മനാമ - കൊറോണ ബാധിച്ച് ബഹ്‌റൈനിൽ സ്വദേശി വനിത മരണപ്പെട്ടതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 51 വയസ്സ് പ്രായമുള്ള ഇവർക്ക് വിട്ടുമാറാത്ത മറ്റു രോഗങ്ങളും ബാധിച്ചിരുന്നു. വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ ഐസൊലേഷൻ സെന്ററിൽ ചികിത്സയിലിരിക്കേയാണ് സ്വദേശി വനിത മരണപ്പെട്ടത്. ഇറാനിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചത്. ഇറാനിൽ നിന്ന് ഇവരെ നേരത്തേ പ്രത്യേക വിമാനത്തിൽ ഒഴിപ്പിക്കുകയായിരുന്നു.
ബഹ്‌റൈനിൽ ഒരു സ്വദേശി വനിത കൂടി കൊറോണ ബാധിച്ച് മരണപ്പെട്ടതോടെ രാജ്യത്ത് കൊറോണ പിടിപെട്ട് മരിക്കുന്നവരുടെ എണ്ണം രണ്ടായി ഉയർന്നു. ദിവസങ്ങൾക്കു മുമ്പ് മറ്റൊരു സ്വദേശി വനിതയും രോഗം ബാധിച്ച് മരിച്ചിരുന്നു. ബഹ്‌റൈനിൽ പുതുതായി 11 പേരുടെ കൂടി രോഗം ഭേദമായിട്ടുണ്ട്. ഇവരെ ഐസൊലേഷൻ, ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ഭേദമായവരുടെ എണ്ണം 160 ആയി ഉയർന്നതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിൽ പുതുതായി മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 337 ആയി ഉയർന്നു. ഗൾഫിൽ ഇതുവരെ കൊറോണ ബാധിച്ച് നാലു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബഹ്‌റൈനു പുറമെ യു.എ.ഇയിലും കൊറോണ ബാധിച്ച് രണ്ടു പേർ മരണപ്പെട്ടതായി ദിവസങ്ങൾക്കു മുമ്പ് യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.