ബഹാരോ ഭൂൽ ബർസാഓ മേരാ മെഹ്ബൂബ് ആയാ ഹേ... എന്ന് തുടങ്ങുന്ന മുഹമ്മദ് റഫി ഗാനം ലോകത്തിന്റെ മനസ്സിൽ പതിഞ്ഞുപോയിട്ടിപ്പോൾ വർഷങ്ങളെത്രയോ കഴിഞ്ഞുപോയിരിക്കുന്നു. 1970 ൽ യു.എൻ.ഒക്ക് വേണ്ടി അദ്ദേഹം ബഹാരോവിന്റെ ഈണത്തിൽ പാടിയ ഇംഗ്ലീഷ് ഗാനം കോവിഡ് 19 കാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്.
മനുഷ്യ സമൂഹം ഒന്നാണ് എന്ന് ഹൃദയം തൊട്ട് ഓർമിപ്പിക്കുകയാണ് റഫിയുടെ ഗാനം. അര നൂറ്റാണ്ട് മുമ്പ് അദ്ദേഹം ആലപിച്ച ആ ഗാനത്തിന്റെ സാർവലൗകിക സന്ദേശം മനുഷ്യരാകെ മഹാമാരിയിൽ വിറങ്ങിലിച്ചു നിൽക്കുമ്പോഴാണ് ഏറെ പ്രസക്തമാകുന്നത്. റഫിയുടെ വരികൾ മനസ്സ് കൊണ്ട് കേൾക്കുന്ന ആരും റിമമ്പർ ഫ്രണ്ട്‌സ് ദ വേൾഡ് ഈസ് വൺ എന്നെത്തുമ്പോൾ കണ്ണ് നനഞ്ഞു പോകും. ഹൃദയ ശൂന്യത മാത്രം അടക്കി വാഴുന്ന ആധുനിക കാലത്ത് ചെറിയ ചെറിയ ഓർമപ്പെടുത്തലുകളാണ് ഇവയൊക്കെ.
പണമുണ്ടെങ്കിൽ എന്തുമാകാം എന്ന് കരുതി ലോകം അടക്കി ഭരിച്ച ശക്തികൾക്ക് പണം ഒന്നുമല്ലെന്ന് മനസ്സിലാക്കിക്കൊടുക്കാൻ ചെറിയൊരു വൈറസിന് സാധിച്ചിരിക്കുന്നു. കൊറോണ വൈറസിനെ മനുഷ്യ നേത്രങ്ങൾക്ക് കാണണമെങ്കിൽ അതിശക്തമായ സൂക്ഷ്മദർശിനികൾ കൊണ്ട് നോക്കേണ്ടതുണ്ട്.
അങ്ങനെയൊരു തന്മാത്രക്ക് മുന്നിലാണ് ഞാൻ, ഞാൻ എന്നഹങ്കരിച്ചിരുന്ന മനുഷ്യ മഹാശക്തികൾ ഒന്നുമല്ലാതായി പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഹൃദയവും തലച്ചോറുമുള്ള എഴുത്തുകാരും ചിന്തകരുമൊക്കെ ശരിയാംവണ്ണം ഈ വിഷയത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ ഈ വിഷയം കൈകാര്യം ചെയ്തപ്പോൾ മാനവികതയും ആത്മീയ ചിന്തയും മുറുകെ പിടിച്ചു.
മനുഷ്യ കുലം പനിച്ചു മരിക്കുന്ന ഇക്കാലത്ത് പോയ നാളുകളിലെ പകർച്ചവ്യാധികളും മനുഷ്യർ അന്നനുഭവിച്ച വേദന നിറഞ്ഞ അവസ്ഥകളും 86 പിന്നിട്ട എം.ടി മലയാളിയെ വിനയ പുരസരം ഓർമപ്പെടുത്തുന്നുണ്ട്.
ഓരോ കാലത്തും വരുന്ന മഹാമാരികളെക്കുറിച്ചും, അതിന്റെ ചികിത്സാ വഴി തിരിച്ചറിഞ്ഞ് ചികിത്സിക്കുമ്പോഴേക്കും മറ്റൊന്നു വരുന്ന നിസ്സഹായതയും വിവരിക്കുന്ന എം.ടി ശാസ്ത്രം ജയിച്ചു എന്ന അഹങ്കാരത്തിന്റെ വായ്ത്താരികളുടെ പൂർത്തീകരണം അസാധ്യമായതൊക്കെ ഓർമിപ്പിച്ചുകൊണ്ട് ചില കാര്യങ്ങൾ അടിവരയിടുന്നുണ്ട്- മനുഷ്യന്റെ അറിയാനുള്ള ശേഷിക്കും പരിമിതികളുണ്ട്. എല്ലാം കീഴടക്കി എന്ന നിന്റെ ഭാവം ശരിയല്ല. എല്ലാം അറിഞ്ഞു എന്ന വിചാരവും ശരിയല്ല. 1944 ലെ കോളറയുടെയും മറ്റ് മഹാരോഗങ്ങളുടെയും നേരനുഭവമുള്ള എഴുത്തുകാരന്റെ വിചാരവും വാക്കുകളും ഇങ്ങനെ വിവേകിയുടേതായിത്തീരുന്നു.
കോവിഡ്19 ലോകത്തെ എങ്ങനെ മാറ്റിവരക്കുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. നാളെയുടെ ലോകം റഫി ആഗ്രഹിക്കുന്നതു പോലെ യുദ്ധ രഹിതമായിരിക്കുമോ? മരണക്കിടക്കയിൽ നിന്ന് എഴുന്നേറ്റു വരുന്ന ലോകം അനേകമനേകം നല്ല മനുഷ്യർ ആഗ്രഹിക്കുന്നതു പോലെ വിവേകശാലികളുടേതായിരിക്കില്ലേ?
മുഹമ്മദ് റഫിയുടെ പാട്ടിലെ വരികൾക്ക് സമാനമായ ആശയമാണ് വിവേകശാലികളുടെ ലോകം നിശ്ശബ്ദമായെങ്കിലും ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നത്. സുഹൃത്തെ ഓർക്കുക, നമ്മൾ മനുഷ്യർ ഒന്നാണ് (റിമമ്പർ ഫ്രണ്ട്‌സ് ദ വേൾഡ് ഈസ് വൺ)