കാസർകോട് - രാജ്യമെമ്പാടുമായി കോടാനുകോടി രൂപയുടെ സമ്പത്തിന്റെ ഉടമയും ദേര സച്ചാ സൗദ നേതാവുമായ ആൾദൈവം ഗുർമിത് റാം റഹിം സിങ്ങിനെ ജയിലിലേക്കെത്തിച്ചതിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ചത് കാസർകോട് സ്വദേശിയായ സി ബി ഐ ഉദ്യോഗസ്ഥൻ. കാസർകോട് ഉപ്പട മുളിഞ്ച സ്വദേശി നാരായണനാണ് ഈ ഉദ്യോഗസ്ഥൻ. കാസർകോട് ഗവ.കോളേജിൽ വിദ്യാഭ്യാസം പുർത്തിയാക്കിയ ഇദ്ദേഹം സി ബി ഐയിൽ എസ് ഐ റാങ്കിൽ ജോലിയിൽ പ്രവേശിച്ച് ജോയിന്റ് ഡയറക്ടർ പദവിയോടെയാണ് സർവീസിൽ നിന്ന് വിരമിച്ചത്. ആൾ ദൈവത്തിന്റെ അറസ്റ്റും ശിക്ഷയും രാജ്യമെങ്ങും ചർച്ച ചെയ്യുമ്പോഴും അതിന് പിന്നിൽ പ്രവർത്തിച്ച നാരായണൻ എന്ന സി ബി ഐ ഉദ്യോഗസ്ഥന്റെ ജന്മനാട് കാസർകോട് ജില്ലയാണെന്ന കാര്യം ആരും അറിയുന്നില്ല.
1970 ൽ കാസർകോട് ഗവ.കോളേജിൽ നിന്നും സയൻസിൽ ബിരുദമെടുത്ത ശേഷമാണ് നാരായണൻ സി ബി ഐയിൽ ചേർന്നത്. പിന്നീടുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതകാലം മുഴുവൻ വെല്ലുവിളിയുടെ നാളുകളായിരുന്നു. സർവ്വീസ് കാലത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കേസാണ് ആൾദൈവത്തിനെതിരെ ഉണ്ടായതെന്നും ഇപ്പോൾ ഡൽഹിയിൽ സ്ഥിരതാമസമാക്കിയ നാരായണൻ വെളിപ്പെടുത്തിയിട്ടുണ്ട്. 2002 സെപ്തംബർ മാസത്തിലാണ് ആൾ ദൈവത്തിനെതിരെയുള്ള ബലാത്സംഗ കേസ് പഞ്ചാബ്ഹരിയാന ഹൈക്കോടതി സി ബി ഐയ്ക്ക് കൈമാറിയത്. ആൾ ദൈവത്തിന്റെ പണത്തിനും പ്രതാപത്തിനും മുന്നിൽ ആദ്യത്തെ അഞ്ചു വർഷക്കാലം ഒന്നും സംഭവിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ പേടിയും ആൾ ദൈവത്തിന് വേണ്ടിയുള്ള ഉന്നതതല ഇടപെടലുകളുമായിരുന്നു കാരണം. ഇതോടെ കേസ് വീണ്ടും കോടതിയിലെത്തി. സ്വീധീനങ്ങൾക്കും പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാത്ത ഉദ്യോഗസ്ഥനെ കേസന്വേഷണത്തിന് നിയോഗിക്കാൻ കോടതി ഉത്തരവിട്ടു.
2002 ഡിസംബർ 12 ന് സി ബി ഐ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നാരായണന്റെ കൈകളിലെത്തി. മേലുദ്യോഗസ്ഥരും ജനപ്രതിനിധികളും വൻകിടക്കാരും സ്വാധീനങ്ങളുമായെത്തി. എല്ലാവരുടെയും ആവശ്യം കേസ് അന്വേഷണവുമായി മുന്നോട്ടു പോകരുതെന്നായിരുന്നു. ഒപ്പം നാരായണന് ആൾ ദൈവത്തിന്റെ ഭീഷണിയും ഉണ്ടായി. പക്ഷെ അദ്ദേഹം ഒന്നിനു മുന്നിലും തളർന്നില്ല. അന്വേഷണം ഏൽപ്പിച്ചത് കോടതിയാണെന്ന വിശ്വാസത്തിന്റെ ബലത്തിൽ തുടർ നടപടികളുമായി മുന്നോട്ടുപോയി.
മാസങ്ങളും വർഷങ്ങളും നീണ്ട അന്വേഷണത്തിനിടയിൽ പരാതിക്കാരിയായ മുൻ ആശ്രമവാസിയെ നാരായണൻ കണ്ടെത്തി. അപ്പോഴേക്കും അതിനുമുമ്പ് ആശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട പരാതിക്കാരിയായ യുവതി കുടുംബ ജീവിതത്തിലേക്ക് കടന്നിരുന്നു. ഒരച്ഛന്റെ സ്ഥാനത്ത് നിന്നു അദ്ദേഹം യുവതിയെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കുകയും ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം മൊഴിയെടുപ്പിക്കുകയും ചെയ്തു. കേസ് ഭാവിയിൽ ദുർബലപ്പെടാതിരിക്കാനായിരുന്നു ഇത്. ആൾ ദൈവത്തെ ചോദ്യം ചെയ്യുകയായിരുന്നു അടുത്ത കടമ്പ. അതും നിശ്ചയദാർഢ്യം കൊണ്ട് മറികടന്നു. ചോദ്യം ചെയ്യലിന് അരമണിക്കൂർ അനുവദിച്ച ആൾ ദൈവം ആദ്യം എല്ലാം മറച്ചു വെയ്ക്കാൻ ശ്രമിച്ചു. കൂർത്തു, മൂർത്ത ചോദ്യങ്ങൾക്ക് മുന്നിൽ ആൾ ദൈവത്തിന് അടിപതറി, തൊണ്ടയിടറി. മറച്ചുവെച്ച കാര്യങ്ങളോരോന്നും മൂടുപടം നീക്കി പുറത്ത് വന്നു. അങ്ങനെയാണ് ആൾദൈവം നിയമത്തിന് മുന്നിൽ കുറ്റക്കാരനായത്. 38 വർഷക്കാലമാണ് നാരായണൻ സി ബി ഐയിൽ സേവനം അനുഷ്ഠിച്ചത്. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധം, അയോധ്യ രാമക്ഷേത്ര കേസ്, ഖാണ്ഡഹാർ വിമാനം റാഞ്ചൽ കേസ് എന്നിവയൊക്കെ അന്വേഷിച്ച സി ബി ഐ സംഘത്തിലെ അംഗമായിരുന്നു നാരായണൻ. 2009ൽ സർവ്വീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തെ അതേവർഷം തന്നെ സി ബി ഐയുടെ ഉപദേഷ്ടാവായി നിയമിച്ചു. 38 വർഷത്തെ സർവ്വീസിന് ശേഷം 2009ൽ വിരമിച്ച നാരായണന് 1992 ൽ മികച്ച സേവനത്തിനുള്ള പൊലീസ് മെഡലും 1999 ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചിരുന്നു.