റിയാദ് - സമൻസ് പ്രകാരം കോടതിയിൽ ഹാജറാകാതിരുന്നതിന് അറസ്റ്റിലായ തൃശൂർ സ്വദേശിക്ക് കഴിഞ്ഞ ദിവസം ജയിൽ മോചനം. വാഹനാപകട കേസിൽ എതിർകക്ഷി നൽകിയ കേസിന് കോടതിയിൽ നിന്ന് സമൻസ് ലഭിച്ചെങ്കിലും ഹാജറാകാത്തതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുകയായിരുന്ന ചാവക്കാട് സ്വദേശി മുഹമ്മദ് റാഷിദിനാണ് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ ഇടപെട്ട് ജയിൽ മോചനമുണ്ടായത്.
റിയാദിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം കഴിഞ്ഞ വർഷം ഒക്ടോബറിൽ ജുബൈലിൽ അപകടത്തിൽ പെടുകയായിരുന്നു. പാക്കിസ്ഥാൻ പൗരൻ ഓടിച്ചിരുന്ന വാഹനത്തിന് പിറകിലാണ് ഇദ്ദേഹത്തിന്റെ വാഹനം ഇടിച്ചത്. അയാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വാഹനത്തിന് ഇൻഷുറൻസ് ഉള്ളതിനാൽ അന്ന് തന്നെ തീർപ്പായെന്നാണ് കരുതിയിരുന്നത്. എന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക് പൗരൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. കോടതിയിൽ നിന്ന് സമൻസ് വന്നെങ്കിലും അറബി ഭാഷ പരിജ്ഞാനമില്ലാത്തതിനാൽ മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിയിരുന്നു. വാഹനത്തിന് ഇൻഷുറൻസുളളതിനാൽ ഹാജറാവേണ്ടതില്ലെന്ന സുഹൃത്തുക്കളുടെ ഉപദേശ പ്രകാരം ഹിയറിംഗിന് കോടതിയിൽ ഹാജറായില്ല.
പിന്നീട് ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ട്രാഫിക് പോലീസിലെത്തിയപ്പോഴാണ് തന്റെ പേരിൽ കോടതിയിൽ കേസുള്ള വിവരമറിയുന്നത്. അവിടെ വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ബന്ധു അറിയിച്ചതനുസരിച്ച് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ വിഷയത്തിലിടപെടുകയും പോലീസുദ്യോഗസ്ഥരുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജുബൈൽ പോലീസ് സ്റ്റേഷനിൽ ഹാജറാക്കുകയും അവിടെനിന്ന് സ്‌പോൺസറുടെ ജാമ്യത്തിലിറക്കുകയും ചെയ്യുകയായിരുന്നു. ഇത്തരം വിഷയങ്ങളിൽ സൗദി നീതിന്യായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നാജിസ് പോർട്ടൽ വഴി അബ്ശിർ എക്കൗണ്ട് ഉപയോഗിച്ച് വിശദ വിവരങ്ങളറിയാമെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്നും സിദ്ദീഖ് തുവ്വൂർ അറിയിച്ചു.