കല്‍പറ്റ-കേരള പോലീസ് ഇന്ത്യാമേം സൂപ്പര്‍. കോറോണ വ്യാപനം തടയുന്നതിനു ദേശവ്യാപകമായി പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അവശ്യവസ്തുക്കളുമായി കേരളത്തിലെത്തുന്ന ഇതര സംസ്ഥാനക്കാരായ ലോറി ഡ്രൈവര്‍മാരുടേതാണ് ഈ അഭിപ്രായം.
ചരക്കുനീക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനു കേരള അതിര്‍ത്തിയിലെ മുത്തങ്ങയിലെത്തിയ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയോടാണ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് കേരളത്തിലേതാണെന്നു ഇതര സംസ്ഥാന ലോറിത്തൊഴിലാളികള്‍ പറഞ്ഞത്.
ചരക്കുമായി കേരളത്തിലേക്കുള്ള യാത്രയില്‍ കര്‍ണാടകയിലെ റോഡുകളിലും ചെക്‌പോസ്റ്റുകളിലും പോലീസുണ്ടാക്കുന്ന തൊന്തരവുകള്‍ ലോറി ഡ്രൈവര്‍മാര്‍ വിശദീകരിച്ചു. ചില പോലീസുകാര്‍ മാന്യമായി പെരുമാറാന്‍പോലും കൂട്ടാക്കുന്നില്ലെന്നു പറഞ്ഞു. ഈ സാഹചര്യത്തിലാണ് കേരള പോലീസ് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടോയെന്നു കലക്ടര്‍ ആരാഞ്ഞത്. ഇതിനു ലോറിത്തൊഴിലാളികള്‍ ഹൃദയത്തില്‍ത്തൊട്ടു നല്‍കിയ മറുപടി സംസ്ഥാന പോലീസിനു മറ്റൊരു പൊന്‍തൂവലായി.