തിരുവനന്തപുരം- നോട്ടുനിരോധനം സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത ദുരന്തമാണെന്ന് ഡോ. തോമസ് ഐസക്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് തോമസ് ഐസക് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. നോട്ടുനിരോധനം വലിയ അബദ്ധമാണെന്ന് തുടക്കത്തിൽ തന്നെ ബോധ്യപ്പെട്ടുവെന്ന് ഐസക് അഭിപ്രായപ്പെടുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നവംബർ എട്ടിന് പ്രധാനമന്ത്രിയുടെ കുപ്രസിദ്ധ പ്രസംഗം നടക്കുമ്പോൾ ഞാൻ തിരക്കിലായിരുന്നു. അതുകൊണ്ട് പ്രസംഗം കഴിഞ്ഞാണ് ഞാൻ വിവരം അറിയുന്നത്. ഇത് എന്ത് ഭ്രാന്ത് എന്നായിരുന്നു എന്റെ ആദ്യ ചിന്ത. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആന മണ്ടത്തരമായിരിക്കുമെന്നതിനെക്കുറിച്ച് എനിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. പക്ഷെ ചാടിക്കയറി അഭിപ്രായം പറയണമോ? എന്തെങ്കിലുമൊന്ന് കാണാതെ പ്രധാനമന്ത്രി ഇങ്ങനെ പ്രഖ്യാപിക്കുമോ? നേരം വെളുക്കുന്നതുവരെ കാത്തിരുന്നുകൂടേ? ഇങ്ങനെയൊക്കെ ചോദിച്ചവരുണ്ടായിരുന്നു. ഏതാനും പത്രക്കാർ വന്നുകഴിഞ്ഞിരുന്നു. കുറയ്‌ക്കേണ്ട, മുഴുവൻ പേരെയും വിളിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് നോട്ട് നിരോധനത്തിനെതിരായ രാജ്യത്തെ ആദ്യത്തെ പത്രസമ്മേളനം നടന്നത്. ഇന്ന് ഇപ്പോൾ റിസർവ്വ് ബാങ്കിന്റെ നോട്ട് റദ്ദാക്കൽ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ എന്നെപ്പോലുള്ളവർ നടത്തിയ വിമർശനത്തെ ശരിവച്ചിരിക്കുന്നു.
1) കള്ളനോട്ട് പിടിക്കാൻ അർദ്ധരാത്രി നോട്ട് നിരോധിക്കേണ്ട ആവശ്യമില്ല. മൂന്നു മാസത്തെ സാവകാശം നൽകി നോട്ടുകൾ മാറിയെടുക്കാൻ അനുവദിച്ചാലും കള്ളനോട്ടെല്ലാം റദ്ദാകും. ഇപ്പോൾ ഒരു കാര്യം വ്യക്തമായിട്ടുണ്ട്. ബാങ്കുകളിലെ തിക്കിലും തിരക്കിലും ഡെപ്പോസിറ്റ് ചെയ്ത നോട്ട് മുഴുവൻ പരിശോധിക്കാൻ നേരം കിട്ടിയില്ല. അതുകൊണ്ട് കള്ളനോട്ടുകളിൽ നല്ലൊരു പങ്ക് വെളുപ്പിക്കാൻ നോട്ട് നിരോധനം അവസരമൊരുക്കി.
2) കള്ളപ്പണം പിടിക്കാനും മൂന്നു മാസത്തെ സാവകാശം നൽകിയതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കില്ലെന്ന എന്റെ വാദം അംഗീകരിക്കാൻ സുഹൃത്തുക്കൾ പോലും തയ്യാറായില്ല. സമയം കൊടുത്താൽ പലവിധ ബിനാമി ഏർപ്പാടിലൂടെ നോട്ടുകൾ മുഴുവൻ ബാങ്കിൽ എത്തും എന്നായിരുന്നു പൊതുവിശ്വാസം. പക്ഷേ ഇപ്പോൾ അർദ്ധരാത്രി പൊടുന്നനെ നോട്ട് റദ്ദാക്കിയിട്ടും 99 ശതമാനം നോട്ടും തിരിച്ചെത്തിയെന്ന് റിസർവ്വ് ബാങ്ക് ഔദ്യോഗികമായി അംഗീകരിച്ചില്ലേ?
3) കള്ളപ്പണം ബാങ്കിൽ തിരിച്ചെത്തില്ലെന്ന ഉറച്ച വിശ്വാസക്കാരായിരുന്നു ധനമന്ത്രി ജെയ്റ്റ്‌ലി മുതൽ സർക്കാർ ഭരണയന്ത്രം മുഴുവൻ. 34 ലക്ഷം കോടി രൂപയെങ്കിലും ഇങ്ങനെ തിരിച്ചു വരില്ലെന്നും റിസർവ്വ് ബാങ്കിന്റെ ബാധ്യത അത്രയും കുറയുമെന്നും അത് ഡിവിഡന്റായി കേന്ദ്രസർക്കാരിന് ലഭിക്കുമെന്നും ആയിരുന്നു അതിഗഹനമായ വിശകലനം. ബിജെപി വക്താക്കൾ മുഴുവൻ ടിവിയിൽ ഇരുന്ന് വാദിച്ചുകൊണ്ടിരുന്നതും ഇതാണ്. യഥാത്ഥത്തിൽ സംഭവിച്ചത് എന്താണ്? നോട്ടൊക്കെ തിരിച്ചെത്തി. ഈ നോട്ടുകളൊക്കെ എണ്ണി തീർത്ത് നശിപ്പിക്കുന്നതിനും പുതിയവ അച്ചടിക്കുന്നതിനും ഭീമമായ ചെലവ് റിസർവ്വ് ബാങ്കിന് വന്നു. സാധാരണഗതിയിൽ 50,000 കോടിയെങ്കിലും ഡിവിഡന്റ് കൊടുക്കേണ്ടതിനു പകരം മേൽപ്പറഞ്ഞ ചെലവുകൾമൂലം 32,000 കോടി രൂപയേ ഡിവിഡന്റായി നൽകാൻ കഴിയൂ എന്നാണ് റിസർവ്വ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നത്.
4) ഇപ്പോൾ ജയ്റ്റ്‌ലി പറയുന്നത് നോട്ടെല്ലാം ബാങ്കിൽ വന്നല്ലോ. പണത്തിന്റെ ഉടമസ്ഥരെ മനസിലായി. ഇനിയാണ് ഞങ്ങൾ കള്ളപ്പണക്കാരെ പിടിക്കുക. അദ്ദേഹത്തിന് എല്ലാ നല്ല ആശംസകളും. പക്ഷെ ഈ അർദ്ധരാത്രി നാടകമൊന്നും ഇല്ലാതെ സാവകാശം കൊടുത്ത് നോട്ട് മാറാൻ അനുവദിച്ചാലും പണമെല്ലാം അക്കൌണ്ടുകളിൽ തിരിച്ചെത്തുമല്ലോ. ഇപ്പോൾ നിങ്ങൾ സത്യസന്ധരായ സാധാരണക്കാരെയും കള്ളപ്പണക്കാരെയും ഒരുപോലെ കൈകാര്യം ചെയ്തു. പാവങ്ങളെ പീഡിപ്പിച്ചതിന് എന്ത് ന്യായം?
5) ജയ്റ്റ്‌ലിയുടെ പുതിയ വാദമാണ് ഏറ്റവും വിചിത്രം. സമ്പദ്ഘടനയിലെ ക്യാഷ് കുറയ്ക്കുക എന്നതായിരുന്നു യഥാർത്ഥ ഉന്നം. സമ്പദ്ഘടനയിലെ ക്യാഷ് കുറയ്ക്കാനും കൂട്ടാനും എത്രയോ ശാസ്ത്രീയ മാർഗ്ഗങ്ങളുണ്ട്. ഇതാണ് റിസർവ്വ് ബാങ്ക് ആറാറു മാസം കുടുമ്പോൾ തങ്ങളുടെ പ്രസിദ്ധമായ നയപ്രഖ്യാപനത്തിലൂടെ ചെയ്യുന്നത്. സമ്പദ്ഘടനയിലെ ക്യാഷ് കുറയ്ക്കാൻ നോട്ട് നിരോധിക്കുന്നത് ഒരു സാമ്പത്തികശാസ്ത്രമല്ല
സാമ്പത്തിക കൂടോത്രമാണ്.
6) മോഡി ഭക്തർക്ക് അവസാന അത്താണി ഇപ്പോഴും ഡിജിറ്റൽ ഇക്കോണമിയാണ്. 90 ശതമാനം പേരും അസംഘടിത മേഖലയിൽ പണിയെടുക്കുന്ന ഇന്ത്യയെ ഡിജിറ്റൽ ഇക്കോണമിയാക്കാൻ ആകില്ല. സമ്പദ്ഘടനയെ രൂപാന്തരപ്പെടുത്തിക്കൊണ്ടു മാത്രമേ ഇന്ത്യയെ ഡിജിറ്റലാക്കാൻ കഴിയൂ. കാലം ഇത് പഠിപ്പിച്ചുകൊള്ളും.
7) ഇപ്പോൾ ചിരിക്കുന്നത് കള്ളപ്പണക്കാരാണ്. കണ്ണീരും കരച്ചിലും തോരാത്തത് പാവങ്ങൾക്കും. ജൻധൻ അക്കൌണ്ടിൽ പണം കാത്തിരുന്നവർ നിരാശരാണ്. വിലയിടിവുമൂലം കടക്കെണിയിലായ കർഷകരുടെ സമരം ഏറ്റവും രൂക്ഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. അടച്ചുപൂട്ടിയ ലക്ഷക്കണക്കിന് ചെറുകിട സ്ഥാപനങ്ങൾ എന്ന് തുറക്കുമെന്ന് അറിഞ്ഞുകൂട. ലോകത്ത് ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ച വളർച്ചയിൽ നിന്നും 2 ശതമാനം തളർന്നു. സാമ്പത്തിക മുരടിപ്പിനെ കള്ളക്കണക്കുകൾ കൊണ്ടുപോലും ഇനി മറച്ചുവയ്ക്കാൻ കഴിയില്ല.
സ്വതന്ത്ര ഇന്ത്യയിലെ മനുഷ്യനിർമ്മിതമായ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായി നോട്ടു നിരോധനം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.