ജിദ്ദ- രൂപ കുത്തനെ ഇടിയുകയാണ്. പ്രവാസികള്‍ക്ക് സ്വപ്‌ന സമാനമായ വിനിമയ നിരക്ക് ആണ് കിട്ടുന്നത്. പക്ഷെ പണമയക്കല്‍ അല്‍പം ആലോചിച്ചു മാത്രം മതി. പലരുടേയും പക്കല്‍ അയക്കാന്‍ പണമില്ല എന്നത് മറ്റൊരു കാര്യം.
വിനിമയ നിരക്ക് റിയാലിന് 21 രൂപയിലേക്ക് കുതിക്കുകയാണ്. ദിര്‍ഹമാകട്ടെ, 20.80 വരെയെത്തി. സമീപകാലത്തൊന്നും ലഭിച്ചിട്ടില്ലാത്ത നിരക്ക്. എന്നാല്‍ മണി എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങളൊന്നും തുറക്കുന്നില്ല. ഓണ്‍ലൈന്‍ വഴി അയക്കല്‍ മാത്രമാണ് ഇപ്പോള്‍ കരണീയം.
എന്നാല്‍ പണമയക്കും മുമ്പ് ഒന്നാലോചിക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. കൊറോണ പ്രതിസന്ധി രൂക്ഷമായി വരികയാണ്. കൈയില്‍ കുറച്ച് കാശ് കരുതുന്നത് തന്നെയാണ് നല്ലത്. അടിയന്തര ഘട്ടമുണ്ടായാല്‍ മറ്റുള്ളവരോട് കടം വാങ്ങാന്‍ ബുദ്ധിമുട്ടായിരിക്കും. എല്ലാവരും പ്രതിസന്ധിയിലാണല്ലോ. അതിനാല്‍ ഭാഗികമായി മാത്രം അയക്കാനും കുറച്ച് പണം കൈയില്‍ കരുതാനും സാമ്പത്തിക വിദഗ്ധര്‍ ഉപദേശിക്കുന്നു.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കുറക്കാനും വായ്പ വാങ്ങുന്നത് നിര്‍ത്താനും അവര്‍ പറയുന്നുണ്ട്. അടുത്ത രണ്ട് മാസം കൃത്യമായ ഒരു സാമ്പത്തിക പ്ലാനിംഗ് തയാറാക്കാം.
രൂപ ഇനിയും ഇടിയുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. മാര്‍ച്ച് 31 മുതല്‍ മൂന്നു ദിവസം റിസര്‍വ് ബാങ്കിന്റെ നയഅവലോകന യോഗം നടക്കുകയാണ്. അതുവരെ രൂപ രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസൃതമായി ദുര്‍ബലമായിക്കൊണ്ടിരിക്കും. അതിനാല്‍ സ്ഥിതി കൂടുതല്‍ പരിതാപകരമാകും.