Sorry, you need to enable JavaScript to visit this website.

തിരൂരിൽ ആരാധനാലയങ്ങൾക്കു നേരെ ആക്രമണം

സാമൂഹ്യ വിരുദ്ധർ അക്രമിക്കപ്പെട്ട അരീക്കാട് കുനിയിൽ പാറപ്പുറം തഖ്വ മസ്ജിദിൽ ഡോഗ് സ്‌ക്വാഡ്  പരിശോധിക്കുന്നു

തിരൂർ-ആരാധനാലയങ്ങൾക്കു നേരെ സാമൂഹിക വിരുദ്ധരുടെ അക്രമവും മോഷണവും. താനാളൂർ അരീക്കാട്, തലക്കടത്തൂർ, തലപറമ്പ് ഭാഗങ്ങളിലാണ് ആരാധനാലയങ്ങൾക്കു നേരെ വ്യാപകമായ അക്രമം അരങ്ങേറിയത്. ക്ഷേത്രത്തിന്റെ ദീപസ്തംഭങ്ങൾ തകർക്കുകയും മസ്ജിദിന്റെ തലപ്പാവുകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. മൈക്ക് സെറ്റും നേർച്ചപ്പെട്ടിയിലെ പണവും കവർന്നു. അരീക്കാട് ജുമാമസജിദ്, തലക്കടത്തുർ വിഷ്ണു അയ്യപ്പക്ഷേത്രം, അരീക്കാട് കുനിയിൽ പാറപ്പുറം തഖ്വ മസ്ജിദ് എന്നിവക്ക് നേരെയാണ് സാമൂഹിക വിരുദ്ധരുടെ അക്രമമുണ്ടായത്. ചെവ്വാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ജുമാ മസ്ജിജിദിന്റെ വാതിൽ തകർത്തു അകത്തു കടന്നാണ് മൈക്ക് സെറ്റുകൾ മോഷ്ടിച്ചത്. വിഷ്ണു അയ്യപ്പക്ഷേത്രത്തിലെ രണ്ടു ദീപസ്തംഭങ്ങൾ തകർത്തു. ക്ഷേത്രത്തിലെ ബൾബുകൾ അഴിച്ചെടുത്താണ് അകത്ത് കയറി ദീപസ്തംഭങ്ങൾ തകർത്തത്. അരീക്കാട് കുനിയിൽ പാറപ്പുറം തഖ്വ മസ്ജിദിന്റെ വാതിൽ തകർത്തു അകത്തു
കയറി മൈക്ക് സെറ്റ് മോഷ്ടിച്ച ശേഷം തലപ്പാവുകൾ സ്റ്റാന്റടക്കം തീയിട്ട് നശിപ്പിച്ചു. തലപറമ്പിലെ ശുഹദാക്കളുടെ നേർച്ചപ്പെട്ടി തകർത്തു പണം മോഷ്ടിച്ചു. തലപറമ്പ് ഖുതുബുസമാൻ മസ്ജിദിന്റെ വാതിൽ തകർക്കാനും ശ്രമം നടത്തി. ശബ്ദം കേട്ടു മസ്ജിദിലെ ജീവനക്കാരൻ ഉണർന്നതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് വി. അബ്ദുറഹിമാൻ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. മുജീബ്ഹാജി, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി നാസർ, പി.ടി.കെ കുട്ടി, എ.പി സിദീഖ്, ശ്യാം തലക്കടത്തൂർ, ക്ഷേത്ര ഭാരവഹികളായ ഉണ്ണി, രവി, പ്രദീപ് അമ്മേങ്ങര എന്നിവർ മസ്ജിദുകളിലും ക്ഷേത്രത്തിലും സന്ദർശനം നടത്തി. ആരാധനാലയങ്ങൾക്കു നേരെ അക്രമം നടത്തിയവരെ ഉടൻ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തിരൂർ സിഐ ഫർഷാദിന്റെയും താനൂർ സിഐ പ്രമോദിന്റെയും നേതൃത്വത്തിൽ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

 

Latest News