കൊച്ചി- പ്രളയാനന്തരം കേരളം മറ്റൊരു മഹാമാരിയെ നേരിടുമ്പോള്‍ വീണ്ടും സഹായവുമായി കൊച്ചിയിലെ നൗഷാദ്. ഇത്തവണ കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ തെരുവില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കാണ് നൗഷാദ് കൈത്താങ്ങുമായി എത്തിയത്. കൊച്ചിയില്‍ തെരുവില്‍ ഭക്ഷണം കിട്ടാതെ കുടുങ്ങിയവര്‍ക്ക് പൊതിച്ചോറായാണ് നൗഷാദിന്റെ ഇത്തവണത്തെ സഹായം. സുഹൃത്തിന്റെ വാഹനത്തില്‍ എത്തി വിതരണം ചെയ്ത പൊതിച്ചോറ് നൂറോളം പേര്‍ക്കാണ് ആശ്വാസമായത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പൊതിച്ചോറ് എത്തിക്കുമെന്ന് നൗഷാദ് പറയുന്നു.
പ്രളയകാലത്ത് വസ്ത്രം ശേഖരിക്കാന്‍ ഇറങ്ങിയ സംഘത്തിന് തന്റെ തെരുവോര കടയില്‍നിന്ന് മുഴുവന്‍ തുണിത്തരങ്ങളും ദാനം ചെയ്താണ് നൗഷാദ് ശ്രദ്ധേയനാകുന്നത്. പ്രളയത്തിന്റെ ആദ്യഘട്ടങ്ങളില്‍ പലരും സഹായത്തിന് മടിച്ചുനിന്നപ്പോള്‍ നൗഷാദിന്റെ സേവന സന്നദ്ധത വളരെ പ്രശംസിക്കപ്പെട്ടിരുന്നു.