കല്‍പറ്റ-മേപ്പാടി പഞ്ചായത്തിലെ ഏലവയല്‍ സൂചിപ്പാറയ്ക്കു സമീപം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തലയോട്ടിയും നട്ടെല്ലിന്റെ ഭാഗവുമാണ് കണ്ടെത്തിയത്. ബാക്കി ഭാഗങ്ങള്‍ പാറക്കൂട്ടത്തിനകത്താണ്.
2019 ഓഗസ്റ്റ് എട്ടിലെ പച്ചക്കാട് ഉരുള്‍പൊട്ടലില്‍ മരിച്ചയാളുടേതാണ് അവശിഷ്ടങ്ങളെന്ന സംശയത്തിലാണ് നാട്ടുകാരും പോലീസും. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു മണ്ണില്‍ പുതഞ്ഞ പുത്തുമലയില്‍നിന്നു ഏകദേശം മൂന്നു കിലോമീറ്റര്‍ മറിയാണ് ഏലവയല്‍ സൂചിപ്പാറ. ബുധനാഴ്ച വൈകുന്നേരം ഇവിടെ കുളിക്കാനെത്തിയ യുവാക്കളാണ് മൃതദേഹാവശിഷ്ടങ്ങള്‍ ആദ്യം കണ്ടത്. ഉടന്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. വയനാട് എ.എസ്.പിയും മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫീസറുമായ ശ്രീപദംസിംഗിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
ഉരുള്‍പൊട്ടലില്‍ പുത്തുമലയില്‍ 17 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 18 ദിവസം നീണ്ട തെരച്ചലില്‍ 12 മൃതദേഹങ്ങള്‍ കിട്ടി. പുത്തുമല എസ്റ്റേറ്റ് കാന്റീനിലെ സഹായി എടക്കണ്ടത്തില്‍ നബീസ(72), പുത്തുമല നാച്ചിവീട്ടില്‍ അവറാന്‍(68), കണ്ണന്‍കാടന്‍ അബൂബക്കര്‍(62), മുത്താറത്തൊടി ഹംസ(62), അണ്ണയ്യന്‍(56) എന്നിവരെ കണ്ടെത്താനായില്ല. ഇവരുടെ കുടുംബത്തിലെ ഓരോ ആളുകള്‍ ഡി.എന്‍.എ പരിശോധനയ്ക്കു സാംപിള്‍ ശേഖരിക്കുന്നതിനു ഇന്നു രാവിലെ 10നു മേപ്പാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുത്തുമലയില്‍ 11-12 അടി ഉയരത്തിലാണ് കല്ലും മണ്ണും മരക്കഷണങ്ങളും അടിഞ്ഞത്. സൂചിപ്പാറ, നിലമ്പൂര്‍ അതിര്‍ത്തിവരെ വെള്ളപ്പാച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു.