തിരുവനന്തപുരം- കേരളം അതിര്‍ത്തി മണ്ണിട്ട് അടച്ചെന്ന വാര്‍ത്ത വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ കേരളത്തിന്റെ അതിര്‍ത്തികള്‍ അടച്ചെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. അവര്‍ നമ്മുടെ സഹോദരങ്ങളാണ്, അങ്ങനെയൊരു ചിന്ത പോലും സംസ്ഥാനത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഇന്ന് യാത്രയ്ക്ക് തടസ്സങ്ങളുണ്ട്. പ്രധാനമന്ത്രി വ്യക്തമാക്കിയ നിബന്ധനകള്‍ നമ്മള്‍ പാലിക്കണം. എന്നാല്‍ റോഡ് തടസം, മണ്ണിട്ട് നികത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ കേരളം ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന വ്യാജപ്രചാരണമുണ്ട്. അതും തീരുമാനിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഔദ്യോഗികമായി അറിയിക്കും. ജനങ്ങള്‍ ആരും വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.