കാസർകോട്-പെരിയ കേന്ദ്ര സർവ്വകലാശാലയിലെ വൈറോളജി ലാബിൽ കിറ്റുകൾ എത്തിയാലുടൻ കൊറോണ സാമ്പിൾപരിശോധന തുടങ്ങും. പരിശോധനയ്ക്കായുള്ള ഐ.സി.എം.ആർ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടുകൂടി ലാബിന്റെ ക്വാളിറ്റി ചെക്ക് പൂർത്തീകരിച്ചു. കിറ്റുകൾ എത്താതിരുന്നത് കൊണ്ടാണ് ഇന്നലെ പരിശോധന തുടങ്ങാതിരുന്നത്.കാസർകോട്ട് ജില്ലയിൽ കൊറോണ രോഗംപടർന്നു പിടിക്കുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പരിശോധനാഫലങ്ങൾ ലഭിക്കാൻ കേന്ദ്ര സർവ്വകലാശാലയിലെ വൈറോളജി ലാബ്സഹായകമാകും. 24 മണിക്കൂറിൽ 150 ഓളം സാമ്പിളുകളാണ് ഇവിടെ പരിശോധിക്കാൻ കഴിയുക.നിലവിൽ കാസർകോട് നിന്നുള്ള സാമ്പിളുകൾ പരിശോധനക്ക് അയക്കുന്നത് ആലപ്പുഴയിലെ വൈറോളജി ലാബിലേക്കാണ്. കേരളത്തിലെ കൂടുതൽ ജില്ലകളിലെ പരിശോധനകൾ ആലപ്പുഴയിൽനിന്ന് നടത്തുന്നതിനാൽ റിപ്പോർട്ട് ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നു. നേരത്തെ അയച്ച 428 പരിശോധന ഫലങ്ങൾ ഇനിയും ലഭിക്കാനുണ്ട്. ഇത് കാരണമാണ് കാസർകോട് ജില്ലയിൽ തന്നെ സാമ്പിൾ ടെസ്റ്റ് നടത്താനുള്ള ലാബ് വേണമെന്നുള്ള ആവശ്യം ഉയർന്നത്. കാസർകോട്സി.പി.സി.ആർ.ഐ രോഗ നിർണ്ണയത്തിനുള്ള ലബോറട്ടറി സംവിധാനങ്ങൾ കൊറോണപരിശോധനാ ലാബ് തയ്യാറായി വരുന്ന പെരിയ കേന്ദ്ര സർവ്വകലാശാലയ്ക്ക് കൈമാറിയിരുന്നു.സിപി.സി.ആർ.ഐ ഡയറക്ടർ ഡോ.അനിത കരുൺ ജില്ലാ കലക്ടർ ഡോ.ഡി.സജിത് ബാബുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ബയോടെക്നോളജി ലബോറട്ടറിയിൽ നിന്ന് രണ്ട് റിയൽ ടൈം പി.സി.ആർ മെഷിനുകൾ പരിശോധനാ ലാബ് തയ്യാറാക്കുന്ന പെരിയ കേന്ദ്ര സർവ്വകലാശാല ക്യാമ്പസിലേക്ക് കൈമാറിയത്. പരിശോധനാ ലാബ് പൂർണ്ണമായും സജ്ജമായതോടെസി.പി.സി.ആർ ഐയിലെ മൂന്ന് സാങ്കേതിക വിദഗ്ദരുടെ സേവനവും പരിശോധനാ ലാബിൽ ലഭ്യമാക്കുകയുണ്ടായി.