അഖിലയിൽനിന്ന് ഹാദിയയിലേക്കുള്ള ഒരു ഇരുപത്തിനാലുകാരിയുടെ യാത്രയെ പറ്റി അന്വേഷിക്കുകയാണ് ദേശീയ അന്വേഷണ ഏജൻസി. സുപ്രീം കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഷെഫിൻ ജഹാനുമായുള്ള വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് എൻ.ഐ.എ അന്വേഷിക്കുന്നത്. എന്നാൽ ഷെഫിൻ ജഹാൻ ഹാദിയയെ കണ്ടുമുട്ടുന്നതിനും മുമ്പ് തുടങ്ങിയതാണ് അഖിലയുടെ ഹാദിയയിലേക്കുള്ള പ്രയാണം. അഖില എന്ന ഹാദിയയുടെ യാത്രയെ പറ്റി ഇന്ത്യൻ എക്‌സ്പ്രസിൽ ഷാജു ഫിലിപ്പ് എഴുതിയ ലേഖനത്തിൽനിന്ന്.
ഹാദിയ എന്ന പെൺകുട്ടിയുടെ മതംമാറ്റവും വിവാഹവും ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിലാണ്. അഖില എന്ന ഹാദിയയുടെ പിതാവ് നിരീശ്വരവാദിയാണ്. അമ്മയാകട്ടെ ഉറച്ച ഹിന്ദു വിശ്വാസിയും. ഇവർ ഇരുവർക്കുമിടയിൽനിന്നാണ് അഖില പലപ്പോഴും തന്നെ കണ്ടെത്തിയത്.
കേരള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാതലത്തിൽ കോട്ടയം ടി.വി പുരത്തെ ഈ വീട് കഴിഞ്ഞ മൂന്നു മാസമായി പോലീസിന്റെ കാവലിലാണ്. ഹാദിയക്ക് പുറത്തിറങ്ങാനോ ആരോടെങ്കിലും സംസാരിക്കാനോ അനുവാദമില്ല. ഹാദിയയുടെ ഓരോ നീക്കവും പോലീസ് നിരീക്ഷിച്ചുവരുന്നു.
നിരവധി തവണ കൗൺസെലിംഗ് നടത്തിയിട്ടും താൻ കണ്ടെത്തിയ വിശ്വാസത്തിൽനിന്ന് ഒരിഞ്ച് പോലും മാറാൻ ഹാദിയ തയ്യാറായിട്ടില്ലെന്ന് ഹാദിയയുടെ അമ്മാവനും പ്രാദേശിക കോൺഗ്രസ് നേതാവുമായ സുരേഷ് ബാബു പറഞ്ഞു. അച്ഛനോടും അമ്മയോടും മുസ്്‌ലിമാകാനാണ് അവൾ ആവശ്യപ്പെടുന്നത്. അശോകൻ ഭാര്യ പൊന്നമ്മയുമായി മതവിശ്വാസവുമായി ബന്ധപ്പെട്ട് പലപ്പോഴും കലഹിക്കാറുണ്ടായിരുന്നു. ഇതും ഹാദിയയിൽ ആശയകുഴപ്പമുണ്ടാക്കിയെന്ന് സുരേഷ് ബാബു വ്യക്തമാക്കുന്നു.
കോടതി ഹാദിയയെ സ്വന്തം വീട്ടിലേക്ക് അയച്ച ശേഷം അവളുടെ ഒരു ദൃശ്യം മാത്രമാണ് പുറത്തുവന്നത്. ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറാണ് ആ വീഡിയോ പുറത്തുവിട്ടത്. ഹാദിയയുടെ അമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കെ കയറി വന്ന് എന്റെ ജീവിതം ഇങ്ങിനെ മതിയോ എന്ന് ചോദിക്കുന്ന ദൃശ്യമായിരുന്നു അത്.
56 കാരനായ മുൻ പട്ടാളക്കാരനാണ് അശോകൻ. അശോകൻ- പൊന്നമ്മ ദമ്പതികളുടെ ഏകമകളാണ് അഖില എന്ന ഹാദിയ. കോട്ടയത്തെ ഒരു സാധാരണ പ്രദേശമാണ് ടി.വി പുരം. ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന സ്ഥലം. ഇവിടുത്തെ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലാണ് അഖില പഠിച്ചത്. പ്ലസ് ടു പഠനത്തിന് ശേഷം സേലത്തെ ശിവരാജ് ഹോമിയോപതിക് മെഡിക്കൽ കോളെജിൽ പ്രവേശനം ലഭിച്ചു. ഒരു ഏജന്റ് വഴി അമ്മാവൻ സുരേഷ് ബാബു തന്നെയാണ് ഇവിടെ പ്രവേശം തരപ്പെടുത്തിയത്. 2010 ഓഗസ്റ്റിലായിരുന്നു ഇവിടെ ചേർന്നത്.
25 കുട്ടികളാണ് അഖിലയുടെ ബാച്ചിലുണ്ടായിരുന്നത്. ഇതിൽ നാലു പേർ കേരളത്തിൽനിന്നുള്ളവരായിരുന്നു. ദിവ്യ, അർച്ചന രാജൻ, ദിൽന, ജസീല അബൂബക്കർ എന്നിവർ. ജസീലയുടെ സഹോദരി ഫസീനയും ഇവിടെ മറ്റൊരു കോഴ്‌സിന് പഠിക്കുന്നുണ്ടായിരുന്നു. ആറു മാസത്തിന് ശേഷം ഇവർ ഹോസ്റ്റലിൽനിന്ന് മാറി ഒരു വീട് വാടകക്കെടുത്ത് അവിടെ താമസം തുടങ്ങി.
മുസ്ലിം കൂട്ടുകാർക്കൊപ്പം ആദ്യമായി താമസിക്കുകയായിരുന്നു അഖില. ഫസീനയും ജസീലയുമെല്ലാം നമസ്‌കരിക്കുന്നതും മറ്റ് പ്രാർത്ഥനകളിൽ ഏർപ്പെടുത്തുന്നതുമെല്ലാം അഖില താൽപര്യപൂർവ്വം ശ്രദ്ധിക്കാറുണ്ടായിരുന്നു. അഖിലയുടെ താൽപര്യം ഇവർക്ക് അത്ഭുതകരമായിരുന്നു. അച്ഛനെ പോലെ അഖിലയും യുക്തിവാദി തന്നെയായിരിക്കുമെന്നായിരുന്നു ഫസീനയുടെയും ജസീലയുടെയും ധാരണ. വീട്ടിലെ മറ്റുള്ളവർ അമ്പലത്തിലേക്ക് പോകുമ്പോൾ അഖിലയെയും കൂടെ വരാൻ അവർ നിർബന്ധിക്കാറുണ്ടായിരുന്നു.
ഒരിക്കൽ ജസീലയിൽനിന്ന് ഖുർആന്റെ മലയാള പരിഭാഷ അഖില വാങ്ങി. ഖുർആനിൽനിന്നുള്ള വചനങ്ങൾ അഖില ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യാനും തുടങ്ങി. ഒരു നിരീശ്വരവാദിയായിരിക്കുന്നതിലും നല്ലതാണ് ഒരു മതവിശ്വാസിയാകുന്നത് എന്ന് അഖില പറഞ്ഞുവെന്ന് ഫസീന വ്യക്തമാക്കുന്നു. ജീവിതത്തിലെ മുഴുവൻ കാര്യങ്ങളും അഖില തന്റെ അമ്മയോട് പങ്കുവെക്കാറുണ്ടായിരുന്നുവെന്നും ഫസീന.
ഒന്നാം സെമസ്റ്ററിൽ തോറ്റുവെന്നും ഇതോടെ കോഴ്‌സ് തന്നെ അവസാനിപ്പിക്കാൻ അഖില തീരുമാനിച്ചുവെന്നും ഇവരുടെ കൂടെ താമസിച്ചിരുന്ന അർച്ചന പറയുന്നു. പാലക്കാട് ജില്ലയിലെ ആര്യമ്പാവ് സ്വദേശിയാണ് അർച്ചന.തുടർന്ന് ജസീലയാണ് അഖിലയുടെ മനസ് മാറ്റിയെടുത്തത്. ഇതോടെ ഇരുവരും തമ്മിൽ കൂടുതൽ അടുത്തു.
അഖില തന്റെ ഫോണിൽ ഇസ്ലാമിക പ്രഭാഷണങ്ങൾ കേൾക്കൽ പതിവായിരുന്നു. ഇസ്ലാമുമായി ബന്ധപ്പെട്ട അഖിലയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഫസീനക്കും ജസീലക്കും കഴിഞ്ഞില്ല. അഖിലയുടെ ചോദ്യങ്ങൾക്കുളള ഉത്തരം ലഭിക്കാനായി ഫസീന തന്റെ പിതാവ് അബൂബക്കറുമായി ബന്ധിപ്പിച്ചു. പെരിന്തൽമണ്ണയിൽ ഫർണിച്ചർ കട നടത്തുകയാണ് അബൂബക്കർ. അഖിലയുമായി മതവിഷയങ്ങൾ സംസാരിച്ചതായി അബൂബക്കർ പറയുന്നു.
2011ൽ റമദാൻ കാലത്ത് അഖില അവളുടെ വീട്ടിലായിരുന്നു. ഈ സമയത്ത് അഖില വ്രതമെടുത്തു. പെരുന്നാളിന് മറ്റു കൂട്ടുകാരോടൊപ്പം പെരിന്തൽമണ്ണയിലെ ഫസീനയുടെ വീട്ടിൽ പെരുന്നാൾ ആഘോഷിച്ചു. ഇസ്്‌ലാം സ്വീകരിക്കാനുള്ള തന്റെ ആഗ്രഹം അഖില ഒരിക്കൽ പങ്കുവെച്ചതായി അബൂബക്കർ പറയുന്നു. അച്ഛൻ യുക്തിവാദിയാണെന്നും വീട്ടിനടുത്ത് വേറെ ഒരൊറ്റ മുസ്ലിം കുടുംബം പോലുമില്ലെന്ന കാര്യവും അഖിലയെ അബൂബക്കർ ഓർമ്മിപ്പിച്ചു. അവൾക്ക് ഉപനിഷത്ത് സമ്മാനിച്ചു. അത് വായിക്കാൻ പറഞ്ഞു. കോഴ്‌സ് പൂർത്തിയാക്കാനും ഉപദേശിച്ചു. അബൂബക്കർ പറയുന്നു.
അഖില ഖുർആനിൽനിന്നുള്ള വചനങ്ങൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് തങ്ങളെ വിഷമത്തിലാക്കിയിരുന്നുവെന്ന് ഫസീന പറഞ്ഞു. എല്ലാ ആത്മാവും മരണത്തെ രുചിക്കുമെന്ന ഖുർആനിലെ വചനം അഖില പോസ്റ്റ് ചെയ്തിരുന്നു. കണ്ണൂരിൽനിന്നുള്ള ഷാനിബ് എന്നയാൾ ഇത് ലൈക്ക് ചെയ്തു. ബംഗളൂരുവിൽ എം.ബി.എ വിദ്യാർഥിയായിരുന്നു ഷാനിബ്. ഷാനിബ് തന്റെ കസിനായ ഷെറിൻ ഷഹാനക്ക് അഖിലയെ പരിചയപ്പെടുത്തി. ഷഹാനയുടെ ഭർത്താവ് ഫസൽ മുസ്തഫ യെമനിൽനിന്നുളള ഇസ്്‌ലാമിക പഠനത്തിൽ ആകൃഷ്ടനായ ഒരാളായിരുന്നു. ഈ സമയത്ത് ദമ്പതികൾ മംഗളൂരുവിലാണ് താമസിച്ചിരുന്നു. മുസ്തഫ അവിടെ ഒരു പള്ളിയിൽ ജോലി ചെയ്തുവരികയായിരുന്നു.
പിന്നീട് അഖില ഷഹാനയുമായും മുസതഫയുമായും സ്ഥിരമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഫെയ്‌സ്ബുക്ക് സൗഹൃദങ്ങളെ പറ്റി പലപ്പോഴും അഖിലക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ഫസീന പറയുന്നു. ഹിന്ദു സ്ത്രീകളെ വലയിലിക്കാൻ ചിലർ നിഗൂഢമായി ശ്രമിക്കുന്നുണ്ടെന്ന് പോലും അഖിലയെ ഓർമ്മിപ്പിച്ചിരുന്നു. പക്ഷെ, അത് കേൾക്കാൻ അവൾ തയ്യാറായില്ല.
മംഗളൂരുവിലുള്ള ദമ്പതികളോട് ഇസ്ലാം സ്വീകരിക്കാനുള്ള തന്റെ താൽപര്യം അഖില അറിയിച്ചു. ഇതനുസരിച്ച് ഇവർ കൊച്ചിയിലെത്തി. 2015 സെപ്തംബർ പത്തിനായിരുന്നു ഇത്. മുസ്ലിമായി ജീവിക്കാൻ തീരുമാനിച്ചുവെന്നും ആരുടെയും പ്രേരണയാലല്ല ഇങ്ങിനെ തീരുമാനമെടുത്തതെന്നുമുള്ള സത്യവാങ്മൂലം കൊച്ചിയിലെ ഒരു അഭിഭാഷകനിൽനിന്ന് അഖിലക്ക് ലഭിച്ചു. തന്റെ മതംമാറ്റം അഖില രഹസ്യമായി സൂക്ഷിച്ചു. എന്നാൽ അമ്മ പൊന്നമ്മക്ക് മകളുടെ ഇസ്ലാമിക പഠനത്തെ പറ്റി സൂചനകളുണ്ടായിരുന്നു. ആസ്യ എന്ന പേരായിരുന്നു അഖില സ്വീകരിച്ചത്.
2015 നവംബറിലാണ് ബന്ധുക്കളിൽ ചിലർ അഖിലയുടെ മതംമാറ്റത്തെപ്പറ്റി അറിയുന്നത്. അഖിലയുടെ മുത്തശ്ശൻ മരിച്ച് നാൽപത് ദിവസം പൂർത്തിയാക്കിയപ്പോഴായിരുന്നു ഇത്. മരണാനന്തര ചടങ്ങിൽനിന്ന് അഖില വിട്ടുനിന്നു. ആർത്തവ സംബന്ധമായ കാര്യങ്ങളാലാണ് അഖില പങ്കെടുക്കാതിരുന്നത് എന്നായിരുന്നു കുടുംബാംഗങ്ങളുടെ ധാരണ. ഇസ്ലാമിക പുസ്തകങ്ങൾ വാങ്ങിക്കൂട്ടുകയും മുസ്്‌ലിം ആരാധനകൾ അഖില അനുഷ്ടിക്കുന്നുവെന്ന വിവരം പിന്നീടാണ് ലഭിച്ചത്.
ഹിന്ദു മതത്തെ അപേക്ഷിച്ച് മികച്ച മതമാണ് ഇസ്ലാമെന്ന് അഖില വാദിച്ചതായി അമ്മാവൻ സുരേഷ് ബാബു പറയുന്നു. ഇത് കുടുംബാംഗങ്ങൾക്കിടയിൽ വലിയ പ്രശ്‌നത്തിന് കാരണമായി. തർക്കം മൂർച്ഛിച്ചതിനെതുടർന്ന് 2016 ജനുവരി ഒന്നിന് അഖില വീടുവിട്ടിറങ്ങി. സേലത്തെ കോളേജിലേക്ക് പോകുന്നുവെന്നായിരുന്നു വീട്ടിൽ പറഞ്ഞത്. പെരിന്തൽമണ്ണയിലെ ഫസീനയുടെ വീട്ടിലേക്കാണ് അഖില പോയത്. മംഗളൂരുവിലേക്ക് മുസ്തഫ-ഷഹാന ദമ്പതികളുടെ അടുത്തേക്കായിരുന്നു അഖില യാത്ര തുടങ്ങിയത്. പഠനം അവസാനിപ്പിക്കാനും അച്ഛനും അമ്മയുമായുള്ള ബന്ധം അവസാനിപ്പിക്കാനും മംഗളൂരുവിലെ മുസ്തഫ-ഷഹാന ദമ്പതികൾ അഖിലയെ പ്രേരിപ്പിച്ചുവെന്ന് അബൂബക്കർ പറയുന്നു. അഖില മംഗളൂരുവിലേക്ക് പോകുന്നുവെന്ന് കേട്ടപ്പോൾ അവളെ അതിൽനിന്ന് പിന്തിരിപ്പിച്ച് എന്റെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് അബൂബക്കർ.
മംഗളൂരു ദമ്പതികളുമായുള്ള അഖിലയുടെ ബന്ധം അധികകാലം തുടർന്നില്ലെന്ന് ഈ കേസ് അന്വേഷിച്
ക്രൈം ബ്രാഞ്ച് സൂപ്രണ്ട് കെ.വി സന്തോഷ് പറഞ്ഞു. ഈ ദമ്പതികളുടെ കടുത്ത യാഥാസ്ഥികത്വം അഖിലക്ക് ഇഷ്ടമായില്ല. ഈ ദമ്പതികൾ പിന്നീട് സൗദിയിലേക്ക് പോകുകയും ചെയ്തു. വീട്ടിലെത്തിയ അഖില മതംമാറാനുള്ള തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. തൊട്ടടുത്ത ദിവസം പെരിന്തൽമണ്ണയിൽ ഒരു അഭിഭാഷകനിൽനിന്ന് സത്യവാങ്മൂലം വാങ്ങിച്ചു. ആരുടെയും പ്രേരണയാലല്ല ഇസ്‌ലാം സ്വീകരിക്കുന്നത് എന്ന സത്യവാങ്മൂലവുമായി കോഴിക്കോടുള്ള രണ്ട് മത പഠന കേന്ദ്രങ്ങളിൽ സമീപിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. തുടർന്നാണ് മഞ്ചേരിയിലെ സത്യസരണിയെ സമീപിച്ചത്. പുതുതായി മതംമാറിയെത്തുന്നവർക്കുള്ള രണ്ട് മാസത്തെ റസിഡൻഷ്യൽ കോഴ്‌സാണ് ഇവിടെനിന്ന് നൽകുന്നത്. ആവശ്യമായ രേഖകളില്ലാത്തതിനാൽ സത്യസരണിയിലും അഖിലക്ക് പ്രവേശനം നൽകിയില്ല. അവർ അബൂബക്കറിന്റെ വീട്ടിലേക്ക് തന്നെ തിരിച്ചുപോന്നു. തൊട്ടടുത്ത ദിവസം അഖില കോളേജിലേക്ക് തന്നെ മടങ്ങി.
മുഖമക്കന ധരിച്ചാണ് അഖില കോളേജിലെത്തിയത്. ഇത് കോളേജിൽ ഏവരെയും ഞെട്ടിച്ചു. കൂട്ടുകാരിൽ ഒരാൾ അഖിലയുടെ അച്ഛനെ വിളിച്ചു വിവരം പറഞ്ഞു. പരിഭ്രാന്തിയിലായ അശോകൻ അഖിലയെ വിളിച്ചുകൊണ്ടേയിരുന്നു. എന്നാൽ വീട്ടിലേക്ക് തന്നെ മടങ്ങാൻ അഖില കൂട്ടാക്കിയില്ല. ജസീലയുടെ വീട്ടിലേക്ക് തന്നെ പോകാനായിരുന്നു അഖിലയുടെ തീരുമാനം. അഖിലയുടെ മതം മാറാനുള്ള ആഗ്രഹം അശോകനെ വിളിച്ചറിയിച്ചിരുന്നതായും അവളെ അശോകന്റെ വീട്ടിലേക്ക് കൊണ്ടുവരാമെന്ന് അറിയിച്ചതായും അബൂബക്കർ പറഞ്ഞു. എന്നാൽ പെരിന്തൽമണ്ണയിലെത്തി അവളെ കൂട്ടിക്കൊണ്ടുപോകാമെന്നായിരുന്നു അശോകൻ മറുപടി പറഞ്ഞതെന്നും അബൂബക്കർ വ്യക്തമാക്കി.
എന്നാൽ അശോകൻ വരുന്നതിന് മുമ്പ് തന്നെ മഞ്ചേരിയിലെ സത്യസരണിയിൽനിന്നുള്ളവർ അബൂബക്കറിന്റെ വീട്ടിലെത്തി. നാഷണൽ വിമൻസ് ഫ്രണ്ടിന്റെ എ.എസ്. സൈനബ അടക്കമുള്ളവരാണ് എത്തിയത്. എന്നാൽ അവർക്കൊപ്പം വിടാൻ അബൂബക്കർ തയ്യാറായില്ല. അഖിലയോട് സേലത്തെ കോളേജിലേക്ക് തന്നെ പോകാനാണ് അബൂബക്കർ പറഞ്ഞത്. അധികം വൈകാതെ അശോകനെത്തി. എന്നാൽ അപ്പോഴേക്കും അഖില പോയിരുന്നു.
അശോകൻ പെരിന്തൽമണ്ണ പോലീസിൽ കേസ് നൽകി. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജിയും നൽകി. പെരിന്തൽമണ്ണ പോലീസ് അബൂബക്കറിനെ അറസ്റ്റ് ചെയ്തു. രണ്ടു ദിവസം അദ്ദേഹം ജയിലിൽ കിടന്നു. 2019 ജനുവരി 19ന് സൈനബ അഖിലയെ ഹൈക്കോടതിയിൽ ഹാജരാക്കി.
അഖിലയെ സൈനബക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. സത്യസരണിയിൽ പഠനം തുടരാനും അനുമതി നൽകി. സത്യസരണിയിൽനിന്ന് പഠനം പൂർത്തിയാക്കിയ ശേഷം ഹാദിയ എന്ന പേര് സ്വീകരിച്ച് അഖില സൈനബയുടെ വീട്ടിലേക്ക് തന്നെ പോയി. വിവാഹം കഴിക്കണമെന്ന ഹാദിയയുടെ താൽപര്യപ്രകാരം അവളുടെ പേര് വിവാഹ വെബ്‌സൈറ്റിൽ ചേർത്തി. സൈനബ പറയുന്നു.
ഈ പരസ്യം കണ്ടാണ് ഹാദിയയുമായുള്ള വിവാഹാഭ്യർത്ഥന ഷെഫിൻ ജഹാൻ നടത്തുന്നത്. കൊല്ലത്ത്‌നിന്നുളള ഷെഫിൻ ജഹാൻ 2015 മുതൽ മസ്‌ക്കറ്റിലാണ്. അവിടെ ഒരു കമ്പനിയുടെ മാനേജറായി ജോലി നോക്കുകയായിരുന്നു ഇസ്്‌ലാമിക് സ്റ്റഡീസിൽ ബിരുദമുള്ളയാളാണ് ഷെഫിൻ. ഇവരുടെ കുടുംബം പത്തു വർഷത്തിലേറെയായി മസ്‌ക്കറ്റിൽ താമസിച്ചുവരികയാണ്. പിതാവ് ഷാജഹാൻ ഈയിടെ തമിഴ്‌നാട്ടിൽ ബിസിനസ് തുടങ്ങി. സഹോദരി ഷെഹ്്‌ല ജഹാനും മസ്‌ക്കറ്റിൽ നഴ്‌സാണ്.
കഴിഞ്ഞവർഷം നവംബറിലാണ് ഷെഫിൻ ജഹാൻ കേരളത്തിലെത്തിയത്. രണ്ടുമാസത്തെ അവധിയായിരുന്നു. ഈ സമയത്ത് കല്യാണം നടത്താനും നിശ്ചയിച്ചു. സത്യസരണിയുമായി ഷെഫിന് ബന്ധമുണ്ടായിരുന്നു. ഡിസംബർ 19ന് ഷെഫിനുമായുള്ള അഖിലയുടെ വിവാഹം സൈനബയുടെ വീട്ടിൽ വെച്ച് നടന്നു.
വിവാഹം വ്യാജമായിരുന്നില്ലെന്ന് ഷെഫിൻ ആവർത്തിക്കുന്നു. ഹാദിയയെ വിദേശത്തേക്ക് കടത്താനാണ് വിവാഹം ചെയ്തത് എന്ന ആരോപണം ഷെഫിൻ നിഷേധിച്ചു. ഹാദിയയുടെ പിതാവ് അശോകനെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം വരാൻ തയ്യാറായില്ല. എന്റെ ബന്ധുക്കളും കൂട്ടുകാരും വന്നു. പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു-ഷെഫിൻ വ്യക്തമാക്കി.
വിവാഹത്തിൽ സംശയിക്കത്തക്ക ഒന്നുമുണ്ടായിരുന്നില്ലെന്ന് ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരിലൊരാളായ മലപ്പുറം ഡിവൈ.എസ്.പി മോഹനചന്ദ്രനും പറഞ്ഞു. അറേഞ്ച്ഡ് വിവാഹമായിരുന്നു. പള്ളിക്കമ്മിറ്റിയാണ് വിവാഹം നടത്തിക്കൊടുത്തത്. വിവാഹത്തിന് ശേഷം ഹാദിയയെ കോടതിയിൽ ഭർത്താവ് ഷെഫിൻ ജഹാനൊപ്പം ഹാജരാക്കാനാകുമെന്നായിരുന്നു വിവാഹത്തിലൂടെ ഇവർ കണക്ക് കൂട്ടിയത്- ഡിവൈ.എസ്.പി വ്യക്തമാക്കി.
ഷെഫിൻ ജഹാന്റെ പേരിൽ ഒരു ക്രിമിനൽ കേസ് പോലും കണ്ടെത്തിയിട്ടില്ലെന്ന് എസ്.പി സന്തോഷ് പറഞ്ഞു. സംശയകരമായ പണക്കൈമാറ്റവും നടന്നിട്ടില്ല- എസ്.പി പറഞ്ഞു.
കോളേജിൽ പഠിക്കുമ്പോൾ ക്യാംപസ് ഫ്രണ്ടിന്റെ പ്രവർത്തകനായിരുന്നുവെന്ന കാര്യം ഷെഫിൻ ജഹാൻ സമ്മതിക്കുന്നു. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐക്ക് വേണ്ടിയുള്ള ഫെയ്‌സ്ബുക്ക് പേജിന്റെ അഡ്മിനും ഷെഫിനായിരുന്നു. ഈ എഫ്.ബി പേജിനെ ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മാൻസി ബുറാഖി എന്നയാൾ ഫോളോ ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത ഉടൻ ഇയാളെ ഫോളോവേഴ്‌സ് ലിസ്റ്റിൽനിന്ന് ഒഴിവാക്കുകയും ചെയ്തുവെന്ന് ഷെഫിൻ പറഞ്ഞു.
ഷെഫിന് വേണ്ടി അഭിഭാഷകരടക്കമുള്ളവരുടെ സഹായം പോപ്പുലർ ഫ്രണ്ടാണ് ഏർപ്പെടുത്തിയത്. തന്നെ ഭീകരവാദിയായ മുദ്രകുത്താനാണ് പോലീസിന്റെ ശ്രമമെന്ന് ഷെഫിൻ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പാസ്‌പോർട്ട് ഓഫീസിൽനിന്ന് ലഭിച്ച കത്തിൽ എന്തുകൊണ്ടാണ് നാലു ക്രിമിനൽ കേസുകളുണ്ടായിട്ട് മറച്ചുവെച്ചത് എന്നാണ് ചോദിച്ചത്. എന്റെ പേരിൽ ഒരു ക്രിമിനൽ കേസ് മാത്രമാണുള്ളത്. അത് കോളെജ് രാഷ്ട്രീയസംഘർഷവുമായി ബന്ധപ്പെട്ടുള്ളതാണ്.
ഡിസംബർ 21ന് ഹാദിയയെ ഷെഫിൻ ജഹാൻ കോടതിയിൽ ഹാജരാക്കി. എന്നാൽ ഹാദിയയെ ഹോസ്റ്റലിലേക്ക് വിടാനാണ് കോടതി നിർദ്ദേശിച്ചത്. ഹാദിയയുമായി ബന്ധപ്പെടരുതെന്ന് ഷെഫിനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു. മെയ് 24ന് ഇരുവരുടെയും വിവാഹം കോടതി റദ്ദാക്കി.
അതേസമയം, കേരളത്തിൽനിന്നുള്ള നിരവധി യുവാക്കൾ ഐ.എസിൽ ചേർന്നതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ആളുകളെ ഇസ്്‌ലാമിലേക്ക് കൊണ്ടുവരുന്നത് സ്വർഗം നേടാനുള്ള എളുപ്പവഴിയായും ചിലർ കാണുന്നു. കേരളത്തിൽ നേരത്തെയും നിരവധി മതംമാറ്റങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇതൊന്നും സാമൂഹ്യവ്യവസ്ഥയെ കാര്യമായി ബാധിച്ചിരുന്നില്ല. ദമ്മാജ് സലഫിസത്തിന്റെ ആവിർഭാവത്തിന് ശേഷമാണ് ഇക്കാര്യത്തിൽ പ്രകടമായ മാറ്റമുണ്ടായതെന്ന് ഗവേഷകനായ മുഹമ്മദ് റോഷന്‍ അഭിപ്രായപ്പെടുന്നു. ഈ വിവാദത്തിൽനിന്ന് ചില മുസ്ലിം ഹൈന്ദവ ഗ്രൂപ്പുകൾ മുതലെടുപ്പ് നടത്തുകയാണെന്നാണ് രാഹുൽ ഈശ്വർ അഭിപ്രായപ്പെടുന്നത്.
ഹാദിയയെ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്നതിനായി കൗൺസെലിംഗ് ചെയ്തതായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഷ വിദ്യാ സമാജം നേതാവ് കെ.ആർ മനോജ് വെളിപ്പെടുത്തി. ഈ വർഷം തുടക്കത്തിൽ ഹാദിയയെയും അവരുടെ രക്ഷിതാക്കളെയും ആർഷ വിദ്യാ സമാജത്തിന്റെ പ്രവർത്തകർ സന്ദർശിച്ചിരുന്നു. നിരവധി പേരെ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞെങ്കിലും ഹാദിയ തങ്ങളുടെ പരാജയപ്പെട്ട പദ്ധതിയായിരുന്നു. കൗൺസെലിംഗുമായി സഹകരിക്കാൻ അവൾ തയ്യാറായില്ല. 2009 മുതൽ 3000ത്തോളം പേരെ തിരികെ ഹിന്ദു മതത്തിലേക്ക് ആർഷ വിദ്യാ സമാജം കൊണ്ടുവന്നതായും മനോജ് പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് അംഗങ്ങളുടെ ട്രസ്റ്റാണ് മഞ്ചേരിയിലെ മർക്കസുൽ ഹിദായ നടത്തുന്നത്. സത്യസരണി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. സത്യസരണയിൽ മതംമാറ്റം നടക്കുന്നില്ലെന്ന് മാനേജർ മുഹമ്മദ് റാഫി പറഞ്ഞു. നിഗൂഢമായി ഒന്നുമില്ല. ഇസ്ലാം മതം സ്വമേധയാ സ്വീകരിക്കുന്നുവെന്നുളള നോട്ടറി പബ്ലിക്കിൽനിന്നുള്ള സത്യവാങ്മൂലവുമായി വരുന്നവരെ മാത്രമാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. ഈ സ്ഥാപനം പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. ഇവിടുത്തെ അന്തേവാസികളെ പോലീസ് ആവശ്യപ്പെടുന്ന മുറക്ക് ഹാജരാക്കാറുണ്ട്. ഏറ്റവുമൊടുവിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇവിടെ 52 പേരെയാണ് കണ്ടെത്തിയത്. ഇതിൽ 28 പേർ ഹിന്ദു മതത്തിൽനിന്നും 16 പേർ ക്രിസ്തുമതത്തിൽനിന്നും ഉള്ളവരായിരുന്നു. കഴിഞ്ഞ വർഷം 447 പേരാണ് ഇവിടെ പഠിക്കാനെത്തിയത്. ഈ വർഷം ഇതേവരെ 264 പേരുമെത്തി.
കഴിഞ്ഞയാഴ്ച്ചയാണ് ഹാദിയ കേസിൽ സുപ്രീം കോടതി എൻ.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹാദിയയുമായി സംസാരിച്ചിട്ട് എട്ടുമാസമായെന്ന് ഷെഫിൻ പറയുന്നു.
ഇതിനിടെ നിരവധി തവണ ഹാദിയയെ കോടതിയിൽ ഹാജരാക്കി. ഹാദിയയോട് സംസാരിക്കാൻ അവളുടെ ബന്ധുക്കളോ പോലീസോ അനുവദിക്കുന്നില്ല. അവൾക്ക് ഫോണില്ല. കൊല്ലത്ത്‌നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെയുളള ചന്ദനത്തോപ്പ് എന്ന സ്ഥലത്ത് അമ്മാവനൊപ്പമാണ് ഷെഫിൻ താമസിക്കുന്നത്. മസ്‌ക്കറ്റിലെ ജോലി നഷ്ടമായി.
ഈ കേസിൽ കുറ്റകരമായ എന്തെങ്കിലും കണ്ടെത്താൻ തങ്ങൾക്ക് സാധിച്ചിട്ടില്ലെന്നാണ് എസ്.പി സന്തോഷ് ആവർത്തിക്കുന്നത്. ആർക്കെങ്കിലും എതിരെ കേസെടുക്കാവുന്ന വകുപ്പുകളൊന്നുമില്ല. സ്വന്തം ഇഷ്്ടപ്രകാരമാണ് മുസ്ലിം ആയത് എന്ന പ്രസ്താവന നിരവധി തവണ ഹാദിയ നൽകിയിട്ടുണ്ട്. അവൾ അതിൽ ഉറച്ചുനിൽക്കുന്ന കാലത്തോളം ആർക്കെതിരെയും കേസെടുക്കാനാകില്ല. ഇനി എൻ.ഐ.എ അന്വേഷിക്കട്ടെ. സന്തോഷ് കുമാർ പറഞ്ഞു.
ഷെഫിൻ തന്റെ ഫോണിൽ ഈയിടെ ഹാദിയ അവളുടെ അമ്മയുടെ ഫോണിൽനിന്നയച്ച സന്ദേശം കാണിച്ചു.
അതിങ്ങനെയാണ്..
ഹെൽപ് മീ...ഹാദിയ@അഖില.