റിയാദ്- ആലപ്പുഴ കായംകുളം പത്തിയൂർകാല സ്വദേശി അരിവണ്ണൂർ വീട്ടിൽ രാമകൃഷ്ണപിള്ള മധുസൂദനൻ പിള്ള (66) റിയാദില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സൗദി ഫുഡ് കാറ്ററിങ് കമ്പനിയുടെ കീഴിൽ എട്ട് വർഷമായി റിയാദ് ന്യൂ സനാഇയിലെ ലാസുർഡി ഗോൾഡ് കമ്പനിയിൽ കാറ്ററിങ് സൂപർവൈസറായി ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചക്ക് ശാരീരിക അസ്വസ്ഥത തോന്നി ഡോക്ടറെ കണ്ട് തിരിച്ച് റൂമില്‍ വന്നിരുന്നു. വൈകീട്ട് നെഞ്ച് വേദന അനുഭവപ്പെടുകയും ഉടന്‍ ആശുപത്രിയിലെത്തി മണിക്കൂറുകൾക്കുള്ളിൽ മരിക്കുകയുമായിരുന്നു.
ഭാര്യ: രാജലക്ഷ്മി പിളള (റിട്ട. അധ്യാപിക). ഏക മകൻ ഹരികൃഷ്ണൻ ദുബായിലാണ്. മൃതദേഹം ദുബായ് വഴി കാർഗോ വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമവുമായി സൗദി കാറ്ററിങ് കമ്പനി ഉദ്യോഗസ്ഥരും ലാസുർഡി ഗോൾഡ് കമ്പനി തൊഴിലാളിയും കേളി ന്യൂസനാഇയ യൂനിറ്റ് പ്രവർത്തകനുമായ രാജേഷും രംഗത്തുണ്ട്.