കണ്ണൂർ- ആർ.എസ്.എസ് നേതാവ് കതിരൂർ മനോജ് കൊല്ലപ്പെട്ട കേസിലെ ഗൂഢാലോചനയിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ഉൾപ്പെടെ ആറ് പ്രതികൾ. സി.ബി.ഐ സമർപ്പിക്കുന്ന കുറ്റപത്രത്തിലാണ് ജയരാജൻ പ്രതിസ്ഥാനത്തുള്ളത്. മനോജിനെ കൊലപ്പെടുത്തുന്നതിൽ മുഖ്യഗുഢാലോചന നടത്തിയത് ജയരാജനാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ജയരാജനെതിരെ സാക്ഷിമൊഴികളുണ്ടെന്നും സി.ബി.ഐ കുറ്റപത്രത്തിലുണ്ട്. മറ്റ് പ്രതികളെല്ലാം സി.പി.എം പ്രവർത്തകരാണ്. കതിരൂർ മനോജ് കൊല്ലപ്പെട്ട കേസിന്റെ രണ്ടാംഘട്ട അന്വേഷണത്തിലാണ്് ജയരാജൻ ഉൾപ്പെടെയുള്ളവർ പ്രതികളാകുന്നത്.
മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനും ജയരാജനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും വിക്രമന്റെ വീട്ടിലെ പ്രശ്‌നങ്ങൾ പോലും പരിഹരിക്കുന്നത് ജയരാജനാണെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് സി.ബി.ഐ കുറ്റപ്പത്രത്തിലുണ്ട്.
മനോജ് വധ കേസിലെ ഗൂഢാലോചനയെക്കുറിച്ച് വ്യക്തമായ തെളിവുകൾ വിക്രമനിൽ നിന്നാണ് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയും പാട്യം സോഷ്യൽ സർവ്വീസ് സൊസൈറ്റി എം.ഡിയുമായ കിഴക്കെ കതിരുറിലെ ചപ്ര പ്രകാശൻ എന്ന ചന്ദ്രോത്ത് പ്രകാശനിൽ നിന്നും വധഗൂഢാലോചനയുടെ ചില വിവരങ്ങൾ ലഭിച്ചുവെന്ന് സി.ബി.ഐ പറയുന്നു.
2014 സെപ്തംബർ ഒന്നിന് കാലത്ത് 10.30 മണിയോടെ കതിരൂർ ഉക്കാസ്‌മൊട്ട തിട്ടയിൽ മുക്കിൽ വെച്ചാണ് ആർ.എസ്.എസ് കണ്ണൂർ ജില്ലാ ശാരീരീക് ശിഷ്യക് പ്രമുഖായിരുന്ന ഉക്കാസ്‌മൊട്ടയിലെ എളംതോട്ടത്തിൽ മനോജിനെ(43) ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. മനോജ് ഓടിച്ച് വരികയായിരുന്ന ഓംനി വാനിന് ബോംബ് എറിഞ്ഞ ശേഷമാണ് കൊലപാതകം നടത്തിയത്. ഓംനി വാനിലുണ്ടായിരുന്ന മനോജിന്റെ സുഹൃത്തും ആർ.എസ്.എസ് പ്രവർത്തകനുമായ പാനൂർ നിള്ളങ്ങലെ പ്രമോദിനും പരിക്കേറ്റിരുന്നു. പ്രമോദാണ് കേസിലെ മുഖ്യ ദ്യക്‌സാക്ഷി. പിടിയിലായ മുഴുവൻ പ്രതികളുടെയും തിരിച്ചറിയൽ പരേഡ് പ്രമോദിന്റെ സാനിധ്യത്തിലാണ് നടത്തിയിരുന്നത്.