തിരുവനന്തപുരം - ആലപ്പുഴ ജില്ലയിലെ അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയതിന്റെ പേരിൽ വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപുഴയെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത നടപടി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.
അന്തർ സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണ ഉത്തരവാദിത്തം കെട്ടിട ഉടമകൾക്ക് മേൽ കെട്ടിവെച്ച് ഒഴിഞ്ഞുമാറിയ സംസ്ഥാന സർക്കാരിന്റെ സമീപനം ജനശ്രദ്ധയിൽ കൊണ്ടുവന്നതിന്റെ പേരിൽ വെൽഫെയർ പാർട്ടിയെ വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നത്. അധികാരം ദുരുപയോഗം ചെയ്ത് നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയമാണ് ഭരണകക്ഷി സ്വീകരിക്കുന്നത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടേയും പ്രയാസങ്ങൾ ലഘൂകരിക്കാൻ വെൽഫെയർ പാർട്ടിയും ആകാവുന്ന ശ്രമങ്ങൾ നടത്തിവരികയാണ്. ഇതിനായി പാർട്ടി റിലീഫ് സെല്ലുകൾ രാജ്യ വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങളിലും സർക്കാർ സംവിധാനം മുഖേനയും അല്ലാതെയും പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും ഇടപെട്ടു വരുന്നുണ്ട്.
ആലപ്പുഴ ജില്ലയിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കായി ഏർപ്പെടുത്തിയ റിലീഫ് സെല്ലിലേക്ക് വന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണത്തിന് വേണ്ടിയുള്ള അഭ്യർഥന അധികാരികളുമായി ബന്ധപ്പെട്ട് പരിഹരിക്കാനാണ് പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ ശ്രമിച്ചത്. നാല് അഭ്യർഥനകളിൽ ഇടപെടുകയും അവർക്ക് ഭക്ഷണം ലഭ്യമാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് വലിയ കുറ്റകൃത്യമായി വ്യാഖ്യാനിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ തൊഴിലാളി സമരത്തിന്റെ വേദിയായ ആലപ്പുഴയിൽ തൊഴിലാളിക്ക് ഭക്ഷണം ലഭ്യമാക്കാൻ വേണ്ടി ഫോൺ ചെയ്തത് അറസ്റ്റ് ചെയ്യപ്പെടേണ്ട കുറ്റകൃത്യമായി പിണറായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു.
ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക എന്നത് രാഷ്ട്രീയ പ്രവർത്തകരുടെ പ്രാഥമിക ഉത്തരവാദിത്വമാണ്. തങ്ങളല്ലാത്ത മറ്റാരെങ്കിലും ഇത് ചെയ്താൽ കുറ്റ കൃത്യമാകുമെന്നാണ് ഇടതു സർക്കാർ പ്രഖ്യാപിക്കുന്നത്. സർക്കാരും ഭരിക്കുന്ന പാർട്ടിയും മാത്രമേ സാമൂഹിക പ്രവർത്തനം നടത്താവൂ എന്ന അടിയന്തിരാവസ്ഥാ സാഹചര്യം കേരളത്തിൽ നടപ്പാക്കുകയാണ്. കമ്മ്യൂണിറ്റി കിച്ചണിലും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതിലും തങ്ങളല്ലാത്ത മറ്റെല്ലാവരെയും സർക്കാർ വിലക്കുകയാണ്.
അങ്ങേയറ്റം സങ്കുചിതമായ വൃത്തികെട്ട രാഷ്ട്രീയക്കളിയാണ് കോവിഡിന്റെ മറവിൽ ഭരണകക്ഷി നടത്തുന്നത്. ദുരിത സാഹചര്യം ദുരുപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അപഹസിക്കാനും അപ്രസക്തരാക്കാനും നടത്തുന്ന ഹീന ശ്രമത്തെ ജനങ്ങൾ തിരിച്ചറിയണം.
പായിപ്പാട് സംഭവം അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരെ നിശബ്ദരാക്കി മാറ്റാനുള്ള അവസരമാക്കി പോലീസ് മാറ്റുകയാണ്. വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറിയും എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റുമായ റസാഖ് പാലേരിയെ കഴിഞ്ഞ ദിവസം ഇപ്രകാരം പേരാമ്പ്ര പോലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി സ്‌റ്റേറ്റ്‌മെന്റ് എടുത്തിരുന്നു. സാമൂഹിക രാഷ്ട്രീയ നേതാക്കൾക്കെതിരെ രാഷ്ട്രീയ ദുഷ്ടലാക്കോടെ കേസെടുത്ത് നിശബ്ദമാക്കാനുള്ള ഏകാധിപത്യ ശ്രമമാണ് നടക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിലെ സാമൂഹ്യ നിയന്ത്രണങ്ങളുടെ മറപിടിച്ച് പൗരാവകാശങ്ങൾ ഇല്ലാതാക്കി പൊതുപ്രവർത്തകരെ നിശബ്ദമാക്കാനുള്ള സി.പി.എം നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
നാസർ ആറാട്ടുപുഴയുടെ അറസ്റ്റ് പായിപ്പാട് സംഭവവുമായി ബന്ധപ്പെട്ടതാണെന്ന മട്ടിൽ ചില ചാനലുകളിൽ വന്ന വാർത്തകൾ അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ഇത്തരം ദുഷ്പ്രചരണങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.