കൊച്ചി- യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇത് രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്നത്. നേരത്തെ അഡ്വ. രാം കുമാർ മുഖേന ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അതിന് ശേഷമാണ് അഡ്വ. രാമൻ പിള്ള മുഖേന ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ദിലീപ് പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ദിലീപിനെതിരെ സാക്ഷികളുടെ രഹസ്യമൊഴിയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി മുഖവിലക്കെടുത്തു.
കഴിഞ്ഞ ആഴ്ച്ച രണ്ട് ദിവസങ്ങളിലായി വിശദമായ വാദം കേട്ടതിന് ശേഷമാണ് ജാമ്യപേക്ഷയിൽ കോടതി വിധി പറഞ്ഞത്. ദിലീപിന്റെ ജാമ്യപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടർന്നാണ് പിന്നീട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ആദ്യഘട്ടത്തിൽ വിശദമായ വാദം കേട്ട കോടതി ദിലീപിന്റെ ജാമ്യപേക്ഷ തള്ളുകയായിരുന്നു. പിന്നീട് മുതിർന്ന അഭിഭാഷകൻ അഡ്വ. രാമൻ പിള്ള മുഖേനയാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. യുവനടി ആക്രമിക്കപ്പെട്ട ഉടൻ തന്നെ സംഭവത്തിൽ ദിലീപിന്റെ പങ്ക് വ്യക്തമായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കാവ്യാ മാധവനോടും കുടുംബത്തോടും പൾസർ സുനിക്കുള്ള ബന്ധം വ്യക്തമാക്കുന്ന മൊഴികളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
പൾസർ സുനിയുമായി തനിക്ക് ബന്ധമില്ലെന്ന ദിലീപിന്റെ വാദത്തെ പൂർണമായും എതിർത്താണ് പ്രോസിക്യൂഷൻ വാദിച്ചത്. തനിക്ക് കാവ്യാമാധവനുമായും കുടുംബവുമായും ബന്ധമുണ്ടെന്ന പൾസർ സുനിയുടെ മൊഴിയാണ് പ്രോസിക്യൂഷൻ ഇതിന് വേണ്ടി ഉയർത്തിക്കാട്ടിയത്. ഇതടക്കം ഉന്നയിക്കുന്ന ആരോപണങ്ങൾക്കെല്ലാമുള്ള തെളിവുകളും പ്രോസിക്യുഷൻ സമർപ്പിച്ചതായാണ് വിവരം. എന്നാൽ കുട്ടിക്കാലം തൊട്ട ക്രമിനലായ പൾസർ സുനിയെ പോലൊരാളുടെ മൊഴി വിശ്വാസത്തിലെടുക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കേസിൽ ദിലീപിനെ മനപൂർവ്വം കുടുക്കിയതാണെന്ന വാദമാണ് ദിലീപ് സമർപ്പിച്ച തെളിവുകളിലുള്ളത്.