ജിദ്ദ- കൊറോണ ജാഗ്രതയുടെ ഭാഗമായി സൗദിയില്‍ സ്കൂളുകള്‍ അടച്ചിട്ട പശ്ചാത്തലത്തില്‍ ഇന്‍റർ നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ 10 മുതല്‍ 12 വരെ ക്ലാസിലുള്ള വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. ഓരോ വിഷയത്തിനും ക്ലാസ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും ടൈം ടേബിള്‍ തയാറാക്കിയുമാണ് ക്ലാസുകള്‍ തുടരുന്നത്. വിവിധ ആപ്ലിക്കേഷനുകളിലൂടെയാണ് ഏതാനും ദിവസങ്ങളിലായി ക്ലാസുകള്‍ തുടരുന്നുത്.
അതിനിടെ, വ്യാജ ഐ.ഡികളില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കയറി ശല്യം ചെയ്ത സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർന്ന് ഇത്തരം വിദ്യാർഥികളെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ടി.സി നല്‍കി പുറത്താക്കുമെന്നും പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്‍ മുന്നറിയിപ്പ് നല്‍കി. വെർച്വല്‍ ക്ലാസുകളിലും അച്ചടക്കം പുലർത്തണമെന്നും ക്ലാസ് ടീച്ചർമാരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നുമാണ് മുന്നറിയിപ്പ്.