Sorry, you need to enable JavaScript to visit this website.

മാഹിക്ക് ഇനിയുമെത്ര നാൾ  ഇങ്ങനെ മുന്നോട്ട് പോകാനാവും? 


മാഹി - ഇതിലും വലിയ ഒരു ദുരന്തം നമുക്കിനി എന്നെങ്കിലും നേരിടേണ്ടി വരുമോ? വർത്തമാന കാലത്ത് അങ്ങനേയും പ്രതീക്ഷിക്കാതിരുന്നു കൂടാത്ത അവസ്ഥയാണ്. 
വരേണ്ടണ്ടത് വരിക തന്നെ ചെയ്യും. ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴി, കേന്ദ്ര ഭരണ പ്രദേശമാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ 45,000 ജനസംഖ്യയുള്ള ഈ പ്രദേശം ഇന്ത്യയിൽ തന്നെയാണോ എന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ.
ഇവിടെ ഒന്നിന്റേയും കുറവില്ല. എല്ലാം ആവശ്യത്തിലധികം. കേരളത്തിന്റെ ചെറു പഞ്ചായത്തിന്റെ വലിപ്പം പോലുമില്ലാത്തിടത്ത് ജില്ലാ ഭരണാധികാരിയായ ഒരു റീജണൽ അഡ്മിനിസ്‌ട്രേറ്റർ. ഇപ്പോൾ അതുക്കും മീതെ സ്‌പെഷ്യൽ ഓഫീസർ. ഒരു പോലീസ് സൂപ്രണ്ട്. ഇപ്പോൾ മറ്റൊരു എസ്.പി കൂടി. എക്‌സിക്യൂട്ടീവ് എൻജിനീയർ, ഡപ്യൂട്ടി ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരും സ്ഥലം എം.എൽ.എയും ഉൾപ്പെട്ടതാണ് കൊറോണ ഭീഷണി തടയാനുള്ള ഉന്നത സമിതി.
ദിവസവും ഗവൺമെന്റ് ഹൗസിൽ കൃത്യം 10 മണിക്ക് ഇവർ യോഗം ചേരും. അവലോകനം നടത്തും, പിരിയും. മുടക്കമില്ലാതെ നടക്കുന്ന ഏകകാര്യം ഇതാണ്. ഇവരിൽ മിക്കവർക്കും ദേശവും ഭാഷയുമറിയില്ല.
ആദ്യം കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട മയ്യഴിയിൽ, സംസ്ഥാന സർക്കാർ ഒരു കോടിയുടെ സ്‌പെഷ്യൽ പാക്കേജ് പ്രഖ്യാപിച്ചു. ഓരോ റേഷൻ കാർഡുടമയുടെ ബാങ്ക് അക്കൗണ്ടിലും രണ്ടായിരം രൂപ വീതം നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. മരുന്ന് വാങ്ങാൻ എം.പി ഫണ്ട് അനുവദിച്ചു. മയ്യഴിയിലെ ഉന്നതാധികാര സമിതി ആദ്യ യോഗത്തിൽ തന്നെ ഇങ്ങനെ വാഗ്ദാനം ചെയ്തു. 'കൊറോണ നിരീക്ഷണത്തിൽ വീടുകളിൽ കഴിയുന്നവർക്കെല്ലാം മുടക്കമില്ലാതെ ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിക്കും.'


കൊറോണ നിരീക്ഷണ കാലമായ രണ്ടാഴ്ച കഴിഞ്ഞു. തുടർന്ന് രണ്ടാഴ്ച വീണ്ടും നീട്ടി. അതിനിടെ കർഫ്യൂ വന്നു. ലോക്ഡൗണായി. അഞ്ഞൂറോളം പേർ നിരീക്ഷണത്തിലുണ്ട്. ഇപ്പോൾ നാടാകെ വീടുകളിൽ തന്നെ തളയ്ക്കപ്പെട്ടു കഴിഞ്ഞു. വീടിന് പുറത്തിറങ്ങിയ 19 പേർ, 17 കേസുകളിൽ അറസ്റ്റിലായി. 20 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. മറ്റ് ചിലർ ചൂരലിന്റെ രുചിയറിഞ്ഞു. ജനങ്ങൾ എല്ലാം അനുസരിച്ചു. എന്നാൽ സർക്കാർ പറഞ്ഞ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല. ഒരു കോടിയുടെ പാക്കേജിൽ എന്തെങ്കിലും നടപ്പിലാക്കിയോ? ആർക്കെങ്കിലും രണ്ടായിരം കിട്ടിയോ? നിരീക്ഷണ കുടുംബങ്ങളിൽ ആർക്കെങ്കിലും ഭക്ഷ്യധാന്യങ്ങൾ വീടുകളിൽ ലഭ്യമായോ? ഇല്ല എന്ന് തന്നെയാണ് ഇതിനൊക്കെ ഉത്തരം.


മാഹിക്ക് തൊട്ടടുത്ത അഴിയൂർ ഗ്രാമപഞ്ചായത്ത് മനുഷ്യ സാധ്യമായ എല്ലാം ചെയ്തതിന് ശേഷം, തെരുവിലലയുന്ന പട്ടികൾക്കും പൂച്ചകൾക്കും വരെ ഭക്ഷണം വിതരണം ചെയ്യുകയാണിപ്പോൾ. ഒരുപക്ഷേ മയ്യഴിയിൽ ദുരന്തമുണ്ടാകുക, കൊറോണ കൊണ്ടായിരിക്കില്ല നിത്യവൃത്തിക്ക് വകയില്ലാതെ, മാരക രോഗങ്ങളുമായി വീടുകളിൽ കഴിയുന്ന 250 ലേറെ മാറാരോഗികളുണ്ട് മയ്യഴിയിൽ. വൃക്ക, കാൻസർ, ഹൃദയ രോഗികളായ അവർക്ക് മരുന്ന് വാങ്ങാൻ തന്നെ ഭീമമായ സംഖ്യ വേണം. മരുന്ന് ചുറ്റുവട്ടത്തൊന്നും കിട്ടുകയുമില്ല. ഒറ്റപ്പെട്ട് ജീവിക്കുന്ന വൃദ്ധജനങ്ങളുമുണ്ട്. പണമുണ്ടായിട്ടും, സാധനങ്ങൾ ലഭ്യമാക്കാനാവാത്തവരുമുണ്ട്. മരുന്നും ഭക്ഷണവുമില്ലാതെ നരകിക്കുന്ന ഇവരിൽ പലരേയും തിരിഞ്ഞ് നോക്കാനാളില്ല. എങ്ങനെ ഈ പ്രതിസന്ധി മറികടക്കാം എന്നാണ് ജനങ്ങളുടെ മുഴുവൻ ചിന്ത.

 

 

Latest News