തുറൈഫ് - തുറൈഫിലും പരിസര പ്രദേശങ്ങളിലും രണ്ടു ദിവസമായി ശക്തമായ കാറ്റും മഴയുമാണ്. വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും ഇടവിട്ട് താരതമ്യേന നല്ല മഴയാണ് ലഭിച്ചത്. രാവും പകലും കാറ്റ് അടിച്ചു വീശുകയാണ്. ഇടക്കിടക്ക് മഴ വർഷിക്കുന്നതിനാലും കാറ്റ് അടിക്കുന്നതിനാലും തണുപ്പ് തുടരുകയാണ്. മഴ മരുഭൂമികളിൽ ചില സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ടാക്കിയിട്ടുണ്ട്. മരുഭൂമിയിൽ പലഭാഗങ്ങളിലും പുല്ലും പൂക്കളും വിടർന്ന് മനോഹര ദൃശ്യമാണൊരുക്കിയിരിക്കുന്നത്. ആടുകളും ഒട്ടകങ്ങളും നന്നായി മേഞ്ഞു നടന്നു ഭക്ഷിക്കുന്ന കാലമായതിനാൽ കർഷകർ സന്തോഷത്തിലാണ്. കൊറോണ ജാഗ്രതയുടെ ഭാഗമായി വൈകുന്നേരങ്ങളിൽ ആട്ടിടയൻമാർ ഹൈവേ റോഡരികിൽ എത്താതിരിക്കാൻ ജാഗ്രത കാണിക്കുന്നുണ്ട്.