മലപ്പുറം- കോവിഡ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കുമ്പോള്‍, നിരവധി പേര്‍ എത്തുന്ന റേഷന്‍ കടകളില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് പരാതി. ജീവനക്കാര്‍ക്ക് മാസ്‌ക്,സാനിറ്റൈസര്‍ പോലുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്. ജീവനക്കാരുടെ സുരക്ഷക്ക് അവര്‍ തന്നെ ഇതെല്ലാം കണ്ടെത്തേണ്ട അവസ്ഥയാണ്. മാസ്‌കുകളും സാനിറ്റൈസറുകളും ആവശ്യത്തിന് വിപണിയില്‍ ലഭ്യവുമല്ല. ഇന്നു മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ അരിവിതരണം റേഷന്‍ കടകളിലൂടെ ആരംഭി ക്കുകയാണ്. തിരക്കു വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാതാകുന്നത് രോഗവ്യാപനത്തിന് കാരണമായേക്കുമെന്ന് ആശങ്കയുണ്ട്.
മിക്കവാറും റേഷന്‍ കടകളില്‍ ലൈസന്‍സി അടക്കം രണ്ടു ജീവനക്കാരാണുള്ളത്. ഇവര്‍ക്ക് ദിവസം തോറും നൂറുകണക്കിന് ആളുകളുമായി ഇടപഴകേണ്ടി വരുന്നുണ്ട്. കടകള്‍ക്ക് പുറത്ത് ആളുകളെ നിര്‍ത്തി സാധനങ്ങള്‍ നല്‍കാനാണ് പോലീസ് നല്‍കിയിട്ടുള്ള നിര്‍ദേശം. എന്നാല്‍ റേഷന്‍ കാര്‍ഡ് കൈമാറുന്നതിനും സാധനങ്ങള്‍ നല്‍കുന്നതിനും ആളുകളുമായി ജീവനക്കാര്‍ക്ക് ഇടപഴകേണ്ടി വരും. ഈ സാഹചര്യത്തില്‍ കൈയുറകളും മാസ്‌കും നിര്‍ബന്ധമാണ്. ഇടക്കിടെ കൈകഴുകാന്‍ സാനിറ്റൈസറും ആവശ്യമായി വരും. കൈയുറകളും മാസ്‌കും ദിവസേന മാറ്റേണ്ടതുമുണ്ട്. വിപണിയില്‍ ഇവയൊന്നും ആവശ്യത്തിന് ലഭ്യമല്ലാത്തതിനാല്‍ പൊതുസ്ഥാപനമെന്ന നിലയില്‍ ഇതെല്ലാം സര്‍ക്കാര്‍ ലഭ്യമാക്കണമെന്നാണ് റേഷന്‍ കടയുടമകളുടെ ആവശ്യം.