കോഴിക്കോട്- കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് പകരം മതവിശ്വാസികള്‍ ളുഹര്‍ നമസ്‌കരിച്ചാല്‍ മതിയെന്ന് സുന്നി നേതാക്കള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുമാണ് നിലപാട് വ്യക്തമാക്കിയത്. മഹാവിപത്തിന്റെ വ്യാപനം തടയാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പ്രത്യേക നിയന്ത്രണത്തോട് പൂര്‍ണമായും സഹകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം കാരണം ശാഫിഇ മദ്ഹബില്‍ നാല്‍പത് പേര്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാക്കിയ വെള്ളിയാഴ്ച ജുമുഅ നിര്‍വഹിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ പകരം ളുഹര്‍ നമസ്‌കാരം നിര്‍വഹിക്കുകയാണ് വേണ്ടതെന്ന് സമസ്ത ഇ.കെ വിഭാഗം നേതാക്കള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ജനസമ്പര്‍ക്കം വിലക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂട്ടം ചേര്‍ന്നുള്ള ആരാധനകള്‍ പാടില്ലാത്തതിനാല്‍ വെള്ളിയാഴ്ച ജുമുഅ ഇനി ഒരു അറിയിപ്പുണ്ടാകും വരെ പള്ളികളില്‍ നിര്‍വഹിക്കില്ലെന്നും വിശ്വാസികള്‍ വീടുകളില്‍ ആരാധനകളില്‍ സജീവമാകുകയാണ് വേണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ച് ജുമുഅ നമസ്‌കാരം നിര്‍വഹിക്കുന്ന രീതി ഈ സാഹചര്യത്തില്‍ പാടില്ല. നമ്മുടെ ശരീരത്തെ അപകടകരമായ അവസ്ഥയിലേക്ക് വിട്ടുകൊടുക്കരുതെന്ന് ഖുര്‍ആന്‍ കല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.