മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ പ്രതിയായ ശ്രീ റാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാനുള്ള സർക്കാർ തീരുമാനത്തെ പറ്റി പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബ് എഴുതുന്നു.
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ശ്രീറാം വെങ്കട്ടരാമൻ എന്ന ഐ എ എസ് ഉദ്യോഗസ്‌ഥൻ മദ്യപിച്ചു അമിതവേഗത്തിൽ വണ്ടിയോടിച്ചു കൊലപ്പെടുത്തി, അതിനുശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു എന്ന കേസിൽ ഒരൊറ്റ താല്പര്യമേ എനിക്കുണ്ടായിരുന്നുള്ളൂ: അയാളുടെ പേരിലുള്ള കേസിൽ കൃത്യമായ അന്വേഷണം നടന്നോ? സംഭവം നടന്നതിനുശേഷം പോലീസ് കാണിച്ച ഗുരുതരമായ തരികിടകളി കണ്ടപ്പോൾ അന്വേഷണം എവിടെയെത്തും എന്ന കാര്യത്തിൽ വലിയ സംശയമുണ്ടായിരുന്നു.
പക്ഷെ കേസിലെ കുറ്റപത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മറ്റൊരു ചിത്രമാണ് നൽകിയത്.
ശ്രീരാം മദ്യപിച്ച് അതിവേഗതയിൽ വണ്ടിയോടിച്ചു ഒരാളെ ഇടിച്ചുകൊന്നു എന്നാണു കുറ്റപത്രം; അയാൾ കിംസ് ആശുപത്രിയിൽ വച്ച് വൈദ്യപരിശോധനയ്ക്കു വിസമ്മതിച്ചു എന്ന അവിടത്തെ നഴ്‌സിന്റെ മൊഴി കുറ്റപത്രത്തിൽ ഉണ്ട്. അക്കാര്യം കെയ്‌സ് ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്: ഇതാണ് അറിയുന്നത്.
എന്നുവച്ചാൽ രക്ത പരിശോധന നടത്താതെയിരുന്നതുകൊണ്ടുമാത്രം അയാൾ കേസിൽ രക്ഷപ്പെടില്ല; അയാൾ രക്തപരിശോധനയ്ക്കു വിസമ്മതിച്ചു എന്ന് കോടതിയിൽ തെളിയിക്കാനായാൽ മതി. അതിനുള്ള തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്; അത് കോടതിയിൽ എത്തിച്ചാൽ മതി.
മദ്യപിച്ച് വണ്ടിയോടിച്ചു ആളെ കൊന്നു എന്ന ആരോപണം നേരിടുന്ന ആൾ നിയമപരമായി വിധേയനാകേണ്ട വൈദ്യപരിശോധനയ്ക്കു വിസമ്മതിച്ചപ്പോൾ അതയാളുടെ അവകാശമാണ് എന്ന് അന്നത്തെ പോലീസ് ഡപ്യൂട്ടി കമ്മീഷണർ പറഞ്ഞ കാര്യം ഇപ്പോഴും അവിടെ കിടപ്പുണ്ട്.
എന്നുവച്ചാൽ ആദ്യ തരികിടകൾക്കുശേഷം പോലീസ് ന്യായമായി കേസന്വേഷിച്ചിട്ടുണ്ട്; കുറ്റപത്രം കൊടുത്തിട്ടുണ്ട്.
ഇതിവിടെവരെ എത്തുമെന്നുപോലും ഞാൻ വിചാരിച്ചതല്ല. ഇനിയും വിചാരണവേളയിൽ അട്ടിമറിക്കപ്പെടാതിരുന്നാൽ മതി.
അതിന്റെ സാധ്യതകൾ ഇല്ലാതില്ല. ഒരു മനുഷ്യനെ കസ്റ്റഡിയിൽവെച്ച് അടിച്ചുകൊന്ന കേസിൽ എഫ് ഐ ആറിൽ പേരുണ്ടായിരുന്ന ഒരു സിവിൽ സർവീസുകാരൻ ഒരു പോറൽ പോലും ഇല്ലാതെ റിട്ടയർ ചെയ്തു; മറ്റൊരാൾ സംസ്‌ഥാന പോലീസിന്റെ അതിപ്രധാന തസ്തികയിൽ ഇരിക്കുന്നു.
ഈ കേസിൽത്തന്നെ തലസ്‌ഥാനത്തെ ഉദ്യോഗസ്‌ഥവർഗ്ഗവും ഡോക്ടർമാരും ആശുപത്രികളുംകൂടി കളിച്ച കളികൾ നമ്മൾ കണ്ടതാണ്; ഇങ്ങിനെ ഒരു കേസിലെ പ്രതിയ്ക്ക് ജയിലിന്റെ വാതിൽ പോലും കാണേണ്ടി വന്നില്ല എന്നവർ ഉറപ്പാക്കിയതും നമ്മൾ കണ്ടതാണ്.
എന്നിട്ടും കേസ് ഇത്രയും എത്തിയെങ്കിൽ അതിൽ സർക്കാരിന്റെ താൽപ്പര്യം ഉണ്ടായിരുന്നിരിക്കണം. ആ താൽപ്പര്യം കേസിന്റെ വിചാരണവേളയിലും ഉണ്ടായാൽ ഈ കേസിൽ നീതി നടപ്പാക്കപ്പെടും. അതുകൊണ്ടുതന്നെ ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ, ബഷീറിന്റെ ഒരു സഹജീവി എന്ന നിലയിൽ , ജോലി കഴിഞ്ഞു അർധരാത്രി വീട്ടിൽ പോകുന്ന മറ്റൊരു തൊഴിലാളി എന്ന നിലയിൽ എനിക്ക് പ്രതീക്ഷയുണ്ട്.
---
ഇപ്പോൾ അയാളെ സർവീസിൽ തിരിച്ചെടുക്കുന്നു. വാർത്തകൾ അനുസരിച്ച് കോവിഡ് പ്രതിരോധത്ത്നുള്ള സെല്ലിന്റെ ചുമതലയിൽ. തീരുമാനം വന്നതായി അറിയില്ല; അതാണ് തീരുമാനമെങ്കിൽ സാധാരണ മനുഷ്യർക്ക് അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും.
എന്തിനും ഒരു കൂളിംഗ് ഓഫ് പീരിയഡ് ഉണ്ട്. രഞ്ജൻ ഗോഗോയ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടപ്പോൾ ആളുകൾ വാ പൊളിച്ചുപോയത് അയാൾ റിട്ടയർ ചെയ്തു മാസങ്ങൾക്കുശേഷം അതുനടന്നു എന്നാണ്. സാധാരണ മനുഷ്യർക്ക് ഇപ്പോഴും ബഷീർ ഒരു തീരാവേദനയാണ്. അതിനുത്തരവാദിയായ മനുഷ്യനെ ഇപ്പോൾ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നപരിഹാരത്തിന്റെ ചുമതലയിൽ വെക്കുക എന്ന് പറഞ്ഞാൽ അത് നാട്ടുകാരെ പരിഹസിക്കുന്നതിനു തുല്യമായിരിക്കും.
അപകടം പറ്റിയതിനുശേഷം അയാൾ കാണിച്ച വിക്രിയകൾ സാധാരണ മനുഷ്യർക്ക് പോലും ചേർന്നതല്ല; ഒരു സിവിൽ സർവന്റിന് ഒട്ടുമല്ല. അധികാരത്തിന്റെ അവസാന ചരടും വലിച്ചാണ് അയാൾ അന്ന് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചത്. അതൊക്കെ തിരുവനന്തപുരത്തെ മനുഷ്യർക്കും പോലീസുകാർക്കും ഒക്കെ നന്നായി അറിയാം. ഒരുതരം കോമ്പ്രോമൈസ്ഡ് ഇന്റഗ്രിറ്റി--അതിന്റെ മലയാളം വരുന്നില്ല--യുമായാണ് അയാൾ തിരികെ വരുന്നത്. അയാളെ ലൈം ലൈറ്റിൽ നിർത്തണം എന്ന് സർക്കാർ എന്തിനാണ് നിർബന്ധം പിടിക്കുന്നത്? ഒരുദ്യോഗസ്‌ഥന്റെ സേവനം വിനിയോഗിക്കാൻ സർക്കാരിന് എത്രമാത്രം വഴികളുണ്ട്!
ഈ ഉദ്യോഗസ്‌ഥന്റെ മെഡിക്കൽ ബിരുദങ്ങളാണ് ചിലർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ന്യായം. ഭരണം നടത്തുന്നത് സ്പെഷ്യലിസ്റ്റുകളല്ല എന്ന് അവർ ഓർക്കണം. ബി എ കാരനായ മുഖ്യമന്ത്രിയും പ്രൈമറി സ്‌കൂൾ ടീച്ചറായ ആരോഗ്യമന്ത്രിയും ചേർന്ന് ഇവിടെവരെ എത്തിച്ചു എങ്കിൽ ഇനി മെഡിക്കൽ - ഹാർവർഡ് ബിരുദക്കാരൻ വേണം എന്നൊക്കെ പറയുന്നത് ശുദ്ധ ഭോഷ്കാണ്. കൺസൾട്ടൻസി വേണമെങ്കിൽ സർക്കാർ കാശുകൊടുത്തു വാങ്ങണം; കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും.
വലിയവരുടെ വണ്ടിച്ചക്രത്തിൽ കുടുങ്ങിപ്പോകുന്ന സാധാരണ മനുഷ്യരുടെ കാര്യത്തിൽ ഏതുക്രമത്തിലും വലിയ മാറ്റമൊന്നുമില്ല എന്ന ഖേദം ഇപ്പോഴും ഓരോ പൗരനിലും ബാക്കിനിൽക്കുന്നു. എന്നിട്ടും അവരുടെ വാഹനങ്ങൾ വലിയ അലോസരങ്ങളില്ലാതെ അങ്ങിനെ ഒഴുകിനീങ്ങുന്നു എന്നും.
ആ ബോധത്തെ ശക്തിപ്പെടുത്തുന്ന നടപടികൾ സർക്കാർ എടുക്കുന്നത് ശരിയല്ല. അതും ഈ കേസ് ഇവിടെവരെയെത്തിച്ച സർക്കാർ.