ജോധ്പൂർ- പ്രസവം കാത്തുകിടക്കുകയായിരുന്ന സ്ത്രീയെ ഓപ്പറേഷനിൽ ടേബിളിൽ കിടത്തി ഡോക്ടർമാരുടെ തമ്മിലടി. രാജസ്ഥാനിലെ ജോധ്പൂരിലെ ഉമൈദ് ആശുപത്രിയിലാണ് സംഭവം. ഡോക്ടർമാർ വാഗ്വാദം ്അവസാനിപ്പിച്ച് യുവതിയെ സിസേറിയന് വിധേയയാക്കിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടർമാരായ അശോക് നൈൻവാൾ, എം.എൽ ടാക് എന്നിവർ തമ്മിലായിരുന്നു കലഹം. ഇരുവർക്കുമിടയിൽ പ്രസവം കാത്ത് അബോധാവസ്ഥയിൽ സ്ത്രീയുമുണ്ടായിരുന്നു. ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതിനെ തുടർന്ന് സ്ത്രീയെ അടിയന്തിര സിസേറിയന് വിധേയയാക്കുന്നതിനിടെയായിരുന്നു സംഭവം. രോഗി സർജറിക്ക് മുമ്പ് ഭക്ഷണം കഴിച്ചിരുന്നോ എ്ന്ന് ഡോ. നൈനിവാൾ ചോദിച്ചത് മുതലാണ് ഡോ ടാകുമായി കലഹം തുടങ്ങിയത്. ഇരുവരും ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങിയതോടെ ഒരു ഡോക്ടറും നഴ്‌സും ഇവരെ ശാന്തരാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇരുവരും കലഹം തുടർന്നുകൊണ്ടിരുന്നു. യുവതിയെ സർജറിക്ക് വിധേയയാക്കിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. കുട്ടിക്ക് ഗുരുതരമായ ഹൃദയരോഗമുണ്ടായിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി രണ്ടു ഡോക്ടർമാരെയും സർവീസിൽനിന്ന് സസ്‌പെന്റ് ചെയ്തു. ഓപ്പറേഷൻ ഹാളിലുണ്ടായിരുന്ന മറ്റൊരാളാണ് വീഡിയോ റെക്കോർഡ് ചെയ്തത്.