Sorry, you need to enable JavaScript to visit this website.

ഹുറൂബാക്കിയവർക്ക് ലെവി ഇളവില്ല -ജവാസാത്ത്

റിയാദ് - തൊഴിൽ സ്ഥലങ്ങളിൽ നിന്ന് ഒളിച്ചോടിയതായി തൊഴിലുടമകൾ റിപ്പോർട്ട് ചെയ്ത (ഹുറൂബാക്കൽ) വിദേശ തൊഴിലാളികൾക്ക് കൊറോണ വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ തരണം ചെയ്യുന്നതിന് പ്രഖ്യാപിച്ച ഉത്തേജക പദ്ധതിയുടെ ഭാഗമായ ലെവി ഇളവ് അനുകൂല്യം ലഭിക്കില്ലെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ലെവി ഇളവ് ആനുകൂല്യം ഹുറൂബുകാർക്കു ലഭിക്കുമോയെന്ന അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം ജവാസാത്ത് വ്യക്തമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ഉത്തേജക പദ്ധതി പ്രഖ്യാപിച്ചത്. 


മാർച്ച് 20 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ ഇഖാമ കാലാവധി അവസാനിക്കുന്ന വിദേശികൾക്ക് മൂന്നു മാസത്തേക്കാണ് ലെവി ഇളവ് നൽകുന്നത്. ലെവിയില്ലാതെ ഇവരുടെ ഇഖാമ മൂന്നു മാസത്തേക്ക് ദീർഘിപ്പിച്ചു നൽകുകയാണ് ചെയ്യുക. 12,000 കോടിയിലേറെ റിയാലിന്റെ ഉത്തേജക പദ്ധതിയാണ് സൗദി ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 20 മുതൽ ജൂൺ 30 വരെയുള്ള കാലത്ത് ഇഖാമ കാലാവധി അവസാനിക്കുന്ന വിദേശികൾക്ക് ലെവി ഇളവ് ലഭിക്കും. ഇവരുടെ ഇഖാമ ലെവിയില്ലാതെ പുതുക്കി നൽകുമെന്നും ഈ ആനുകൂല്യം സൗദി അറേബ്യക്കകത്ത് കഴിയുന്ന വിദേശികൾക്കും നിലവിൽ രാജ്യത്തിനു പുറത്തു കഴിയുന്നവർക്കും ഒരുപോലെ ലഭിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് സൂചന നൽകി. ലെവി ഇളവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഔദ്യോഗിക പ്രസ്താവനയിലൂടെ പിന്നീട് അറിയിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. 


 

Latest News