കോഴിക്കോട്- രാജ്യം സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങുന്നതിനു മുമ്പ് നടന്ന തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടു നടക്കുന്ന വർഗീയ പ്രചാരണം അങ്ങേയറ്റം അപലപനീയമാണെന്നു കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ല ക്കോയ മദനി പറഞ്ഞു.
തബ്‌ലീഗ് ജമാഅത്തിന്റെ രീതിയോടും ആദർശത്തോടും വിയോജിക്കുമ്പോൾ തന്നെ തെറ്റായ മാധ്യമ പ്രചാരണങ്ങളുടെ അപകടം തിരിച്ചറിയണം. തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് വീഴ്ചകളും ജാഗ്രതകുറവും ഉണ്ടായിട്ടുണ്ടെങ്കിൽ കേന്ദ്ര സർക്കാരും ദൽഹി സർക്കാരും അതിനു ഉത്തരവാദികളാണ്. ലോകത്തെമ്പാടും കോവിഡ് 19 ഭീഷണി നിലനിൽക്കുമ്പോൾ വിദേശികളെ വരെ പങ്കെടുപ്പിച്ച് മത സമ്മേളനം നടത്തിയതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് തബ്‌ലീഗ് സംഘടനക്കും ഒഴിഞ്ഞു മാറാനാവില്ല. മറ്റുള്ളവർ ഇത് പോലുള്ള സമ്മേളനങ്ങൾ നടത്തിയെന്നതു ഉണ്ടായ അബദ്ധങ്ങൾ ന്യായീരികരിക്കാൻ മറയാക്കാരുത്. ഭാവിയിൽ എല്ലാവർക്കുമുള്ള ചില പാഠങ്ങൾ ഈ കാര്യങ്ങളിലെല്ലാമുണ്ട്.
സർക്കാരുമായി സംസാരിച്ചു വ്യക്തത വരുത്തി അപവാദ പ്രചാരണത്തിന് തടയിടാൻ തബ്‌ലീഗിന് ബാധ്യതയുണ്ട്. ഇന്ത്യയിലേക്ക് കോവിഡ് 19 എത്താനുള്ള കാരണം ഈ മത സമ്മേളനം മാത്രമാണെന്നും അവർ രാജ്യത്തിന്റെ വൈറസുകളാണെന്നുമുള്ള തരത്തിലെ ചില മാധ്യമങ്ങളുടെ വിഷം ചീറ്റൽ വർഗീയ വിദ്വേഷം ഇളക്കി വിടാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു.
ഒന്നിച്ചു നിന്നു മഹാമാരിയെ പ്രതിരോധിക്കാൻ മുന്നോട്ടു വരേണ്ടവർ അവസരം മുതലെടുത്ത് വർഗീയ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അക്കാലത്ത് നടന്ന എല്ലാ പരിപാടികളുടെയും വിശദാംശങ്ങൾ എടുത്ത് സമഗ്രമായ അന്വേഷണമാണ് വേണ്ടത്. ഒരു വിഭാഗത്തെ മാത്രം വളഞ്ഞിട്ട് ആക്രമിക്കാൻ ഈ സംഭവത്തെ മറയാക്കരുതെന്നും അദ്ദേഹം പറഞ്ഞു.