തിരുവനന്തപുരം- ബാങ്ക് വിളി കേൾക്കുമ്പോൾ പ്രസംഗം നിർത്തേണ്ടതില്ലെന്ന് പറഞ്ഞുവെന്ന് തന്റെ പേരിൽ കള്ള പ്രചാരണം നടത്തുകയാണെന്ന് മന്ത്രി ഡോ. കെ.ടി ജലീൽ. ബാങ്ക് വിളി കേൾക്കുമ്പോൾ പ്രസംഗം നിർത്തേണ്ടതില്ലെന്ന ജലീൽ പ്രസംഗിച്ചുവെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. ജൻ ശിക്ഷൻ സൻസ്ഥാന്റെ നേതൃത്വത്തിൽ തീരദേശത്ത് നടപ്പാക്കുന്ന 'ഉന്നതി' പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിനിടെ ജലീൽ ഇങ്ങിനെ പ്രസംഗിച്ചുവെന്നായിരുന്നു പ്രചാരണം. പരിപാടിക്കിടെ ബാങ്ക് വിളിച്ചപ്പോൾ പ്രസംഗിക്കുന്ന വ്യക്തി നിശബ്ദനായപ്പോഴാണ് മന്ത്രി ബാങ്ക് കേൾക്കുമ്പോൾ പ്രസംഗം നിര്‍ത്തേണ്ടതില്ലെന്ന് പറഞ്ഞുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുകയും ചെയ്തു. സൗദി അറേബ്യ ഒഴികെയുള്ള അറബ് രാഷ്ട്രങ്ങളിൽ പോലും ബാങ്ക് വിളിക്കുമ്പോൾ പ്രസംഗം നിർത്താറില്ലെന്ന് ജലീൽ അഭിപ്രായപ്പെട്ടു എന്നായിരുന്നു പ്രചാരണം. എന്നാൽ ഈ പ്രചാരണം പച്ചക്കള്ളമാണെന്നും കള്ളം പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജലീൽ വ്യക്തമാക്കി.
പി.വി.അബ്ദുൽ വഹാബ് എം.പി, ഫ്‌ലോറ ഗ്രൂപ്പ് ചെയർമാൻ ഹസ്സൻ, പ്രവാസി വ്യവസായ പ്രമുഖനായ വണ്ടൂർ മുഹമ്മദലി, കുഞ്ഞിമൂസ ചേന്നര എന്നിവരുൾപ്പെടെ പ്രാദേശിക രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഈ പരിപാടിയിൽ സംബന്ധിച്ചിരുന്നു. ബാങ്ക് കേൾക്കുമ്പോൾ പ്രസംഗം നിർത്തുന്ന ഒരാളാണ് താനെന്നും ഇത്തരം ഒരു പ്രസ്താവന നടത്തുകയോ, ഏതെങ്കിലും മാധ്യമ പ്രതിനിധിയോട് അഭിമുഖത്തിൽ അഭിപ്രായപ്പെടുകയോ ചെയ്തിട്ടില്ലെന്നും ജലീൽ വ്യക്തമാക്കി. ഇന്ന് തന്നെ പോലീസിനെ സമീപിക്കുമെന്നും ജലീൽ പറഞ്ഞു.