Sorry, you need to enable JavaScript to visit this website.

പത്തനംതിട്ടയിൽനിന്ന് തബ്‌ലീഗ്  സമ്മേളനത്തിൽ പങ്കെടുത്തത് 17 പേർ

പത്തനംതിട്ട- ദൽഹി നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ വിവിധ ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയിൽനിന്ന് 17 പേർ പങ്കെടുത്തതായി ജില്ലാ ഭരണകൂടം കണ്ടെത്തി. ജില്ലാ കലക്ടർ പി.ബി. നൂഹിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സർവൈലൻസ് ടീമാണ് ഇവരെ കണ്ടെത്തിയത്. ഇവരിൽ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഡോ. എം. സലിം ദൽഹിയിൽ മരിച്ചു. മൂന്നുപേർ ദൽഹിൽ ഹോം ഐസൊലേഷനിലാണ്. മൂന്നുപേർ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ഐസൊലേഷനിലും ബാക്കിയുള്ള 10 പേർ ഹോം ഐസൊലേഷനിലും കഴിയുകയാണ്. ഇവരിൽ ഒൻപതുപേരുടെ സ്രവം പരിശോധനക്കായി അയച്ചു. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണു ജില്ലാ ഭരണകൂടം. 
നിസാമുദീനിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാർക്കുപുറമേ മറ്റു ജില്ലകളിൽ നിന്നുള്ള 20 പേരെയും സർവൈലൻസ് ടീം കണ്ടെത്തിയിട്ടുണ്ട്. കോട്ടയം 11, ആലപ്പുഴ 5, തിരുവനന്തപുരം 2, കണ്ണൂർ 1, തൃശൂർ 1. 


കേരള എക്‌സ്പ്രസ് ട്രെയിൻ, എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളിലാണ് ഇവർ നാട്ടിലെത്തിയത്. ഡോ. എം.എസ്. രശ്മി, ഡോ. നവീൻ. എസ്. നായർ എന്നിവർ നയിക്കുന്ന സർവൈലൻസ് ടീമാണ് വിവരങ്ങൾ ശേഖരിക്കുന്നത്. 
ലോക്ഡൗൺ നിയമ ലംഘനങ്ങൾക്ക് ജില്ലയിൽ ഇന്നലെ 211 കേസുകളിലായി 210 പേരെ അറസ്റ്റ് ചെയ്തു. 177 വാഹനങ്ങൾ പിടിച്ചെടുത്തു. ആളുകൾ കൂട്ടംകൂടുന്നത് പൂർണമായും തടയുമെന്നും വളരെ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് വാഹനവുമായി നിരത്തിൽ ഇറങ്ങുന്നവർക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും ജില്ലാപോലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു. 
സാധനങ്ങൾ പൂഴ്ത്തിവെച്ച് കരിഞ്ചന്തയിൽ വിൽക്കുന്നവരെ പ്രത്യേകം നിരീക്ഷിച്ച് നിയമനടപടികൾ സ്വീകരിക്കും.  വില വിവരപ്പട്ടിക പ്രദർശിപ്പിക്കാതെ അമിതവില ഈടാക്കുന്നവർക്കെതിരെയും നടപടികളുണ്ടാകും. വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിലും മറ്റും എത്തുന്നവർ നിശ്ചിത അകലം ഉറപ്പുവരുത്തണം.
അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ജനമൈത്രി പോലീസിനെയും മറ്റും ഉപയോഗിച്ച് അവരുടെ ആവശ്യങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.


 

Latest News