റിയാദ് - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അസാധാരണ ജി-20 ഉച്ചകോടി നാളെ ചേരും. വീഡിയോ കോൺഫറൻസ് രീതിയിലാണ് ഉച്ചകോടി നടക്കുക. കൊറോണ വ്യാപനം ചെറുക്കുന്നതിന് ആഗോള തലത്തിൽ നടത്തുന്ന ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനെയും മാനുഷിക, സാമ്പത്തിക മേഖലകളിൽ കൊറോണ വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനെയും കുറിച്ച് ഉച്ചകോടി വിശകലനം ചെയ്യും.
ജി-20 അംഗ രാജ്യങ്ങൾക്കു പുറമെ, സ്‌പെയിൻ, ജോർദാൻ, സിങ്കപ്പൂർ, സ്വിറ്റ്‌സർലാന്റ് എന്നീ രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും ഐ.എം.എഫും ലോക ബാങ്കും യു.എന്നും ഐക്യരാഷ്ട്ര സംഘടനക്കു കീഴിലെ ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപറേഷൻ ആന്റ് ഡെവലപ്‌മെന്റും വേൾഡ് ട്രേഡ് ഓർഗനൈസേഷനും ഫിനാൻഷ്യൽ സ്റ്റേബിലിറ്റി ബോർഡും ഉച്ചകോടിയിൽ സംബന്ധിക്കും.
ആസിയാൻ രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിയറ്റ്‌നാമും ആഫ്രിക്കൻ യൂനിയനെ പ്രതിനിധീകരിച്ച് ദക്ഷിണാഫ്രിക്കയും ഗൾഫ് സഹകരണ കൗൺസിലിനെ പ്രതിനിധീകരിച്ച് യു.എ.ഇയും ന്യൂ പാർട്ണർഷിപ്പ് ഫോർ ആഫ്രിക്കാസ് ഡെവലപ്‌മെന്റിനെ പ്രതിനിധീകരിച്ച് റുവാണ്ടയും ഉച്ചകോടിയിൽ പങ്കെടുക്കും. നിലവിൽ പ്രാദേശിക സംഘടനകളുടെയും ഗ്രൂപ്പുകളുടെയും അധ്യക്ഷ സ്ഥാനം വഹിക്കുന്ന രാജ്യങ്ങളെയാണ് ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജി-20 രാജ്യങ്ങളിലെ ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും സമാന രീതിയിൽ യോഗം ചേർന്നിരുന്നു.