നജ്‌റാന്‍ - നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റിലെ കാലിയായ സ്റ്റാന്റുകളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് പ്രവിശ്യയില്‍ ഭക്ഷ്യക്ഷാമം തുടങ്ങിയതായി പ്രചരിപ്പിച്ച പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ നജ്‌റാന്‍ ഗവര്‍ണര്‍ ജലവി ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുസാഅദ് രാജകുമാരന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
നജ്‌റാനിലെ മതാജിര്‍ അല്‍വാദിയില്‍ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കാലിയായ സ്റ്റാന്റുകളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആണ് പ്രതി ചിത്രീകരിച്ച് പുറത്തുവിട്ടത്. രണ്ടു മണിക്കൂറിനകം പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് സുരക്ഷാ വകുപ്പുകള്‍ക്ക് സാധിച്ചു.
വീഡിയോ ശ്രദ്ധയില്‍ പെട്ടയുടന്‍ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തി നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തിയിരുന്നു. സ്ഥാപന ഉടമയുമായി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സംസാരിക്കുകയും ചെയ്തു. സ്ഥാപനത്തില്‍ നിത്യോപയോഗ വസ്തുക്കളുടെ വന്‍ ശേഖരമുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. സ്ഥാപനത്തില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റു നിത്യോപയോഗ വസ്തുക്കളുടെയും മതിയായ ശേഖരമുള്ളത് വ്യക്തമാക്കുന്ന വീഡിയോ നജ്‌റാന്‍ ഗവര്‍ണറേറ്റ് പിന്നീട് പുറത്തുവിട്ടു.
സ്ഥാപനത്തില്‍ ഗാര്‍ഹികോപകരണങ്ങളും ശുചീകരണ വസ്തുക്കളും വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്നതിന് വിപുലീകരിച്ച ഭാഗത്ത് പുതുതായി സ്ഥാപിച്ച സ്റ്റാന്റുകളുടെ ദൃശ്യങ്ങളാണ് നിത്യോപയോഗ വസ്തുക്കള്‍ തീര്‍ന്നതിനാല്‍ കാലിയായ സ്റ്റാന്റുകളാണെന്ന വ്യാജേന പ്രതി ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പുതിയ സാഹചര്യത്തില്‍ സമൂഹത്തില്‍ ഭീതി പരത്തുന്നതിന് ലക്ഷ്യമിട്ട് വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ട പ്രതിക്കെതിരെ തടവും പിഴയും അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും.