തിരുവനന്തപുരം- മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമനെ കൊറോണ വൈറസ് വ്യാപനത്തിന്റെ മറവില്‍ തിരിച്ചെടുത്തത് പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതിന് തുല്യമെന്ന് രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സര്‍വീസില്‍ തിരിച്ചെടുത്തത് ശരിയായ രീതിയല്ല. കൊറോണ ഒരു സൗകര്യമായി എടുത്താണ് പല നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ടിപി കേസിലെ പ്രതി കുഞ്ഞനന്തന് ജാമ്യം കൊടുത്തതും ഇതുപോലെയാണ്. പുറത്ത് നില്‍ക്കേണ്ട ശ്രീറാം വെങ്കിട്ടരാമന്‍ അകത്തും അകത്ത് കിടക്കേണ്ട കുഞ്ഞനന്തനെ പുറത്തും നിര്‍ത്തിയിരിക്കുകയാണ് സര്‍ക്കാരെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പിലാണ് പുനര്‍ നിയമനം നല്‍കിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനുള്ള ചുമതലയാണ് നല്‍കിയത്. പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായതോടെ 2019 ആഗസ്ത് അഞ്ചിനാണ് അന്വേഷണ വിധേയമായി ശ്രീറാമിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. ശ്രീരാമിന്റെ നിയമനം നീട്ടിക്കൊണ്ടുപോയാല്‍ കോടതിയില്‍നിന്ന് തിരിച്ചടി നേരിടുമെന്ന് വിദദ്ഗോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.