മിന - ലോകത്തെ ഏറ്റവും വലിയ നടപ്പാത മക്ക നഗരസഭ പുണ്യസ്ഥലങ്ങളിൽ പൂർത്തിയാക്കി. ഈ വർഷത്തെ ഹജിന് മക്ക നഗരസഭ പുണ്യസ്ഥലങ്ങളിൽ പൂർത്തിയാക്കിയ ഏറ്റവും പ്രധാന പദ്ധതിയാണിത്. അറഫയിലെ ജബലുറഹ്മയിൽ നിന്ന് മുസ്ദലിഫ വഴി മിനായിലേക്കുള്ള നടപ്പാതക്ക് ആകെ 25 കിലോമീറ്റർ നീളമുണ്ട്. ഏറ്റവും മികച്ച സാങ്കേതിക, എൻജിനീയറിംഗ് മാനദണ്ഡങ്ങളോടെയാണ് നടപ്പാത നിർമിച്ചതെന്ന് മക്ക നഗരസഭയിലെ റോഡ് വിഭാഗം മേധാവി എൻജിനീയർ സുഹൈർ സഖാത്ത് പറഞ്ഞു.
ഹജ് തീർഥാടകർക്കു പുറമെ, വർഷം മുഴുവൻ വിനോദ സഞ്ചാരികൾക്കും സന്ദർശർക്കും ഈ നടപ്പാത ഉപയോഗിക്കുന്നതിന് സാധിക്കും. നടപ്പാതയിൽ മുഴുവൻ ഇന്റർലോക് കട്ടകൾ പതിച്ചിട്ടുണ്ട്. പാതയുടെ ഇരുവശങ്ങളിലും തീർഥാടകർക്ക് വിശ്രമിക്കുന്നതിനുള്ള ആയിരം കസേരകളും തണൽകുടകളും 400 കുപ്പത്തൊട്ടികളും സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങൾ നടപ്പാതയിൽ പ്രവേശിക്കുന്നത് തടയുന്നതിന് കോൺക്രീറ്റ് ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
പുണ്യസ്ഥലങ്ങളുടെ വിശുദ്ധിക്ക് അനുയോജ്യമായ നിരവധി കലാശിൽപങ്ങളും നടപ്പാതയിൽ സ്ഥാപിച്ചിട്ടുണ്ട്. ആകെ നാലു പാതകൾ അടങ്ങിയതാണ് ഇത്. ആദ്യ പാതക്ക് 5,100 മീറ്ററും രണ്ടാമത്തെ പാതക്ക് 7,580 മീറ്ററും മൂന്നാമത്തെ പാതക്ക് 7,556 മീറ്ററും നാലാമത്തെ പാതക്ക് 4,620 മീറ്ററും നീളമുണ്ട്.