നെടുമ്പാശ്ശേരി-മേയ്ക്കാട് ജുമാമസ്ജിദിന് നേരെ അര്‍ധരാത്രി കല്ലേറ്. സംഭവത്തില്‍ പള്ളിയുടെ വടക്കുവശത്തെ ജനല്‍പാളിയുടെ ചില്ലുകള്‍ തകര്‍ന്ന് പള്ളിക്കകത്ത് വീണു. ഈ സമയം പള്ളിയില്‍ ആരുമുണ്ടായിരുന്നില്ല. റോഡരികിലെ പള്ളിവളപ്പില്‍ സൂക്ഷിച്ചിരുന്ന ടൈലുകളെ കഷണമുപയോഗിച്ചാണ് ആക്രമണം നടത്തിയത്. 60 കുടുംബങ്ങള്‍ മാത്രമാണ് മഹല്ലില്‍ അംഗങ്ങളായുള്ളത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ മസ്ജിദ് അടച്ചിടുകയും പൊതുപ്രാര്‍ഥന നിര്‍ത്തിവെച്ചിരിക്കുകയാണ്.
മസ്ജിദ് പരിപാലന കമ്മിറ്റി പ്രസിഡന്‍റ് അലിയാരും സമീപത്ത് താമസിക്കുന്ന കുഞ്ഞുമുഹമ്മദും ചേര്‍ന്നാണ് ബാങ്ക് വിളിയും നമസ്കാരവും നിലനിര്‍ത്തി പോന്നിരുന്നത്.
പുലര്‍ച്ചെ ബാങ്ക് വിളിക്കാനത്തെിയപ്പോള്‍ അലിയാരാണ് പള്ളിക്ക് നേരെ കല്ളേറ് നടന്നത് കണ്ടത്തെിയത്. കല്ലുകളുടേയും ചില്ലുകളുടേയും ചീളുകളും പൊടികളും പള്ളിക്കകത്ത് വീണ നിലയിലായിരുന്നു. ചെങ്ങമനാട് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടർന്ന് എസ്.ഐ ആര്‍.രഗീഷ്കുമാറിന്‍റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തത്തെി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ മഹല്ല് പ്രസിഡന്‍റ് എം.കെ അലിയാര്‍, സി.എസ് ബാവക്കുഞ്ഞ് എന്നിവര്‍ പ്രതിഷേധിച്ചു. പ്രദേശത്തെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ചില ക്ഷുദ്ര ശക്തികള്‍ നടത്തിയ ആക്രമണമാണ് പള്ളിക്ക് നേരെയുണ്ടായതെന്ന് ഇരുവരും കുറ്റപ്പെടുത്തി. മേയ്ക്കാട് ആനപ്പാറ പള്ളിയുടെ കുരിശ് തൊട്ടക്ക് നേരെ ഏതാനും നാളുകള്‍ മുമ്പ് ആക്രമണം നടന്നിരുന്നു.