കുവൈത്ത് സിറ്റി- നിയമ വിരുദ്ധമായും വിസ നിയമം ലംഘിച്ചും കുവൈത്തില്‍ താമസിക്കുന്നവര്‍ക്ക് ശിക്ഷാ നടപടി കൂടാതെ രാജ്യം വിടാനുള്ള പൊതുമാപ്പിന് തുടക്കമായി.
ഒരുമാസം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് കാലത്ത് അനധികൃത താമസക്കാര്‍ക്ക് പിഴയടക്കാതെ രാജ്യം വിടാം. മറ്റു കാരണങ്ങളാല്‍ യാത്രാവിലക്ക് ഇല്ലാത്തവര്‍ക്ക് പുതിയ വിസയില്‍ കുവൈത്തില്‍ പ്രവേശിക്കാനും സാധിക്കും. ഇത്തവണ പൊതുമാപ്പിന് പതിവു രീതികള്‍ വിട്ടുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്.
കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഫര്‍വാനിയയിലെ രണ്ട് വിദ്യാലയങ്ങളിലാണ് അനധികൃത താമസക്കാര്‍ എത്തേണ്ടത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത വിദ്യാലയങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ രാജ്യക്കാര്‍ക്കും വിവിധ തീയതികള്‍ നല്‍കിയിട്ടുണ്ട്. പൊതുമാപ്പ് ആരംഭിച്ച ഇന്നലെ മുതല്‍ ഞായറാഴ്ചവരെ ഫിലിപ്പീന്‍സുകാരുടെ ഊഴമാണ്. ഇന്ത്യയില്‍നിന്നുള്ളവര്‍ 11 മുതല്‍ 15 വരെ തീയതികളിലാണ് എത്തേണ്ടത്.