റിയാദ്- ലോകം മുഴുവന്‍ കൊറോണ വ്യാപനത്തിനെതിരെ പൊരുതുമ്പോള്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ സൗദി അറേബ്യക്കെതിരെ മിസൈലുകള്‍ അയച്ച് ഭീകര പ്രവര്‍ത്തനം തുടരുന്നു.
ലോക രാഷ്ട്രങ്ങള്‍ ശക്തിയായി അപലപിച്ച ഹൂത്തി ആക്രമണത്തെ സൗദി പത്രങ്ങളും മുഖപ്രസംഗത്തില്‍ വിഷയമാക്കി. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യെമനില്‍നിന്ന് ഹൂത്തികള്‍ തൊടുത്ത മിസൈലുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കാന്‍ സാധിച്ച സൗദി പ്രതിരോധ സേനയുടെ ശേഷിയെ പത്രങ്ങള്‍ പ്രകീര്‍ത്തിച്ചു.
റിയാദും ജിസാനും ലക്ഷ്യമിട്ട് ഹുത്തികള്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തെ യു.കെ ശക്തിയായി അപലപിച്ചു. ഹൂത്തി മിലീഷ്യ പ്രകോപന നടപടികള്‍ ഒഴിവാക്കി യെമന്‍ പ്രതിസന്ധിക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ മുന്നോട്ടുവരണമെന്ന് മിഡില്‍ ഈസ്റ്റ് കാര്യങ്ങള്‍ക്കായുള്ള ബ്രിട്ടീഷ് സെക്രട്ടറി ജെയിംസ് ക്ലവര്‍ലി ആവശ്യപ്പെട്ടു.