യമാക്കിയെന്നല്ലാതെ മറ്റു വിശേഷങ്ങളൊന്നും ഈ റേഷൻ വിതരണത്തിൽ കാണുന്നില്ല. അതേസമയം നീല, വെള്ള കാർഡുകൾക്ക് 15 കിലോ അരി അനുവദിച്ചു എന്ന് മാത്രം. ഇത് പാവപ്പെട്ടവന് ഗുണം ചെയ്തിട്ടില്ല. രണ്ടു പേരുള്ള ബി.പി.എൽ കാർഡിന് എട്ട് കിലോ അരിയും 2 കിലോ ഗോതമ്പുമാണ് ലഭിക്കുക. അതേസമയം രണ്ടു പേരുള്ള എ.പി.എൽ കാർഡിന് 15 കിലോ അരിയാണ് ലഭിക്കുന്നത്. ഇതിൽ പാവപ്പെട്ട ബി.പി.എൽ ഗുണഭോക്താവിന് എന്ത് ലാഭമാണുള്ളതെന്നാണ് ഇവർ ചിന്തിക്കുന്നത്. 

Latest News