Sorry, you need to enable JavaScript to visit this website.

5000 റെയിൽവേ കോച്ചുകൾ ക്വാറന്റൈൻ, ഐസൊലേഷൻ കേന്ദ്രങ്ങളാക്കി മാറ്റും

ഐസൊലേഷൻ കേന്ദ്രങ്ങളാക്കി മാറ്റിയ റെയിൽവേ കോച്ചുകൾ.  

തൃശൂർ - ഇന്ത്യൻ റെയിൽവേ 5000 കോച്ചുകൾ ക്വാറന്റൈൻ-ഐസൊലേഷൻ കേന്ദ്രങ്ങളാക്കി ഉടൻ രൂപമാറ്റം നടത്തും. ആകെ ഇരുപതിനായിരം കോച്ചുകളാണ് ഇത്തരത്തിൽ രൂപമാറ്റം വരുത്തി കോവിഡ് പ്രതിരോധത്തിനും രോഗബാധിതർക്ക് ചികിത്സാർഥം കഴിയാനും ഇന്ത്യൻ റെയിൽവേ സജ്ജമാക്കുന്നത്. പതിനഞ്ച് വർഷം പഴക്കമുള്ള കോച്ചുകളാണ് ഇത്തരത്തിൽ ക്വാറന്റൈൻ-ഐസൊലേഷൻ കോച്ചുകളാക്കുന്നത്. ഇതു സംബന്ധിച്ച് എല്ലാ സോണുകളിലേക്കും ഇന്ത്യൻ റെയിൽവേ നിർദേശം നൽകിക്കഴിഞ്ഞു. 
കോച്ചുകളിലെ ഒരു ഇന്ത്യൻ സ്‌റ്റൈൽ ടോയ്‌ലറ്റ് കുളിമുറിയാക്കി മാറ്റും. ഹാൻഡ് ഷവറും ബക്കറ്റും കപ്പും കുളിമുറിയിലുണ്ടാകും.
കോച്ചുകളിലെ നടുവിലെ ബർത്തുകൾ അഴിച്ചുമാറ്റും. മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിക്കാനായി 220 വോൾട്ടിന്റെ ഇലക്ട്രിക്കൽ പോയന്റുകൾ സജ്ജമാക്കും. ഓക്‌സിജൻ സിലിണ്ടറുകളും ഉണ്ടാകും. ഒരു കോച്ചിൽ 10 ഐസൊലേഷൻ വാർഡുകളുണ്ടാകും. 
കൊതുകുവല, ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും മെഡിക്കൽ വേസ്റ്റും നിക്ഷേപിക്കാൻ പ്രത്യേകം പ്രത്യേകം ബിന്നുകളുമുണ്ടാകും. 
ഒരു ആശുപത്രിയിൽ എങ്ങനെയാണ് ക്വാറന്റൈൻ-ഐസൊലേഷൻ വാർഡ് സജ്ജമാക്കുന്നത് അതേ രീതിയിലായിരിക്കും ട്രെയിനിന്റെ കോച്ചുകളിൽ ഇത് സജ്ജീകരിക്കുക. മെഡിക്കൽ ടീമിന്റെ പൂർണ മേൽനോട്ടത്തിലായിരിക്കും കോച്ചുകളുടെ രൂപമാറ്റം. ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഏത് അടിയന്തര സാഹചര്യത്തേയും നേരിടാനാണ് റെയിൽവേ ഇത്തരം കോച്ചുകൾ ഒരുക്കുന്നത്. രാജ്യത്തെ പതിനാറു സോണുകളിലേക്കും ഇതു സംബന്ധിച്ച നിർദേശമെത്തി.
എത്രയും പെട്ടന്ന് കോച്ചുകൾ ക്വാറന്റൈൻ-ഐസൊലേഷൻ കോച്ചുകളാക്കി മാറ്റുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 

 

 

Latest News