കോഴിക്കോട്- സ്ത്രീകൾക്ക് ചേലാകർമ്മം എന്ന പേരിൽ പ്രാകൃതമായ ചികിത്സാ രീതി നടത്തുന്നു എന്ന മാധ്യമ വാർത്തയെ തുടർന്ന് സ്ഥാപനം യൂത്ത് ലീഗ് പ്രവർത്തകർ അടച്ചു പൂട്ടി. കോഴിക്കോട് സൗത്ത് ബീച്ചിലുള്ള ദാറുൽ ശിഫ എന്ന സ്ഥാപനമാണ് യൂത്ത് ലീഗ് പ്രവർത്തകർ അടച്ച് പൂട്ടിയത്. സ്ഥാപനത്തിന്റെ ബോർഡുകൾ പ്രവർത്തകർ നീക്കം ചെയ്തു. ആഫ്രിക്കയിലെ ഗോത്ര വിഭാഗങ്ങളിൽ മാത്രം കേട്ട് കേൾവിയുള്ള ഇത്തരം അപരിഷ്‌കൃത സമ്പ്രദായം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പ്രസ്താവിച്ചു. ക്ലിനിക്ക് താഴിട്ട് പൂട്ടിയതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ക്ലിനിക്കുകൾ എവിടെയെങ്കിലും പ്രവർത്തിക്കുന്നുവെന്നറിഞ്ഞാൽ അത്തരം സ്ഥാപനങ്ങൾ അടച്ച് പൂട്ടാൻ യൂത്ത് ലീഗ് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം തുടർന്നു. ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തികൾ മതത്തെ കൂട്ട് പിടിച്ച് നടപ്പിലാക്കുന്നതിനെതിരെ അവബോധം ഉണ്ടാക്കുന്നതിന് യൂത്ത് ലീഗ് കാമ്പയിൻ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ചികിത്സക്കെന്ന വ്യാജേനെ ഡോക്ടറെ സമീപിച്ച വനിതാ റിപ്പോർട്ടറോടാണ് പ്രാകൃതമായ ചികിത്സാ രീതി ഡോക്ടർ നിർദ്ദേശിച്ചത്. മുമ്പ് പലർക്കും ഇത്തരത്തിൽ ചെയ്തിരുന്നുവെന്നും ഡോക്ടർ വെളിപ്പെടുത്തിയിരുന്നു.
പ്രതിഷേധത്തിന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.എ റഷീദ്, സെക്രട്ടറി എ. ഷിജിത്ത് ഖാൻ, യു. സജീർ, ടി.പി.എം ജിഷാൻ, വി. ശിഹാബ്, ഒ.എം നൗഷാദ്, ഷഫീഖ് അരക്കിണർ, സെമീർ പള്ളിക്കണ്ടി, ഒ.വി അൽത്താഫ്, ഷഫീഖ് തോപ്പയിൽ, ഇ. മുജീബ് റഹ്മാൻ, കുഞ്ഞിമരക്കാർ മലയമ്മ, ടി. സുൽഫീക്കർ, മനാഫ്, എൻ.കെ ഹാരിസ്, അഷറഫ് മുഖദാർ, നസീർ പണിക്കർ റോഡ് നേതൃത്വം നൽകി.