റിയാദ് - കൊറോണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയ നിയമ ലംഘനങ്ങളിൽ വാണിജ്യ മന്ത്രാലയവും ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷനും അന്വേഷണം ആരംഭിച്ചു. വിപണിയിൽ കൃത്രിമ ക്ഷാമമുണ്ടാക്കുന്നതിനും വില ഉയർത്തുന്നതിനും അണുനാശിനികളും മാസ്‌കുകളും മറ്റു ഉൽപന്നങ്ങളും പൂഴ്ത്തിവെക്കുകയും ഇറക്കുമതി വ്യാപാരികളും സ്ഥാപനങ്ങളും പരസ്പര ധാരണയോടെ വില ഉയർത്തുകയും ചെയ്തത് അടക്കമുള്ള നിയമ ലംഘനങ്ങളിലാണ് ഇരു വകുപ്പുകളും അന്വേഷണം നടത്തുന്നത്.
അന്യായമായ വിലക്കയറ്റങ്ങളെയും പൂഴ്ത്തിവെപ്പുകളെയും കുത്തകവൽക്കരണത്തെയും മറ്റു നിയമ ലംഘനങ്ങളെയും കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ് വഴിയോ 1900 എന്ന നമ്പറിൽ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ മന്ത്രാലയത്തിന്റെയും ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ വെബ്‌സൈറ്റുകൾ വഴിയോ അറിയിക്കണമെന്ന് വാണിജ്യ മന്ത്രാലയവും ജനറൽ അതോറിറ്റി ഓഫ് കോംപറ്റീഷനും ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.
അണുനാശിനികളുടെയും മാസ്‌കുകളുടെയും വില വാണിജ്യ മന്ത്രാലയം നിർണയിച്ചിട്ടുണ്ട്. 50 മുതൽ 75 മില്ലി വരെ ശേഷിയുള്ള അണുനാശിനി ബോട്ടിലിന്റെ പരമാവധി വില 14 റിയാലായും 90 മുതൽ 120 മില്ലി വരെ ശേഷിയുള്ള അണുനാശിനി ബോട്ടിലിന്റെ കൂടിയ വില 20 റിയാലായും 200 മുതൽ 250 വരെ മില്ലി ശേഷിയുള്ള അണുനാശിനി ബോട്ടിലിന്റെ പരമാവധി വില 26 റിയാലായുമാണ് മന്ത്രാലയം നിർണയിച്ചിരിക്കുന്നത്.
രണ്ടു ലെയറുകൾ അടങ്ങിയ ഒരു മാസ്‌കിന്റെ വില 50 ഹലലയും ഒരു ബോക്‌സിന്റെ വില 25 റിയാലും മൂന്നു ലെയറുകൾ അടങ്ങിയ മാസ്‌കിന്റെ വില ഒരു റിയാലായും ഒരു ബോക്‌സിന്റെ വില 35 റിയാലായും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. ഒരു ഉപയോക്താവിന് ഒരു ബോട്ടിൽ അണുനാശിനി മാത്രമാണ് വിൽക്കുന്നതിന് അനുമതിയുള്ളത്. ഒരു ഉപയോക്താവിന് പരമാവധി 50 മാസ്‌കുകൾ അടങ്ങിയ ഒരു ബോക്‌സ് മാസ്‌കിൽ കൂടുതൽ വിൽക്കാനും പാടില്ലെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.