Sorry, you need to enable JavaScript to visit this website.

സാന്ത്വന സംഗീതം 

സംഗീതവുമായി ഏറെ അടുപ്പിച്ചത്  ഈ നഗരമാണെന്ന് കോഴിക്കോട് ബീച്ച് റോഡിലെ  ഫഌറ്റിലിരുന്ന് രഞ്ജിനി പറയുന്നു. മ്യൂസിക്  തെറാപ്പിക്കായി ഒരു ഇൻസ്റ്റിറ്റിയൂട്ട് എന്ന സ്വപ്‌നത്തിന്റെ പാതയിലായിരുന്നു അവർ. അതിനായി സ്ഥലവും കണ്ടുവെച്ചിട്ടുണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാറ്റിനും അവധി നൽകിയിരിക്കുകയാണിപ്പോൾ. എങ്കിലും യൂനിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്കായി വാട്ട്‌സ്ആപ്പിലൂടെ ക്ലാസുകൾ നടത്തുന്നുണ്ട്. ഇത്തരം ക്ലാസുകൾ പാതിവഴിയിൽ ഉപേക്ഷിക്കാനാവില്ലല്ലോ.

സംഗീതത്തിലൂടെയുള്ള ശാന്തി മന്ത്രമാണ് രഞ്ജിനി വർമ്മ എന്ന അധ്യാപികയുടെ കരുത്ത്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കു സംഗീതത്തിലൂടെ സാന്ത്വനം പകരുമ്പോൾ ഈ അമ്മയുടെ ജീവിതം ധന്യമാകുന്നു. ഡൗൺ സിൻഡ്രോം ബാധിച്ച സ്വന്തം മകനു കരുത്തു പകരാൻ സംഗീത ചികിത്സ ആരംഭിച്ചപ്പോൾ അതൊരു നിമിത്തമാവുകയായിരുന്നു. ഇന്ന് കോഴിക്കോട്ടെ ഭിന്നശേഷിക്കാരായ പല വിദ്യാർത്ഥികളുടെയും പ്രിയപ്പെട്ട ഗുരുനാഥയാണവർ. പല വിദ്യാലയങ്ങളിലും ഇത്തരം കുട്ടികൾക്കു പ്രത്യേകമായി ക്ലാസുകൾ നൽകി ഉന്നതിയിലേക്കു നയിക്കുക എന്ന ലക്ഷ്യവും ഈ അധ്യാപികക്കുണ്ട്.
തൃപ്പൂണിത്തുറയിലാണ് ജനിച്ചുവളർന്നതെങ്കിലും മകന്റെ രോഗശാന്തി ലക്ഷ്യമിട്ടാണ് രഞ്ജിനി കോഴിക്കോട്ടെത്തിയത്. തൃപ്പൂണിത്തുറ സെന്റ് ജോസഫസ് കോൺവെന്റ് സ്‌കൂളിലും എൻ.എസ്.എസ് കോളേജിലുമായി വിദ്യാഭ്യാസം തുടരുമ്പോഴും സംഗീതം കൂട്ടിനുണ്ടായിരുന്നു. അച്ഛന്റെയും അമ്മമ്മയുടെയും സംഗീതാഭിരുചി പകർന്നുകിട്ടിയപ്പോൾ ഇതു ഭാവിയിൽ തനിക്കൊരു മുതൽകൂട്ടാകുമെന്ന് രഞ്ജിനി കരുതിയില്ല. വിവാഹിതയായി രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടെയാണ് രഞ്ജിനിയുടെ ജീവിതം മാറിമറിഞ്ഞത്.
മകൻ ഗോപീകൃഷ്ണ വർമ്മ ജന്മനാ ഡൗൺ സിൻഡ്രം ബാധിച്ചവനായിരുന്നു. കഴുത്തുറയ്ക്കാനും നടക്കാനുമെല്ലാം താമസം. സംസാരിച്ചു തുടങ്ങിയതു പോലും നാലു വയസ്സായതിനു ശേഷമായിരുന്നു. അങ്ങനെയാണ് കോഴിക്കോട്ടെ ശിശുരോഗ വിദഗ്ധനായ ഡോ. ഷാജി തോമസ് ജോണിനെ സമീപിക്കുന്നത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് 2002 ൽ തൃപ്പൂണിത്തുറയിൽനിന്നും കോഴിക്കോട്ടേക്കു ചേക്കേറുന്നത്. അദ്ദേഹത്തിന്റെയും ഡോ. മനോജിന്റെയും സഹായത്തോടെ ഫിസിയോ തെറാപ്പിയും മറ്റു ചികിത്സകളും ആരംഭിച്ചു. കൂടാതെ പാവമണി റോഡിലെ റോഷി സ്‌പെഷ്യൽ സ്‌കൂളിൽ ഗോപീകൃഷ്ണനെ ചേർക്കുകയും ചെയ്തു.


രഞ്ജിനിയാകട്ടെ, ഇതിനിടയിൽ ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും ബി.എഡും ടെറ്റും പാസായി. നടക്കാവ് സ്‌കൂളിലും ഈസ്റ്റ് ഹിൽ സ്‌കൂളിലും പുതിയാപ്പ സ്‌കൂളിലുമെല്ലാം ഗസ്റ്റ് അധ്യാപികയായി.
റോഷി സ്‌കൂളിലെ മകന്റെ പഠനത്തിനിടയിലാണ് കുട്ടികൾക്കു സംഗീത ചികിത്സയിലൂടെ കൂടുതൽ ശ്രദ്ധ നേടാം എന്ന ആശയം ടീച്ചറുടെ മനസ്സിലുദിച്ചത്. തുടർന്ന് റോഷി സ്‌കൂളിൽ സൗജന്യമായി മ്യൂസിക് തെറാപ്പി ക്ലാസ് ആരംഭിച്ചു.
കുട്ടിക്കാലത്ത് അഭ്യസിച്ച കർണാടക സംഗീതത്തിന്റെ ബാലപാഠം മാത്രമായിരുന്നു കൈമുതൽ. മുപ്പത്തഞ്ചാം വയസ്സിൽ വീണ്ടും സംഗീത വഴിയിലേക്കിറങ്ങി. ഹിന്ദുസ്ഥാനി സംഗീതമായിരുന്നു ലക്ഷ്യം. ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാദമിയിൽ ചേർന്നു. വിജയസേനനായിരുന്നു ഗുരുനാഥൻ. കൂടാതെ ചെന്നൈ സ്‌കൂൾ ഓഫ് മ്യൂസിക് തെറാപ്പിയിൽനിന്ന് പരിശീലനവും നേടി. മനസ്സിൽ സംഗീതം നിറഞ്ഞ നാളുകൾ. വീട്ടിലും സ്‌കൂളിലുമെല്ലാം ടീച്ചറുടെ പാട്ടിന്റെ അലയൊലികൾ മുഴങ്ങിത്തുടങ്ങി. ഭിന്നശേഷിക്കാരായ കുട്ടികൾക്കതു കാതിനും മനസ്സിനും അമൃത് പകർന്നു. ആനുകാലികസംഭവങ്ങൾ പലതും പാട്ടിന്റെ അകമ്പടിയോടെ പകർന്നുകൊടുത്തപ്പോൾ കുട്ടികൾക്ക് അതൊരു പുതിയ തിരിച്ചറിവായിരുന്നു. മാസങ്ങളുടെയും വർഷങ്ങളുടെയും പേരുകൾ മാത്രമല്ല, പ്രധാന വ്യക്തികളും സംഭവങ്ങളുമെല്ലാം ഇത്തരം പാട്ടുകൾക്കു വിഷയമായി. ഓട്ടിസം ബാധിച്ച പതിമൂന്നുകാരൻ പാട്ടുകൾ കേട്ടു കാര്യങ്ങൾ ഗ്രഹിച്ചത് വലിയ പ്രചോദനമാവുകയായിരുന്നു.
കലിക്കറ്റ് സർവകലാശാല സൈക്കോളജി വിഭാഗവും സാമൂഹിക നീതിവകുപ്പും ചേർന്നു നടത്തുന്ന കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് ആന്റ് റിഹാബിലിറ്റേഷൻ പ്രോഗ്രാമിന്റെ ഭാഗമായും രഞ്ജിനി ക്ലാസുകൾ നടത്തുന്നുണ്ട്.
എല്ലാറ്റിലുമുപരി കോഴിക്കോട്ടെ സംഗീത വേദികൾക്ക് സുപരിചിതയായ ഗായികയാണ് രഞ്ജിനിയിപ്പോൾ. പത്തു വർഷമായി കാലിക്കറ്റ്്് മ്യൂസിക് ക്ലബ്ബിലെ സ്ഥിരം ഗായിക. ബാബുരാജ് മ്യൂസിക് അക്കാദമി ഒരുക്കുന്ന സംഗീത പരിപാടികളിലും പാടുന്നു. കൂടാതെ കോഴിക്കോട്ട് നടക്കുന്ന റഫി നൈറ്റിലും കിഷോർ നൈറ്റിലുമെല്ലാം രഞ്ജിനിയുടെ സംഗീത സാന്നിധ്യമുണ്ടാകാറുണ്ട്. കുട്ടിക്കാലം തൊട്ടേയുള്ള സംഗീതാഭിരുചിക്കു വേരോട്ടം ലഭിച്ചത് കോഴിക്കോട്ടുനിന്നാണെന്നു രഞ്ജിനി പറയുന്നു.
ബാബുരാജ് മ്യൂസിക് അക്കാദമി ഒരുക്കിയ സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനവും രഞ്ജിനി സ്വന്തമാക്കിയിരുന്നു. മൂന്നു കവിതകളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. അവയിലൊന്നു ഭാരതപ്പുഴയുടെ സൗന്ദര്യത്തെക്കുറിച്ചുള്ളതായിരുന്നു. ഹിന്ദോളം രാഗത്തിലായിരുന്നു ചിട്ടപ്പെടുത്തിയത്. അക്കാദമിയുടെ പ്രിൻസിപ്പലായ കെ.എക്‌സ്. ട്രീസയായിരുന്നു കവിതകൾ എഴുതിയിരുന്നത്. സംഗീത സംവിധാന രംഗത്തേയ്ക്കുള്ള ചുവടുെവപ്പു കൂടിയായിരുന്നു ഇത്.
ട്രീസ ടീച്ചറുടെ മറ്റു കവിതകൾക്കു കൂടി സംഗീതം നൽകി ഒരു സംഗീത ആൽബവും ഒരുക്കിയിട്ടുണ്ട്. മാനസ തീരം എന്നു പേരിട്ട ഈ ആൽബത്തിനു മികച്ച പ്രതികരണമായിരുന്നു ലഭിച്ചതെന്ന് രഞ്ജിനി പറയുന്നു.
പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിൽ ബാലതാരമായിരുന്ന ബാദുഷ നായകനായി വേഷമിട്ട മുംബൈ ടാക്‌സി എന്ന ചിത്രത്തിൽ അൻവർ സംഗീതം നൽകിയ പാട്ടിലെ ഹിന്ദി വരികൾ എഴുതിയതും രഞ്ജിനിയായിരുന്നു. കൂടാതെ കുലുക്കിസർബത്ത് എന്ന ചിത്രത്തിനു വേണ്ടിയും ഹിന്ദി ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മഴയെ ഇതിവൃത്തമാക്കി ഒരുക്കിയ പ്രണയഗാനങ്ങളുടെ ആൽബത്തിൽ പാടാനും രഞ്ജിനിക്ക് അവസരം ലഭിച്ചു. ആൽബത്തിലെ മൂന്നു പാട്ടുകളിൽ ഒരു ഗാനം ആലപിച്ചത് നദീം അർഷാദായിരുന്നു.
ഭിന്നശേഷിക്കാരായ കുട്ടികൾക്കു മ്യൂസിക് തെറാപ്പിയിലൂടെ സവിശേഷമായ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പിച്ചു പറയുകയാണ് രഞ്ജിനി. ശ്രദ്ധ കേന്ദ്രീകരിക്കാനും കൃത്യമായി ഓർമയിൽ നിലനിർത്താനും മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും ഇത്തരം പഠനം സഹായകമാകുന്നുണ്ട്. കുട്ടികളുടെ കഴിവുകൾ വളർത്താനും മറ്റുള്ളവരോടുള്ള മനോഭാവത്തിൽ മാറ്റം വരുത്താനും മ്യൂസിക് തെറാപ്പി കൊണ്ട് കഴിയുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ രഞ്ജിനി പറയുന്നു.
ഒരിക്കൽ ആരോടും സംസാരിക്കാതെ കഴിഞ്ഞിരുന്ന ഒരു എട്ടു വയസ്സുകാരൻ മ്യൂസിക് തെറാപ്പി ചെയ്തതു വഴി നന്നായി സംസാരിക്കുന്നതും മറ്റൊരിക്കൽ ഒന്നിനോടും സഹകരിക്കാത്ത ഒരു പത്തു വയസ്സുകാരൻ വളരെ സൗഹൃദത്തോടെ പെരുമാറുന്നതുമെല്ലാം കാണുമ്പോൾ വളരെ സന്തോഷം തോന്നിയിട്ടുണ്ടെന്നു രഞ്ജിനി പറയുന്നു. പാട്ടിലൂടെ കാര്യങ്ങൾ പറയുക മാത്രമല്ല, പാട്ടുകൾ എഴുതിക്കുന്നതിലൂടെ അക്ഷരങ്ങളുമായി ആത്മബന്ധം സ്ഥാപിക്കാനും അവർക്കു കഴിയുന്നുണ്ട്.
എൽ.ഐ.സി ഉദ്യോഗസ്ഥനായ ഭർത്താവ് കിഷോറിന്റെ സഹകരണമാണ് സംഗീത രംഗത്ത് നിലയുറപ്പിക്കാൻ സഹായിക്കുന്നതെന്ന് രഞ്ജിനി പറയുന്നു. നല്ലൊരു ഗായകൻ കൂടിയായ കിഷോറും വേദികളിൽ പാടാറുണ്ട്. ഈ സംഗീത ഭ്രമം മകൻ ഗോപിക്കും ലഭിച്ചിട്ടുണ്ട്. സംഗീതവും നൃത്തവും അഭിനയവുമെല്ലാം അവന#ു വഴങ്ങുന്നുണ്ടെന്നു രഞ്ജിനി പറയുന്നു. 
ഒഴിവുസമയം അമ്മയോടൊപ്പം ടിക് ടോക് വീഡിയോകളും ഒരുക്കാറുണ്ട്. മറ്റു കുട്ടികളെപ്പോലെ പഠനത്തിലും ശ്രദ്ധാലുവായ ഗോപി ഹ്യുമാനിറ്റീസിൽ പ്ലസ് ടു പാസായി, എൽ.ബി.എസിലും ജി.ടെക്കിലും ചേർന്ന് കംപ്യൂട്ടർ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. മകൾ മാളവികയാകട്ടെ, അമേരിക്കയിലെ പെൻസിൽവാനിയയിൽ കാർനെഗി മെലോൺ യൂനിവേഴ്‌സിറ്റിയിൽ ഫിസിക്‌സ് ഗവേഷണ വിദ്യാർത്ഥിയാണ്.
തൈറോയ്ഡ് കാരണം ഒരിക്കൽ ശബ്ദം നഷ്ടപ്പെട്ടുപോയ അവസരമുണ്ടായിരുന്നു. ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ് ശബ്ദം തിരിച്ചുകിട്ടിയതെന്നും രഞ്ജിനി വിശ്വസിക്കുന്നു.സംഗീതവുമായി ഏറെ അടുപ്പിച്ചത് ഈ നഗരമാണെന്നു കോഴിക്കോട് ബീച്ച് റോഡിലെ ഫഌറ്റിലിരുന്ന് രഞ്ജിനി പറയുന്നു. മ്യൂസിക് തെറാപ്പിക്കായി ഒരു ഇൻസ്റ്റിറ്റിയൂട്ട് എന്ന സ്വപ്‌നത്തിന്റെ പാതയിലായിരുന്നു അവർ. അതിനായി സ്ഥലവും കണ്ടുവെച്ചിട്ടുണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാറ്റിനും അവധി നൽകിയിരിക്കുകയാണിപ്പോൾ. എങ്കിലും യൂനിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്കായി വാട്ട്‌സ്ആപ്പിലൂടെ ക്ലാസുകൾ നടത്തുന്നുണ്ട്. ഇത്തരം ക്ലാസുകൾ പാതിവഴിയിൽ ഉപേക്ഷിക്കാനാവില്ലല്ലോ.

Latest News